ഹൂസ്റ്റൺ: വാറണ്ട് നൽകുന്നതിന് വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ വെടിവെച്ച് മൂന്നു പൊലീസ് ഓഫീസർമാരെ പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി അഞ്ചു മണിക്കൂർ വീട്ടിൽ പ്രതിരോധം തീർത്തശേഷം സ്വയം വെടിവെച്ചു മരിച്ചതായി ലൊ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഡിസംബർ 11 ചൊവ്വാഴ്ച അറിയിച്ചു.

ഹാരിസ് കൗണ്ടി ഹാർട്ട് വിക്ക് റോഡിലുള്ള വീട്ടിലായിരുന്നു സംഭവം.ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസിൽ നിന്നുള്ള ഓഫീസർമാർ ഡാനിയേൽ ട്രിവിനൊയുടെ വീട്ടിൽ എത്തിയത്. വാതിലിനോടടുത്ത് ഉദ്യോഗസ്ഥർക്കുനേരെ ഡാനിയേൽ തുടരെ തുടരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് വാതിലടച്ചു സ്വയം പ്രതിരോധിച്ചു.

സംഭവത്തിനുശേഷം അഞ്ചു മണിക്കൂർ പ്രതിയുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചിരുന്നു. ഒടുവിൽ കീഴടങ്ങാൻ തയ്യാറാണെന്നു അറിയിച്ചുവെങ്കിലും വീണ്ടും പൊലീസിനു നേരെ വെടിവെച്ചതിനുശേഷം സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.

വെടിയേറ്റ പൊലീസ് ഓഫീസർമാരുടെ പരിക്ക് ഗുരുതരമല്ലാ എന്നാണറിയുന്നത്.പ്രൊട്ടക്റ്റീവ് ഓർഡർ ലംഘിച്ചതിനാണ് പ്രതിക്കെതിരെ ആദ്യം വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഹാരിസ് കൗണ്ടി ഷെറിപ് ചീഫ് ഡെപ്യൂട്ടി എഡിസൺ അറിയിച്ചതാണിത്.