150 ശതമാനം വളർച്ചയോടെ ഏറ്റവും വേഗം വളരുന്ന കമ്പനിയെന്ന് അന്താരാഷ്ട്ര തലത്തിൽ റെക്കോഡ്. വിപണിയിലെത്തി നാലുവർഷത്തിനകം 1100 ശതമാനം വളർച്ചാനിരക്ക്. രാജ്യത്തെ ആദ്യത്തെ അമ്പതു അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം. 2.500 ബില്യൺ ഡോളറിന്റെ ആസ്തിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും യോഗഗുരുവുമായ ബാബാ രാംദേവിന്റെ പതഞ്ജലി സാമ്രാജ്യം നേടുന്ന ഞെട്ടിക്കുന്ന വളർച്ച കണ്ട് അന്തംവിട്ടിരിക്കുകയാണ് ബിസിനസ് ലോകം.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഫോബ്‌സ് മാസികയുടെ ഇന്ത്യയിലെ അതിസമ്പന്നരുടെ ലിസ്റ്റിൽ രാംദേവ് നേതൃത്വം നൽകുന്ന പതഞ്ജലി ഗ്രൂപ്പിന്റെ സിഇഒയും ബാബയുടെ സന്തത സഹചാരിയുമായ ആചാര്യ ബാലകൃഷ്ണ 48-ാം സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്. നൂറുപേരുടെ ലിസ്റ്റിൽ ആദ്യമായി കയറിക്കൂടിയ ബാലകൃഷ്ണ ആദ്യ അമ്പതിൽ ഇടംപിടിച്ചതിലൂടെ തന്നെ കമ്പനിയുടെ അസൂയാവഹമായ വളർച്ച മനസ്സിലാക്കാനാകും. ഇന്ത്യയിൽ പതഞ്ജലി പോലെ അതിവേഗം വളരുന്ന മറ്റൊരു കമ്പനിയായി വിലയിരുത്തപ്പെട്ട ഫ്ളാപ്പ് കാർട്ടിന്റെ ബൻസൽ കഴിഞ്ഞവർഷം 86-ാം സ്ഥാനത്തായിരുന്നെങ്കിൽ ഇക്കുറി അദ്ദേഹം ലിസ്റ്റിൽ ഉൾപ്പെട്ടതുപോലുമില്ല.

ഇത്തരത്തിൽ ബാബാരാംദേവിനും അദ്ദേഹം നേതൃത്വം നൽകുന്ന കമ്പനിക്കും വലിയൊരു വളർച്ചയുണ്ടാകുന്നതോടെ മോദിയുടെ പിന്തുണയിൽ അംബാനിമാരും അദാനിമാരും മാത്രമല്ല, ബാബാ മുതലാളിയും രാജ്യത്ത് ബിസിനസ് പച്ചപിടിപ്പിക്കുന്നുവെന്ന വിധത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. എഫ്എംസിജി രംഗത്തെ (വേഗം വിറ്റഴിയുന്ന കൺസ്യൂമർ ഉൽപനങ്ങളുടെ) വിപണിയിലേക്ക് 12 വർഷം മുമ്പ് വന്നെത്തിയ പതഞ്ജലി ഗ്രൂപ്പിന്റെ ഉടമ ബാബാ രാംദേവ് ആണെങ്കിലും സിഇഒ ആയ അദ്ദേഹത്തിന്റെ ഉറ്റ അനുചരൻ ആചാര്യ ബാലകൃഷ്ണയാണ് കമ്പനി സിഇഓ.

