ഡബ്ലിൻ: വർഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളിൽ വീടു വിലയിൽ ഉണ്ടായ ഇടിവിനെ തുടർന്ന് മാർച്ചിൽ വീടു വിലയിൽ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്.  തുടർച്ചയായി രണ്ടു മാസം വീടു വിപണിയിൽ മാന്ദ്യം അനുഭവപ്പെട്ടിരുന്നുവെങ്കിലും മാർച്ചിൽ വിലയിൽ ഒരു ശതമാനം വർധന രേഖപ്പെടുത്തുകയായിരുന്നു. ഐറീഷ് റസിഡൻഷ്യൽ പ്രോപ്പർട്ടി വില മാർച്ചിൽ 0.9 ശതമാനമാണ് ഉയർന്നത്. വാർഷിക നിരക്കിൽ ഇത് 16.8 ശതമാനം വർധന സൂചിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

തുടർച്ചയായി പത്തു മാസം വീടുവില ഉയർന്നുകൊണ്ടിരുന്നുവെങ്കിലും ആദ്യമായാണ് ജനുവരിയിൽ ഇടിവു സംഭവിക്കാൻ തുടങ്ങിയത്. ആ ട്രെൻഡ് ഫെബ്രുവരിയിൽ തുടർന്നെങ്കിലും മാർച്ചിൽ പതിയെ വീടു വില കരകയറുന്ന ലക്ഷണമായിരുന്നു കാട്ടിയത്. ഡബ്ലിനിൽ തന്നെ പ്രോപ്പർട്ടി വില മാർച്ചിൽ 1.1 ശതമാനമാണ് ഉയർന്നത്. ഒരു വർഷം മുമ്പുള്ള വിലയേക്കാൾ 22.8 ശതമാനത്തിൽ നിലനിൽക്കാൻ ഇതുകാരണമായി.

ഡബ്ലിനു പുറത്ത് പ്രോപ്പർട്ടി വില മാർച്ചിൽ 0.7 ശതമാനമാണ് വർധിച്ചിട്ടുള്ളത്. 2014 മാർച്ചിനെക്കാൾ ഇത് 10.7 ശതമാനം കൂടുതലാണിത്. അതേസമയം വീടുവില ഏറ്റവും ഉയർന്നു നിന്നിരുന്ന 2007-ലേക്കാൾ ഇത് 38.2 ശതമാനം കുറവാണെന്നാണ് വിലയിരുത്തുന്നത്. 2007-നെ അപേക്ഷിച്ച് ഡബ്ലിനിലെ വീടു വില 36.9 ശതമാനവും അപ്പാർട്ട്‌മെന്റുകളുടെ വില 42.2 ശതമാനവും കുറവാണിപ്പോൾ രേഖപ്പെടുത്തുന്നത്. ഡബ്ലിനിനു പുറത്താകട്ടെ  പ്രോപ്പർട്ടി വിലയിൽ 2007-ലേതിനെക്കാൾ 41.5 ശതമാനം കുറവാണിപ്പോഴുള്ളത്.

സെൻട്രൽ ബാങ്കിന്റെ പുതിയ മോർട്ട്‌ഗേജ് ലെൻഡിങ് നയങ്ങളാണ് വീടുവിപണിയിൽ ഇപ്പോൾ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.