ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2017 ലെ ഓണം കേരള തനിമയിലും പൊലിമയിലും അത്യന്തം വർണ്ണാഭവും പ്രൗഢഗംഭീരവുമായി. ഹ്യൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ള ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഐതീഹ്യങ്ങളിലെ നാടുകാണാനെത്തിയ പ്രജാവൽസലനായ മാവേലി തമ്പുരാന്റെ മഹനീയ സാന്നിദ്ധ്യത്തിൽ തനി കേരളീയഗൃഹാതുര പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. ഓഡിറ്റോറിയത്തിൽ വിവിധവാർഡുകളിലെ വനിതകൾ അതിമനോഹരമായിതീർത്ത അത്തപ്പൂക്കളം ഏവരേയുംഹഠാതാകർഷിച്ചു. കേരളീയ വസ്ത്രധാരികളായ ആബാലവയോധികം ജനങ്ങളാൽ ഓഡിറ്റോറിയം ജനനിബിഡമായിരുന്നു.

ചെണ്ടവാദ്യകുരവമേളങ്ങളോടെ മുത്തുക്കുടയും താലപ്പൊലിയുമായി മാവേലിത്തമ്പുരാനേയും ശിങ്കിടിയായി വന്ന കൊച്ചുവാമനനേയും എതിരേറ്റ് വേദിയിലേക്കാനയിച്ചു. മാവേലിത്തമ്പുരാന്റെ മാധുര്യമേറുന്ന ഓണവാത്സല്യസന്ദേശം ജനം ഹർഷാരവത്തോടെ സ്വീകരിച്ചു. വനിതകളുടെ തിരുവാതിര കൈകൊട്ടിക്കളി കേരളത്തിലെ ഓണക്കാലത്തെ അനുസ്മരിപ്പിച്ചു. മഹാബലി തമ്പുരാനോടൊപ്പം വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു. എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച ആഘോഷയോഗത്തിൽ സെക്രട്ടറിതോമസ്‌കൊരട്ടിയിൽ സ്വാഗതപ്രസംഗം നടത്തി. പ്രസിദ്ധ സിനിമാതാരം ബാബു ആന്റണി ഓണസന്ദേശം നൽകി. സ്പിരിച്വൽഡയറക്ടർ ഫാ. സജി പിണർകയിൽ ഓണാശംസകൾ അർപ്പിച്ചുകൊണ്ടു സംസാരിച്ചു.

കമ്മ്യൂണിറ്റിയിലെ കലാകാരികളും കലാകാരന്മാരും വൈവിദ്ധ്യമേറിയ കേരളീയകലാപ്രകടനങ്ങൾകൊണ്ട് ഓണാഘോഷങ്ങളെ സമ്പുഷ്ടമാക്കി. വൈസ് പ്രസിഡന്റ്ഷാജുചക്കുങ്കൽ പ്രോഗ്രാം കോ-ഓർഡിനേറ്ററായിരുന്നു. രേഷ്മആറ്റുപുറം, ജനിഫർതൊട്ടിയിൽഎന്നിവർ പരിപാടികളുടെഅവതാരകരായിരുന്നു. ജോയിന്റ്സെക്രട്ടറിടിജി പള്ളിക്കിഴക്കേതിൽ നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു. ട്രഷറർസൈമൺ തോട്ടപ്ലാക്കൽ തുടങ്ങിയവർ കോ-ഓർഡിനേറ്റേഴ്സായി പ്രവർത്തിച്ച് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിലെഅവസാന ഇനം അതിവിഭവ സമൃദ്ധമായ തനി നാടൻ ഓണസദ്യയായിരുന്നു.