97 ശതമാനം ഓഹരികളുടെ ഉടമയാണ് ഇദ്ദേഹം എന്നതിനാൽത്തന്നെ ബാബയുടെ കൈപ്പിടിയിലാണ് പൂർണമായും കമ്പനി. ഹരിദ്വാർ ആസ്ഥാനമാക്കി ആയുർവേദ മരുന്നുകൾ നിർമ്മിച്ച് വിപണിയിലെത്തിച്ച് തുടങ്ങിയ കമ്പനി മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് വൻതോതിൽ മാർക്കറ്റ് പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ സ്വദേശി കൺസ്യൂമർ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ തുടങ്ങുന്നത്. കുറച്ചുവർഷംമുമ്പുമാത്രം ഇത്തരത്തിൽ ഉൽപന്നങ്ങൾ എത്തിച്ച കമ്പനിക്ക് ഇത്രയും ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം ആസ്തി വന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, ഇത്രയും നിക്ഷേപം നടത്താൻ യോഗാഗുരുവിന്റെ കയ്യിൽ പണംവന്നതെവിടെനിന്നെന്ന ചോദ്യവും ഉയരുന്നു. 

രാംദേവ് മുതലാളിയായത് ഏറെക്കാലത്തെ കരുനീക്കങ്ങൾക്കു ശേഷം

യോഗയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന പരിപാടികളുമായും അതിന്റെ ടിവി ലൈവ്് ടെലികാസ്റ്റുകളിലൂടെയും ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച ബാബാ രാംദേവ് ഏറെക്കാലം മുമ്പുമുതൽതന്നെ ഇ്ത്തരമൊരു ബിസിനസ് സാമ്രാജ്യം ഉയർത്താൻ കളമൊരുക്കി തുടങ്ങിയിരുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പതഞ്ജലി ആയുർവേദ ബാബയുടേയും ആചാര്യ ബാലകൃഷ്ണയുടേയും നേതൃത്വത്തിൽ 1997ലാണ് ആരംഭിക്കുന്നത്. ബാബ യോഗയിൽ ശ്രദ്ധിച്ച് ആയുർവേദ മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചു തുടങ്ങിയപ്പോൾ അവ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നതിന്റെ ചുമതലയായിരുന്നു ബാലകൃഷ്ണയ്ക്ക്.

ഇരുവരും ഒരുമിച്ചാണ് സ്ഥാപനം തുടങ്ങിയതെങ്കിലും ആദ്യകാലം മുതൽതന്നെ ബാബ ഇതിൽ ഓഹരിയെടുത്തിരുന്നില്ല. ബാലകൃഷ്ണയുടെ പേരിൽ 92 ശതമാനം ഓഹരിയും ബാക്കി എട്ടുശതമാനം സ്‌കോട്ട്‌ലാന്റുകാരായ സർവൻ, സുനിത പൊദ്ദർ എന്നീ എൻആർഐകളുടെ പേരുലുമായിരുന്നു. 12 വർഷം മുമ്പാണ് കൺസ്യൂമർ ഉൽപന്ന വിപണിയിലേക്ക് പതഞ്ജലി ചുവടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 2009ൽ പതഞ്ജലി ഫുട് ആൻഡ് ഹെർബൽ പാർക്ക് ഹരിദ്വാറിൽ സ്ഥാപിച്ചു.

പക്ഷേ, ഇതിനു എത്രയോ മുമ്പുതന്നെ ബാബയുടെ മനസ്സിൽ ഒരു മുതലാളി ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും ഇടപെടലുകളിലും നിന്നുതന്നെ വ്യക്തമായിരുന്നു. യോഗയുടെ ആചാര്യനായി അദ്ദേഹം അവതരിക്കുന്നത് തൊണ്ണൂറുകളിലാണ്. അടുത്ത പത്തുവർഷം ഒരു ഉൽപന്നവും അദ്ദേഹം നിർമ്മിച്ച് മാർക്കറ്റിലെത്തിച്ചില്ല. പക്ഷേ, സമൂഹത്തിനെ ചീത്തയാക്കുന്ന മരുന്നുകൾക്കെതിരെയും ഉൽപന്നങ്ങൾക്കെതിരെയും എല്ലാ പ്രഭാഷണങ്ങളിലും വാചാലനായി. വിദേശ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനും നിർദ്ദേശിച്ചുകൊണ്ടിരുന്നു.

