ഡബ്ലിൻ: തലസ്ഥാനത്തെ വീടുവിലയുമായി കിടപിടിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനു പുറത്ത് വീടുവിലയിൽ വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. മുൻ മാസങ്ങളിൽ ഡബ്ലിൻ ഒഴികെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ വീടു വിലയിൽ വൻകുതിപ്പാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്നു മാസത്തിൽ ഡബ്ലിനിൽ വീടുവിലയിൽ മൂന്നു ശതമാനം വർധന രേഖപ്പെടുത്തുമ്പോൾ മറ്റിടങ്ങളിൽ 13 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം ഡബ്ലിനിൽ വീടുവില 25 ശതമാനം രേഖപ്പെടുത്തിയപ്പോൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ വെറും രണ്ടു ശതമാനം മാത്രമായിരുന്നു വീടുവിലയിൽ വർധനയുണ്ടായത്.

മോർട്ട്‌ഗേജ് നിയമങ്ങളിൽ ഉണ്ടായ മാറ്റമാണ് ഇതിനു പിന്നിലെന്ന വാദത്തെ പക്ഷേ ഡ്രാഫ്റ്റ് ഡോട്ട് ഐഇ എന്ന വെബ് സൈറ്റ് ഉടമ റോനൻ ലിയോൺസ് തിരുത്തുന്നു. വിപണിയിൽ വീടുകളുടെ ലഭ്യത കുറഞ്ഞതായിരിക്കാം വിലയിൽ ഇത്രയും കുതിപ്പ് അനുഭവപ്പെടാൻ കാരണമെന്നാണ് ലിയോൺസ് വ്യക്തമാക്കുന്നത്. സൗത്ത് കൗണ്ടി ഡബ്ലിനിൽ ശരാശരി വീടുവില ഇപ്പോൾ 514,845 യൂറോ ആയിരിക്കുകയാണ്. മീത്തിനെക്കാൾ ഏതാണ്ട് മൂന്നു ലക്ഷം യൂറോയെക്കാളും ഏറിയതാണിത്. 12 മാസത്തെ കാലയളവിനുള്ളിൽ 15.3 ശതമാനമാണ് വില വർധിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ ഒന്നിലെ കണക്കനുസരിച്ച് വിപണിയിൽ ലഭ്യമായിട്ടുള്ളത് 25,000 വീടുകൾ മാത്രമാണ്. 2006 നു ശേഷം ഏറ്റവും കുറവ് വീടുകളുടെ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്. വീടു നിർമ്മാണത്തിൽ വന്നിരിക്കുന്ന ചെലവു വർധന ചുരുക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ചാലേ വീടുകളുടെ എണ്ണം വർധിക്കുകയുള്ളൂവെന്നാണ് ലിയോൺസ് ചൂണ്ടിക്കാട്ടുന്നത്.