ലക്‌നൗ: ഉത്തർപ്രദേശിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന കോൺഗ്രസ് ബോളിവുഡ് നടൻ രാജ് ബബ്ബറിനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നത് അപ്രതീക്ഷിതമായിരുന്നു. ജാതി രാഷ്ട്രീയം കളിക്കുന്ന ഉത്തർപ്രദേശിൽ ജാതിയുടെ മുഖമില്ലാത്ത നേതാവിനെ പ്രതിഷ്ഠിച്ച കോൺഗ്രസ് കരുതലോടെയാണ് കളിക്കുന്നത്.

പാർട്ടിക്കുള്ളിൽനിന്നോ ജാതിയുടെ പ്രതിനിധികളിൽനിന്നോ നേതാവിനെ തിരഞ്ഞെടുക്കാതെ ജനപ്രീയമായൊരു മുഖം കണ്ടെത്തുകയെന്ന ലക്ഷ്യത്തിലാണ് രാജ് ബബ്ബറിനെ നിയോഗിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. യു.പി കോൺഗ്രസ് കമ്മറ്റിയുടെ ചർച്ചകളിൽ ഒരു ഘട്ടത്തിൽ രാജിന്റെ പേര് ഉയർന്നുവന്നിരുന്നില്ല.

കോൺഗ്രസ്സിന്റെ ഉപദേഷ്ടാവ് പ്രശാന്ത് കിഷോറിന്റെ ബുദ്ധിയിലാണ് രാജ് ബബ്ബറിന്റെ പേര് ഉദിച്ചുവന്നതെന്നാണ് സൂചന. യു.പിയുടെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി മധുസൂദൻ മിസ്ട്രിയുടെ പ്രവർത്തന ശൈലികളിൽ കിഷോറിന് താത്പര്യമുണ്ടായിരുന്നില്ല. മിസ്ട്രിയെ ചുമതലയിൽനിന്ന് മാറ്റിയ രാഹുൽ ഗാന്ധി, കിഷോറിന്റെ ഉപദേശ പ്രകാരം ഉത്തരാഖണ്ഡിൽനിന്നുള്ള രാജ്യസഭാ എംപികൂടിയായ രാജിനെ നേതാവായി നിയോഗിക്കുകയായിരുന്നു.

രാജ് ബബ്ബറിന് യുപിയിലെ കോൺഗ്രസ്സിനെ എത്രത്തോളം ഉയർത്തിക്കൊണ്ടുവരാനാകും എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽത്തന്നെ തർക്കമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ജനപ്രിയ മുഖം യുപിയിൽ പാർട്ടിയെ സഹായിക്കുമെന്നാണ് കരുതുന്നത്. പാർട്ടിക്ക് താഴേത്തട്ടിൽ അടിത്തറ ശക്തമാക്കാൻ ഇത്തരമൊരു മുഖം സഹായിക്കുമെന്നും അവർ കരുതുന്നു.

സുനാർ ജാതിയിൽനിന്നാണ് രാജ് ബബ്ബറിന്റെ വരവ്. ഒബിസി വിഭാഗത്തിൽപ്പെട്ട ജാതിയാണിത്. പിന്നോക്കക്കാരനെ നേതാവാക്കുക വഴി പിന്നോക്കക്കാരുടെ പിന്തുണ നേടാനാവും എന്നും കോൺഗ്രസ് കരുതുന്നു. 2006 വരെ സമാജ്‌വാദി പാർട്ടി നേതാവായിരുന്ന രാജ് ബബ്ബറിന് ആ പാർട്ടിയിൽനിന്ന് പ്രവർത്തകരെ ചോർത്തിയെടുക്കാനാകുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു.

ആഗ്ര സ്വദേശിയായ രാജ് ബബ്ബർ 1999-ലും 2004-ലും അവിടെനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. അമർ സിങ്ങുമായി തെറ്റിയാണ് അദ്ദേഹം സമാജ് വാദി പാർട്ടി വിടുന്നത്. 2009-ൽ കോൺഗ്രസ്സിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് എംപിയാവുകയും ചെയ്തു.