ഇതെല്ലാം തന്റെ തന്നെ കമ്പനി തുടങ്ങി മരുന്നുകളും ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നതിനുള്ള അടിത്തറയൊരുക്കലാണെന്ന് അന്ന് ആരും സംശയിച്ചതുമില്ല. പിന്നീട് പതഞ്ജലി സ്ഥാപിച്ച് ആയുർവേദ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചപ്പോഴും അതുവാങ്ങണമെന്ന് ആഹ്വാനം നൽകാതെയായിരുന്നു പ്രവർത്തനം. തണുത്ത കോള കുടിക്കരുതെന്നും മറ്റുമുള്ള പ്രഭാഷണങ്ങൾ അപ്പോഴും തുടർന്നു.

പിന്നീട് അടുത്തകാലത്താണ് വ്യാപകമായി കൺസ്യൂമർ ഉൽപന്നങ്ങൾ പതഞ്ജലി വിപണിയിലെത്തിച്ചതോടെ പ്രത്യക്ഷത്തിൽ അതിന്റെ ബ്രാൻഡ് അംബാസിഡറായിത്തന്നെ ബാബ രംഗത്തെത്തുന്നത്. ഇതോടെയാണ് അദ്ദേഹം ഇത്രയും കാലം ഇതിന് കളമൊരുക്കുകയായിരുന്നുവെന്ന് വൻകിട ബിസിനസുകാർപോലും തിരിച്ചറിയുന്നത്.

സംശുദ്ധമെന്ന് പ്രഖ്യാപിക്കുന്ന ഉൽപന്നങ്ങളുടെ വിശ്വാസ്യത

മാഗി നൂഡിൽസിൽ മായമെന്ന വാർത്ത കാട്ടുതീപോലെ പ്രചരിച്ചതിനു പിന്നാലെയാണ് പതഞ്ജലി നൂഡിൽസ് വിപണി പിടിച്ചടക്കുന്നത്. ബാബ ഇറക്കിയ വലിയൊരു തന്ത്രമായിരുന്നു ഇതെന്നും പ്രചരണമുണ്ട്. കാരണം മുമ്പുമുതലേ ബാബ മാഗിക്കെതിരെ പ്രചരണം നടത്തിയിരുന്നു. ഇന്ത്യൻ നൂഡിൽസ് വിപണിയിൽ വലിയ സ്ഥാനമുണ്ടായിരുന്ന നെസ്‌ലെയുടെ മാഗി ഇതോടെ പിന്നോട്ടുപോകുകയും ആ സ്ഥാനം പിടിച്ചെടുക്കുകയുമായിരുന്നു ബാബയുടെ ലക്ഷ്യമെന്നുമായിരുന്നു ആരോപണം ഉയർന്നത്. ഇതിനു പിന്നാലെയാണ് ബാബ പതഞ്ജലിയുടെ പരസ്യങ്ങളുമായി രംഗത്തെത്തുന്നതും.

അഞ്ഞൂറുകോടി നിക്ഷേപത്തോടെയാണ് 2009ൽ പതഞ്ജലി ഫുട് പാർക്ക് ഹരിദ്വാറിൽ തുടങ്ങുന്നത്. 150 ഏക്കറിൽ 6600 തൊഴിലാളികളുമായി തുടക്കം. കുറഞ്ഞകാലംകൊണ്ട് രാജ്യത്താകമാനം 1500 പതഞ്ജലി ഉൽപന്നങ്ങൾ വിൽക്കാൻവേണ്ടി മാത്രമായ ഔട്ടലെറ്റുകളുമായി അത് വളർന്നു. അഞ്ചുവർഷത്തിനകം ഇത് ഒരുലക്ഷം പതഞ്ജലി ഔട്ട്‌ലെറ്റുകളുമായി വികസിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2016 കോടിയുടെ വാർഷിക വിറ്റുവരവാണ് കമ്പനിക്ക് 2015 സാമ്പത്തികവർഷത്തിൽ ഉണ്ടായിരുന്നത്.

