ദോഹ: എണ്ണവിലയിൽ ഇടിവു നേരിട്ടെങ്കിലും ദോഹയിൽ വീടുവാടക നിരക്ക് ഉയർന്നു തന്നെയെന്ന് റിപ്പോർട്ട്. അടുത്ത 12-24 മാസത്തിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ വർധനയാണ് നേരിടാൻ പോകുന്നതെന്നും റിയൽ  എസ്‌റ്റേറ്റ് കൺസൾട്ടൻസിയായ ഡിടിസെഡ് വ്യക്തമാക്കുന്നു.

ദോഹയിലെ ജനസാന്ദ്രത അടിക്കടി വർധിക്കുന്നതാണ് വാടകനിരക്കിൽ വർധനയുണ്ടാകാൻ കാരണമായിട്ടുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ നിരക്ക് വർധന രേഖപ്പെടുത്തിക്കഴിഞ്ഞു. ജനസാന്ദ്രത വർധിക്കുകയും വീടുകൾക്കുള്ള ഡിമാൻഡ് വർധിക്കുകയും ചെയ്തത് വാടക വർധിക്കാൻ ഇടയാക്കി. ഇതേ രീതി തന്നെയാണ് അടുത്ത 24 മാസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നതെന്നും ഡിടിസെഡ് അസോസിയേറ്റ് ഡയറക്ടർ ജോണി ആർച്ചർ വ്യക്തമാക്കുന്നു.

അടുത്ത കാലത്തെങ്ങും വാടകനിരക്കിൽ ഇടിവു സംഭവിക്കുവെന്ന് കരുതുന്നില്ലെന്നും ഡിടിസെഡ് വെളിപ്പെടുത്തുന്നുണ്ട്. അതേസമയം എണ്ണവില തുടർച്ചയായി കുറഞ്ഞ നിരക്കിൽ തുടരുകയാണെങ്കിൽ വാടകനിരക്കിൽ ഇടിവു നേരിട്ടേക്കാമെന്നും വിലയിരുത്തുന്നുണ്ട്.