ഹൂസ്റ്റൺ: ഹൂസ്റ്റൺ ഹാരിസ് കൗണ്ടി എന്നീ സ്ഥലങ്ങളിൽ വർദ്ധിച്ച് വരുന്ന ഗുണ്ടാ വിളയാട്ടം കർശനമായി അമർച്ച ചെയ്യുമെന്ന് ഗവർണർ ഗ്രേഗ് ഏബട്ട്.

ലോക്കൽ പൊലീസും എഫ്. ബി. ഐ യും ചേർന്നാണ് പുതിയ ഓപ്പറേഷന് നേതൃത്വം നൽകുക എന്നും ഗവർണർ വ്യക്തമാക്കി. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഗവർണർ ഗവൺമെണ്ടിന്റെ നിലപാടുകൾ വിശദീകരിച്ചത്.

വർദ്ധിച്ചു വരുന്ന നിയമരാഹിത്യം അമർച്ച ചെയ്യുന്നതിനും, നിയമ നടപടികൾ സ്വീകരിച്ച് പൗരന്മാർക്ക് സംരക്ഷണം നൽകുന്നതിനും ടെക്സസ്സ് പ്രതിജ്ഞാബന്ധമാണ്. സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും 500000 ഡോളർ ഇതിനുവേണ്ടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്.

2016 ൽ ഹാരിസ് കൗണ്ടിയിൽ മാത്രം 10% അക്രമ സംഭവങ്ങളാണ് വർദ്ധിച്ചിരിക്കുന്നതെന്ന് ഗവർണറുടെ ഓഫീസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള ഹാരിസ് കൗണ്ടിയിൽ 20000 ഗുണ്ടകൾ ഉണ്ടെന്നും മൂന്ന് ഗ്രൂപ്പുകളിലാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്നും ഓഫീസ് പറഞ്ഞു.

ഇരുപത്തി നാല് മണിക്കൂറും പൊലീസ് ഈ പ്രദേശങ്ങളിൽ റോന്ത് ചുറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഈയ്യിടെ വർദ്ധിച്ച് വരുന്ന അക്രമ പ്രവർത്തനങ്ങളിൽ ഹൂസ്റ്റൺ നിവാസികൾ പരിഭ്രാന്തരാണ്.