തൊട്ടടുത്ത വർഷം ഇത് 3,267 കോടിയായി ഉയർന്നു (കഴിഞ്ഞ ജനുവരി വരെയുള്ള കണക്ക്). അടുത്ത സാമ്പത്തിക വർഷത്തോടെ 10,000 കോടി കടക്കുമെന്നാണ് ബാബയുടെ വിലയിരുത്തൽ. ഈ യാത്രയിൽ കുറഞ്ഞ വർഷംകൊണ്ട് പതഞ്ജലി പിന്നിലാക്കിയ കമ്പനികൾ നിരവധിയാണ്. 1644 കോടി വിറ്റുവരവുണ്ടായിരുന്ന ജ്യോതി ലാബും 2,600 കോടി ഉണ്ടായിരുന്ന ഇമാമിയും പിന്നിലായി. 9,000 കോടിയുള്ള ഗോദ്‌റെജിനെയും 8,450 കോടിയുടെ കച്ചവടം നടത്തുന്ന ഡാബറിനെയും 8,200 കോടിയുടെ ബിസിനസുള്ള മാഗിയുടെ ഇന്ത്യൻ നെസ്‌ലെയെയും അടുത്ത സാമ്പത്തികവർഷത്തോടെ പതഞ്ജലി പിന്നിലാക്കുമോ എ്ന്ന ചോദ്യമാണ് ബിസിനസ് ലോകത്ത് ഇപ്പോൾ ഉയരുന്നത്.

നൂഡിൽസും ബിസ്‌കറ്റും മുതൽ നെയ്യും ജീൻസുംവരെ

അനൗദ്യോഗികമായി അയ്യായിരം കോടിയുടെ വിറ്റുവരവുണ്ടെന്ന് വിലയിരുത്തപ്പെടുന്ന പതഞ്ജലിയുടെ ബ്രാൻഡിൽ നൂഡിൽസും ആട്ടയും ബിസ്‌കറ്റും നെയ്യും പാൽപ്പെടിയും കാലിത്തീറ്റയും മുതൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ജീൻസുവരെ ഇടംപിടിച്ചിട്ടുണ്ട്. വെറും കൺസ്യൂമർ ഉൽപന്നങ്ങൾ മാത്രമല്ല കമ്പനി ഉദ്ദേശിക്കുന്നതെന്നും കമ്പനിയുടെ ഉൽപന്നങ്ങൾ കൊണ്ടു നിറയ്ക്കാവുന്ന ഒരു സൂപ്പർമാർക്കറ്റ് ശൃംഖലതന്നെയാണ് ബാബയുടെ മനസ്സിലിരിപ്പെന്നും ഉള്ള സൂചനകളാണ് പുറത്തുവരുന്നത്. മരുന്നും സൗന്ദര്യ വർധക ഉൽപന്നങ്ങളും ഇതിനു പുറമെയാണ്. ആദ്യഘട്ടത്തിൽ ഉത്തരാഖണ്ഡിൽ മാത്രം അറിയപ്പെട്ടിരു്‌ന കമ്പനി ഇപ്പോൾ രാജ്യമെങ്ങും നെറ്റ് വർക്കുകളുമായി വളരുന്നു.

പക്ഷേ, പൂർണമായും സ്വദേശിയെന്നും മായമില്ലാത്ത ഉൽപന്നങ്ങളെന്നും അവകാശപ്പെട്ട വിപണിയിലെത്തുന്ന ഉൽപന്നങ്ങൾ അങ്ങനെയല്ലെന്ന വാദം ശക്തമാണ്. പല മരുന്നുകളും ഉൽപാദിപ്പിക്കുന്നത് നിരോധിക്കപ്പെട്ട സാമഗ്രികൾ കൊണ്ടാണെന്നതാണ് ആദ്യം ഉയർന്ന ആരോപണം. ഉ്ൽപന്നങ്ങളിൽ മൃഗക്കൊഴുപ്പും മനുഷ്യന്റെ എല്ലുപൊടിയും ഉണ്ടെന്ന വിവാദങ്ങളും ഉയർന്നു. സിപിഐ(എം) നേതാവ് ബൃന്ദ കാരാട്ട് ഈ വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നതോടെ മോദി അധികാരത്തിലെത്തുന്ന കാലത്ത് ഈ വിഷയം അദ്ദേഹവും ബാബയും തമ്മിലുള്ള അടുപ്പംകൊണ്ടുതന്നെ ഏറ ചർച്ചചെയ്യപ്പെട്ടു. ഇക്കാലത്ത് അഴിമതി വിരുദ്ധ പ്രവർത്തകനായി ബാബ ദേശീയ ശ്രദ്ധയിൽ അവതരിക്കാൻ ശ്രമിച്ചു.

