കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് ഒരു വീട്ടിലെ മൂന്നുപേർക്ക് വെട്ടേറ്റു. ഗൃഹനാഥനുൾപ്പെടെ മൂന്നുപേർക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കക്കാട് കൊറ്റാളിയിലെ പുനത്തിൽ ഹൗസിൽ രവീന്ദ്രൻ(69) ഭാര്യ പ്രവിത(63) മകൾ റനിത(30) എന്നിവർക്കാണ് വെട്ടേറ്റത്. ഗൃഹനാഥനായ രവീന്ദ്രൻ തന്നെയും മകളെയും ആയുധംകൊണ്ടു ഇന്നുരാവിലെ വാക്തർക്കത്തിനൊടുവിൽ വെട്ടിപരുക്കേൽപ്പിച്ചുവെന്നാണ് ഭാര്യയുടെയും മകളുടെയും പരാതി.

തലയ്ക്കും ദേഹത്തും മുറിവേറ്റു ചോരവാർന്ന നിലയിലാണ് കണ്ണൂർ ടൗൺ പൊലിസ് ഇവരെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയെയും സഹോദരിയെയും അക്രമിക്കുന്നത് തടയുന്നതിനിടെ മകൻ ശരണിന്റെ മർദ്ദനവും വെട്ടുമേറ്റു കൈക്കാലുകൾക്ക് പരുക്കേറ്റ നിലയിലാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ പ്രവാസിയായിരുന്ന രവീന്ദ്രൻ നാട്ടിൽ വന്നതു മുതൽ കുടുംബവുമായി അകൽച്ചയിലായിരുന്നു.

ഇദ്ദേഹം മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്നാരോപിച്ചു പ്രവിതയും മക്കളും പൊലിസ് സംരക്ഷണത്തിനായി കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് അക്രമം നടന്നത്. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.