സ്റ്റോക്ക്‌ഹോം: യൂറോപ്യൻ യൂണിയനിൽ വീടു വിലയിൽ ഏറ്റവും കുതിച്ചുചാട്ടം സ്വീഡനിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽ മൊത്തം വീടുവിലയിൽ നേരിയ വർധന അനുഭവപ്പെട്ടപ്പോൾ സ്വീഡനിൽ വീടുവില റോക്കറ്റ് പോലെ കുതിക്കുകയാണെന്നാണ് വിലയിരുത്തൽ.

2015-ൽ യൂറോപ്യൻ യൂണിയനിൽ വീടുവിലയിൽ 3.8 ശതമാനം വില വർധനയാണ് നേരിടേണ്ടി വന്നത്. അതേസമയം സ്വീഡനിൽ ഇത് 14.2 ശതമാനമായിരുന്നു. വീടുവില ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വീഡൻ അങ്ങനെ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. യൂറോസ്റ്റാറ്റ് ആണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.

യൂറോസ്റ്റാറ്റ് റിപ്പോർട്ട് പ്രകാരം വീടു വില വർധനയുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ഹംഗറിക്കും മൂന്നാം സ്ഥാനം യുകെയ്ക്കുമാണ്. ഹംഗറിയിൽ ഇത് 10.3 ശതമാനവും യുകെയിൽ 7.1 ശതമാനവുമാണെന്നാണ് യൂറോസ്റ്റാറ്റ് റിപ്പോർട്ട്. വീടു വിലയിലുണ്ടായ വർധന മാത്രമല്ല, വിലയിടിവും യൂറോസ്റ്റാറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വീടുവില ഇടിഞ്ഞത് സൈപ്രസിലാണ്. ഇറ്റലി, ക്രൊയേഷ്യ എന്നീ രാജ്യങ്ങളാണ് വീടുവില ഇടിഞ്ഞകാര്യത്തിൽ രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്.

സ്വീഡനിൽ വീടുവില കുത്തനെ ഉയർന്നു നിൽക്കുന്നതു മൂലം ആദ്യമായി വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വൻ കടമ്പ തന്നെയാണ്. വീടുകൾക്കൊപ്പം തന്നെ അപ്പാർട്ട്‌മെന്റ് വിലയും ഇവിടെ ഉയർന്നു തന്നെയാണ്.