അണ്ണാ ഹസാരെയുമായി ചേർന്ന് ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടന്ന സമരനാടകത്തിനൊടുവിൽ വേദിയിൽ നിന്ന് അറസ്റ്റുചെയ്യപ്പെടുന്നത് ഒഴിവാക്കാൻ സ്ത്രീവേഷത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചതുൾപ്പെടെ വിവാദങ്ങളിൽ ഇടംപിടിച്ചു. 2011-12 കാലത്ത് 450 കോടിയുടെ വിറ്റുവരവുണ്ടായിരുന്ന പതഞ്ജലി മോദി അധികാരത്തിലെത്തിയതിനു ശേഷം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. തൊട്ടടുത്ത വർഷം 850 കോടിയായും 2013-14 വർഷം 1200 കോടിയായും ഉയർന്നു. പിന്നത്തെ വർഷം 2500 കോടിയിലേക്ക് കുതിച്ചു. അതോടെ ഈ അസ്വാഭാവിക വളർച്ച ഇപ്പോൾ വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയാണ്. എങ്ങനെയാണ് ബിസിനസ് വിപുലപ്പെടുത്താനുള്ള പണം ഒഴുകിയെത്തുന്നതെന്നും യോഗയുടെ പ്രചാരകരായിരുന്ന ബാബയും ആയുർവേദ വൈദ്യനായി അറിയപ്പെട്ട ബാലകൃഷ്ണയും നേതൃത്വം നൽകുന്ന കമ്പനിയുടെ മൂലധനം വന്നതെവിടെനിന്നെന്നും ഉള്ള ചോദ്യവും ഉയരുന്നു.

ഇതിനു പുറമെയാണ് പശുവിൻ പാലിൽ നിന്നുമാത്രം ഉണ്ടാക്കുന്ന നെയ്യ് വിപണിയിലെത്തിക്കുന്നു എന്നു അവകാശപ്പെടുന്ന കമ്പനിയുടെ ഹരിദ്വാറിലെ പഌന്റിൽ കർണാടകം വിപണിയിലെത്തിക്കുന്ന വെണ്ണ കണ്ടെത്തിയതിനെ ചൊല്ലിയും മറ്റും ഉയരുന്ന വിവാദങ്ങൾ. സ്ത്രീകൾക്കായി സ്വദേശി ജീൻസ് ഈ മാസം പുറത്തിറക്കിയ ബാബാ രാംദേവ് അവകാശപ്പെട്ടത് ഇത് ലൂസായ ജീൻസാണെന്നും ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ച രീതിയിൽ ധരിക്കാമെന്നുമായിരുന്നു.

ഇത്തരത്തിൽ അഞ്ഞൂറോളം വ്യത്യസ്ത ഉൽപന്നങ്ങൾ പുറത്തിറക്കുന്ന വൻകിട കമ്പനിയായി പജഞ്ജലിയും രാംദേവ് മുതലാളിയും മാറുകയും സിഇഒ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്യുമ്പോൾ അംബാനിമാരും അദാനിമാരും മാത്രമല്ല രാംദേവിനെ പോലെയുള്ളവരും ബിസിനസ് രാജാക്കന്മാരാകുന്നതിന്റെ അണിയറക്കഥകൾ തേടിത്തുടങ്ങുകയാണ് ഇന്ത്യൻ വ്യവസായ ലോകം.