മലപ്പുറം: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായതോടെ മൂന്നു മക്കളെ ഉപേക്ഷിച്ച് നാടുവിട്ട 27-കാരിയായ താനൂർ സ്വദേശിനി പിടിയിലായത് എട്ട് മാസങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ നിന്ന്. മലപ്പുറം ജില്ലയിലെ താനൂരിൽനിന്ന് പോയ യുവതിയെയാണ് മാസങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽനിന്ന് താനൂർ പൊലീസ് കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ച് മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് യുവതിയെ കണ്ടെത്താൻ കഴിഞ്ഞത്.

പൊലീസിന്റെ ചോദ്യംചെയ്യലിലാണ് പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട തമിഴ്‌നാട് ആണ്ടിപ്പെട്ടി സ്വദേശിക്കൊപ്പമാണ് താൻ പോയതെന്ന് 27-കാരി വെളിപ്പെടുത്തിയത്. യുവതി മൊബൈൽഫോണിൽ പതിവായി പബ്ജി കളിച്ചിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി പരിചയത്തിലായത്. ഒരുമിച്ച് ഗെയിം കളിച്ചുള്ള ഈ പരിചയം പിന്നീട് പ്രണയമായി വളർന്നതോടെ മൂന്നുമക്കളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോവുകയായിരുന്നു.

മൂന്നുമക്കളുടെ അമ്മയായ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവാണ് കഴിഞ്ഞ ഒക്ടോബറിൽ പൊലീസിൽ പരാതി നൽകിയത്. ഇതിന് മുമ്പും യുവതി മക്കളെ ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽനിന്ന് നാടുവിട്ടിരുന്നു. അന്ന് കല്പകഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി യുവതിയെ തിരികെയെത്തിച്ചത്. തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ സ്വന്തംവീട്ടിൽനിന്നാണ് യുവതി വീണ്ടും നാടുവിട്ടത്.

27-കാരിയുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിൽ യുവതി തമിഴ്‌നാട്ടിലുണ്ടെന്ന് വ്യക്തമായി. എന്നാൽ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയതോടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനായില്ല.

ഇതിനിടെ, താനൂരിൽനിന്നുള്ള പൊലീസ് സംഘം യുവതിയെ തിരഞ്ഞ് തമിഴ്‌നാട്ടിലെ കരൂരിൽ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു. മാസങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവം. യുവതിയുടെ നേരത്തെ ലഭിച്ച ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം കരൂരിലെത്തിയത്. എന്നാൽ പൊലീസ് അന്വേഷിച്ചെത്തിയത് മനസിലാക്കിയ യുവതിയും കാമുകനും ഇവിടെനിന്ന് മുങ്ങുകയായിരുന്നു. ഇതോടെ പൊലീസ് സംഘം മടങ്ങി.

ഇതിനുപിന്നാലെയാണ് ദിവസങ്ങൾക്ക് മുമ്പ് പൊലീസ് സംഘം വീണ്ടും തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ യുവതിയുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു ഈ യാത്ര. ഒടുവിൽ എസ്‌ഐ. രാജു, സീനിയർ സി.പി.ഒ. നൗഷാദ്, സി.പി.ഒ. കൃഷ്ണപ്രസാദ്, പ്രശോഭ് എന്നിവരടങ്ങിയ സംഘം ദിണ്ഡിഗലിലെ ഒരു കോളനിയിൽനിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു. കാമുകന്റെ സഹോദരിയുടെ വീട്ടിൽനിന്നാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, യുവതിയുടെ കാമുകനെ അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. മിസിങ് കേസിൽ യുവതിയെ കണ്ടെത്തിയെങ്കിലും പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിന് 27-കാരിക്കെതിരേ പൊലീസ് കേസെടുത്തു. 

മൂന്ന് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിനാൽ യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. യുവതി പബ്ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറയുന്നു. നേരത്തെയും ഒരുതവണ സമാന രീതിയിൽ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. എട്ട് മാസം മുമ്പാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച് ഇവർ വീണ്ടും ഒളിച്ചോടിയത്.