ദോഹ: ഖത്തറിൽ ഇനി മുതൽ ഗാർഹികത്തൊഴിലാളികൾക്ക് തൊഴിൽക്കരാർ നിർബന്ധമാക്കുന്നതടക്കമുള്ള പുതിയ നിയമത്തിന് അംഗീകാരമായി. താഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന പുതിയ നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആണ് അംഗീകാരം നൽകിയത്.

പുതിയ നിയമ പ്രകാരം സ്പോൺസർക്കൊപ്പം വീടുകളിൽ താമസിച്ച് ജോലിചെയ്യുന്ന ഗാർഹികത്തൊഴിലാളികൾ കരാറിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാകണം ജോലി ചെയ്യേണ്ടത്. ഗാർഹികത്തൊഴിലാളികളെ അംഗീകൃത തിരഞ്ഞെടുപ്പ് ഏജൻസികൾക്ക് മാത്രമേ തിരഞ്ഞെടുക്കാൻ അവകാശമുള്ളൂ. പതിനെട്ടുവയസ്സിൽ താഴെയും
അറുപതു വയസ്സിന് മുകളിലും ഉള്ളവരെ വീട്ടുജോലിക്കായി തിരഞ്ഞെടുക്കാൻ പാടില്ല. തൊഴിലാളികളുടെ എൻഡ് ഓഫ് സർവീസ് ആനുകൂല്യമായി കുറഞ്ഞത് മൂന്നാഴ്ചയിലെ വേതനം ബോണസായി നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. ഭക്ഷണം, ശരിയായ താമസം, വൈദ്യപരിചരണം എന്നിവയെല്ലാം തൊഴിലാളികൾക്ക് നൽകിയിരിക്കണം.തൊഴിലാളികളുടെ അനുമതിയില്ലാതെ രാജ്യത്തിനുപുറത്ത് അവരെക്കൊണ്ട് ജോലിചെയ്യിക്കാൻ പാടില്ല. പ്രാർത്ഥന, ഭക്ഷണം, വിശ്രമം എന്നിവയ്ക്കുള്ള
ഇടവേളകൾ ഉൾപ്പെടെ ഗാർഹികത്തൊഴിലാളികളുടെ ജോലിസമയം പരമാവധി പത്തു മണിക്കൂർ ആയിരിക്കണം. ശമ്പളം ബാങ്കുവഴിമാത്രമേ പാടുള്ളൂ. അല്ലാത്തപക്ഷം തൊഴിലുടമ പതിനായിരം റിയാൽ പിഴ നൽകേണ്ടിവരും. തൊഴിലാളികൾ അസുഖബാധിതരായിരിക്കുന്ന സമയത്തും വിശ്രമ സമയങ്ങളിലും അവരെക്കൊണ്ട് ജോലിചെയ്യിക്കാൻ പാടില്ല.

ഗാർഹികത്തൊഴിലാളികൾ സ്പോൺസറുടെ മേൽനോട്ടത്തിൽ വേതനാടിസ്ഥാനത്തിലും തൊഴിൽക്കരാർ പ്രകാരവുമാകണം ജോലിചെയ്യാൻ. ഡ്രൈവർമാർ, നാനികൾ, പാചകക്കാർ, പൂേന്താട്ടജോലിക്കാർ തുടങ്ങിയവരെയാണ് ഗാർഹിക ത്തൊഴിലാളികളായി കണക്കാക്കു ന്നത്. വീട്ടുസഹായികൾ നേരിടുന്ന നിരവധിപ്രശ്നങ്ങളെ നിയന്ത്രിക്കുന്ന നിരവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് നിയമം. ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതോടെ നിയമം പ്രാബല്യത്തിലാകും.