- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനാതിർത്തിയിൽ മേയാൻ വിട്ട പശുക്കൾ രണ്ടുദിവസമായി മടങ്ങി എത്താതിരുന്നപ്പോൾ നളിനിയും ഭർത്താവും കൂടി രണ്ടുവഴിക്ക് അന്വേഷിച്ച് ഇറങ്ങി; കാട്ടാനക്കൂട്ടത്തെ കണ്ടെന്നും കല്ലെറിഞ്ഞ് ഓടിച്ചെന്നും ഭർത്താവിന് ഫോൺ കോൾ; വീണ്ടും വിളിച്ചപ്പോൾ ഫോണിൽ മറുപടിയില്ല; കോതമംഗലം മാമലക്കണ്ടത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോതമംഗലം: മാമലക്കണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.വാഴയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ നളിനി(52) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മാമലക്കണ്ടത്ത് വനത്തിൽ മേയാൻ വിട്ട പശുവിനെ തേടിയിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. വീടിനോട് ചേർന്ന് വനാതിർത്തിയിൽ മേയാൻ വിട്ട പശുക്കളെ തേടിപ്പോയ നളിനി ഏറെ വൈകിയും തിരിച്ചെത്താാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കുകയും നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ ഷിനോ, അഞ്ചു.മരുമക്കൾ രമ്യ, പ്രതീപ് .
ഇവർക്ക് രണ്ടു പശുക്കൾ ഉണ്ടായിരുന്നു. വനത്തിൽ മേയാൻ വിടുകയും വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുകയുമായിരുന്നു പതിവ്. മേയാൻ വിട്ട പശുക്കൾ കഴിഞ്ഞ ദിവസം ഈ പതിവ് തെറ്റിച്ചു. രണ്ടു ദിവസമായി ഇവ തിരിച്ചെത്താത്തതിനെ തുടർന്ന് നളിനിയും ഭർത്താവും ഇന്ന് രാവിലെ ഇവയെ അന്വേഷിച്ച് രണ്ടു വഴിക്ക് പുറപ്പെടുകയായിരുന്നു.
മാമലക്കണ്ടം പി എം റ്റി ചപ്പാത്തിന് സമീപത്തു നിന്നും 300 മീറ്ററോളം അകലെ കുന്നിൽ പ്രദേശത്ത് നളിനി എത്തിയപ്പോൾ ഇവിടെ ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ഒച്ചയുണ്ടാക്കി, കല്ലെടുത്തെറിഞ്ഞപ്പോൾ ആനക്കൂട്ടം പതിയെ ഇവിടെ നിന്നും താഴേയ്ക്കിറങ്ങി. ഇക്കാര്യം നളിനി ഭർത്താവിനെ മൊബൈലിൽ വിളിച്ച് അറിയിക്കുകയും ചെയ്ത്.
കുറച്ചുനേരം കാത്തു നിന്ന ശേഷം ഇവർ വീണ്ടും കുന്നിൻ മുകളിലേയ്ക്ക് കയറിയിരിക്കാമെന്നും ഈയവസരത്തിൽ താഴ്ഭാഗത്ത് നിന്നിരുന്ന ആന ആക്രമിച്ചിരിക്കാമെന്നുമാണ് വനം വകുപ്പധികൃതരുടെ അനുമാനം. തുമ്പികൈയ്ക്ക് അടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് ചവിട്ടുകയും ചെയ്തിട്ടുണ്ടെ
ന്ന് ഇൻക്വസ്റ്റ് നടപടികളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
കല്ലെറിഞ്ഞ വൈരാഗ്യത്തിലാവാം ഒരു പക്ഷെ ആന ഇവരെ ആക്രമിച്ചതെന്ന് സംശയവും ഉയർന്നിട്ടുണ്ട്.രാവിലെ 7.45 ഓടെ നളിനിക്ക് തൊഴിലുറപ്പ് പണിക്കായി പോകേണ്ടിയിരുന്നു. ഈ സമയമായിട്ടും നളിനി തിരിച്ചെത്താത്തതിനാൽ മൊബൈലിൽ വിളിച്ചു. റിങ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് ഭർത്താവും നാട്ടുകാരുമടങ്ങുന്ന സംഘം ഇവരെ അന്വേഷിച്ചിറങ്ങിയതും വികൃതമായ നിലയിൽ മൃതദ്ദേഹം കണ്ടെത്തിയതും.
മറുനാടന് മലയാളി ലേഖകന്.