ദുബായ്: പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിൽ ഇന്ത്യക്കാരിയായ ആയയ്ക്ക് ദുബായിൽ ജീവപര്യന്തം തടവുശിക്ഷ. ആർ.ടി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്.

ഈ വർഷം ജനവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ മുപ്പതുകാരി കുഞ്ഞിനെ മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് സ്‌കാർഫ് ഉപയോഗിച്ച് കുട്ടിയെ കൊന്നെന്നാണ് കേസ്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ യുവതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.  

കോടതിയിൽ യുവതി കുറ്റം നിഷേധിച്ചെങ്കിലും തെളിവുകൾ എതിരായിരുന്നു. ശബ്ദമുണ്ടാക്കാതിരിക്കാൻ സ്‌കാർഫ് കൊണ്ട് കുട്ടിയുടെ കഴുത്ത് മൂടി കൈകൊണ്ട് അമർത്തിപ്പിടിക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. അമ്മ അടുത്തിടെ മരിച്ചതിനാൽ താൻ ഏറെ മനോവിഷമത്തിലായിരുന്നു വെന്നും അതാണ് കൊലയ്ക്കിടയാക്കിയതെന്നും യുവതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.