കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന വീട്ടുവേലക്കാരുടെ ഔദ്യോഗിക നാമം ഗാർഹിക തൊഴിലാളികൾ (ഡൊമസ്റ്റിക് വർക്കേഴ്‌സ്) എന്നു പുനർനാമകരണം ചെയ്യാൻ കാബിനറ്റ് തീരുമാനമായി. കുവൈറ്റിലുള്ള ഏഴു ലക്ഷത്തോളം വരുന്ന ഗാർഹികതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തരംതാഴ്ന്ന വീട്ടുവേലക്കാർ എന്ന പ്രയോഗം നിർത്തലാക്കാനുമാണ് തീരുമാനമായത്.

ഇവരെ സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകളിലെല്ലാം തന്നെ ഇനി മുതൽ വീട്ടുവേലക്കാർ എന്നതിനു പകരം ഗാർഹിക തൊഴിലാളികൾ എന്നായിരിക്കും രേഖപ്പെടുത്തുക. വേലക്കാർ എന്ന തരത്തിൽ വിളിക്കപ്പെടുമ്പോൾ അവരെ ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കുവൈറ്റിൽ ഇത്രയേറെ വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഗുണം ചെയ്യുന്നുണ്ടെന്നും പല റിക്രൂട്ടിങ് ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നു. നാട്ടിലുള്ള കുടുംബത്തെ പോറ്റുന്നതിനായി വിദേശത്ത് എത്തി എല്ലുമുറിയെ പണി ചെയ്യുന്നവരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും അവരോടുള്ള നമ്മുടെ മനോഭാവത്തിന് ഗുണം ചെയ്യാൻ ഈ പുനർനാമകരണം സഹായകമാകുമെന്നും കാബിനറ്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റിൽ ഒരു കുടുംബത്തിന് രണ്ട് ഗാർഹിക തൊഴിലാളി എന്ന നിലയിൽ മൊത്തം 682,000 വിദേശ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.