കാൻബറ: ഓസ്‌ട്രേലിയയിൽ മറ്റേതു തലസ്ഥാന നഗരിയേക്കാളും കാൻബറയിൽ വീടു വില കുതിക്കുന്നുവെന്ന് റിപ്പോർട്ട്. മൂന്നു വർഷത്തിനുള്ളിൽ കാൻബറയിൽ വീടുവിലയിൽ വൻ വർധനയാണ് നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2020 ജൂൺ മാസത്തോടെ വീടുവിലയിൽ 16 ശതമാനം വർധനയാണ് ഉണ്ടാകുന്നതെന്നാണ് പ്രവചനം.

വീടുവില വർധനയിൽ കാൻബറയാണ് മുന്നിട്ടു നിൽക്കുന്നതെങ്കിലും തൊട്ടുപിന്നിൽ ഹോബാർട്ടാണ്. ഇതേ കാലയളവിൽ ഹോബാർട്ടിൽ 10.8 ശതമാനം വർധനയായിരിക്കും നേരിടുക. അതേസമയം സിഡ്‌നി, ഡാർവിൻ എന്നിവിടങ്ങളിൽ വീടുവില താഴാനാണ് സാധ്യത. യഥാക്രമം 0.2 ശതമാനം, 0.9 ശതമാനം എന്ന തോതിലായിരിക്കും ഇവിടങ്ങളിൽ വീടുവില താഴുന്നതെന്നാണ് റിപ്പോർട്ട്.

2020 ജൂൺ ആകുമ്പോഴേയ്ക്കും കാൻബറയിൽ ഒരു ശരാശരി വീടിന്റെ വില 750,000 ഡോളർ ആയിരിക്കുമെന്നാണ് ഓസ്‌ട്രേലിയൻ ഹൗസിങ് ഔട്ട്‌ലുക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിലവിൽ ഇവിടുത്തെ ശരാശരി വില 645,000 ഡോളർ ആണ്. എസിടി ട്രഷറി റിപ്പോർട്ടുകൾ പ്രകാരം ഇവിടെ വീടിന് 677,000 ഡോളറും യൂണിറ്റുകൾക്ക് 455,000 ഡോളറുമാണ് ഓഗസ്റ്റിലെ വില നിലവാരം.

കാൻബറയിൽ വീടുവില ഉയരാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത് ജനസംഖ്യയിലുള്ള വർധനയാണ്. കാൻബറയിലേക്കുള്ള കുടിയേറ്റവും മറ്റും ജനസംഖ്യയിൽ ക്രമാതീതമായ വർധനയാണ് വരുത്തുന്നതെന്ന് ക്യുബിഇ ലെൻഡേഴ്‌സ് മോർട്ട്‌ഗേജ് ഇൻഷ്വറൻസ് ചീഫ് എക്‌സിക്യുട്ടീവ് ഫിൽ വൈറ്റ് വ്യക്തമാക്കുന്നു.