- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണ വാനുകൾ കാരവാനായി മാറുന്നത് ഒറ്റരാത്രി കൊണ്ട്; കേരളത്തിൽ നികുതി അടയ്ക്കാതെ ഇതരസംസ്ഥാന രജിസ്ട്രഷനുകളിലുള്ള കാരവാനുകൾ ഷൂട്ടിങ് സൈറ്റുകളിൽ വ്യാപകം;സംസ്ഥാനത്ത് കാരവാൻ മാഫിയ
തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് കാക്കനാട് സിനിമാഷൂട്ടിങിനായി കൊണ്ടുവന്ന രണ്ട് കാരവാനുകൾ മോട്ടോർ വെഹിക്കിൾ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത് വലിയ വാർത്തയായിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാരവാനുകൾ നികുതിയടയ്ക്കാതെ കേരളത്തിലെ റോഡുകളിൽ ഓടിച്ചതാണ് കാരവാനുകൾ പിടിച്ചെടുക്കുന്നതിന് കാരണമായത്. നിയമവിരുദ്ധമായി ഓടുന്ന കാരവാനുകൾ കേരളത്തിൽ ഷൂട്ടിങ് സൈറ്റുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി വളരെകാലമായി ഉയരുന്നുണ്ട്.
ഇതരസംസ്ഥാന രജിസ്ട്രേഷൻ നടത്തിയ ശേഷം നികുതിയടയ്ക്കാതെ കേരളത്തിലെ നിരത്തുകളിൽ ഓടുക, സാധാരണ വാനുകൾ നിയമവിരുദ്ധമായി കാരവാനായി രൂപമാറ്റം നടത്തുക, സ്വകാര്യ കാരവാനുകൾ വാടകയ്ക്ക് നൽകുക എന്നിങ്ങനെയുള്ള മോട്ടോർ വാഹന നിയമങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഈ മേഖലയിൽ സജീവമാണ്.
ഇതരസംസ്ഥാന രജിസ്ട്രേഷനുകൾ
ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിൽ ഓടണമെങ്കിൽ ഇവിടെ നികുതി നൽകേണ്ടതായുണ്ട്. എന്നാൽ കേരളത്തിൽ കാരവാനുകൾ രജിസ്റ്റർ ചെയ്യുന്നതിലുള്ള നൂലാമാലകളും അധികനികുതിയും മൂലം ഇവിടത്തെ കാരവാനുകൾ മറ്റ് സംസ്ഥാനങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിൽ നികുതി അടയ്ക്കാതെ നിയമവിരുദ്ധമായി ഓടുകയാണ് പതിവ്. കേരളത്തിലാണ് ഓടുന്നത് എന്നതുകൊണ്ട് രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളിൽ നികുതി അടയ്ക്കാനും അവർ മെനക്കെടാറില്ല. സിനിമാഷൂട്ടിങ്ങിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന വാഹനങ്ങളും കേരളത്തിൽ നികുതി അടയ്ക്കാൻ മെനക്കെടാറില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാക്കനാട് ഒരു സിനിമാ ഷൂട്ടിങ് സൈറ്റിൽ നിന്നും ഇത്തരത്തിൽ നികുതി വെട്ടിച്ച കേസിനായിരുന്നു രണ്ട് കാരവാനുകൾ പിടിച്ചെടുത്തത്. എന്നാൽ പിടിച്ചെടുക്കലുകൾ അത്യപൂർവമാണ്. ഈ വാഹനങ്ങളിലധികവും രാത്രിയാണ് യാത്ര ചെയ്യുന്നതെന്നതുകൊണ്ട് ഇത് പലപ്പോഴും എംവിഡിയുടെ കണ്ണിൽ പെടാറില്ല. മാത്രമല്ല കാരവാൻ പിടിച്ചെടുത്താൽ സംരക്ഷിക്കുന്നത് തലവേദനയായതുകൊണ്ട് പലപ്പോഴും ഉദ്യോഗസ്ഥർ കണ്ണടയ്ക്കാറാണ് പതിവ്.
വാടകയ്ക്ക് ഓടുന്ന സ്വകാര്യ കാരവാനുകൾ
സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ പാടില്ല എന്ന കർശന നിയമം നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. എന്നാൽ സ്വകാര്യ രജിസ്ട്രേഷനുകൾ ഉള്ള കാരവാനുകൾ ഷൂട്ടിങ് സൈറ്റുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം മൂന്നാറിൽ എംവിഡി ഉദ്യോഗസ്ഥർ പിടിച്ച രണ്ട് കാരവനുകളിലൊന്ന് ഇത്തരത്തിലുള്ളതായിരുന്നു. അതിന്റെ ആർസി ബുക്കിൽ പ്രൈവറ്റ് കാർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ടാക്സി വാഹനങ്ങളുടെ നികുതി വെട്ടിക്കുന്നതിന് കൂടി വേണ്ടിയാണ് കാരവാനുകൾ സ്വകാര്യ രജിസ്ട്രേഷൻ നടത്തുന്നത്. ടാക്സി വാഹനങ്ങൾ ഒരു ക്വർട്ടർ ടാക്സ് അടക്കുന്നത് 90 ദിവസത്തേക്കാണ്. സ്വകാര്യവാഹനങ്ങൾ ഒരു വർഷത്തിലൊരിക്കാൽ ടാക്സ് അടച്ചാൽ മതി. അഥവാ ഇത് പിടിക്കപ്പെട്ടാലും ടാക്സി വാഹനങ്ങൾ അടക്കേണ്ട ടാക്സിനു തുല്യമായ തുക ഫൈനായി ഈടാക്കി വിട്ടയക്കുകയാണ് ചെയ്യുന്നത്. ഏതുതരത്തിൽ നോക്കിയാലും അവർക്ക് ലാഭം. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ഇപ്പോൾ വ്യാപകമാകുന്നുവെന്നും പരാതിയുണ്ട്.
കാരവാൻ ടൂറിസത്തെ തകർക്കുന്ന തട്ടിപ്പ്
സംസ്ഥാന സർക്കാർ ഇപ്പോൾ കാരാവാൻ ടൂറിസം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കാരവാനുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോഴും അതിന്റ മറവിലും ഇക്കൂട്ടർ ഗുരുതര ചട്ടലംഘനമാണ് നടത്തുന്നത്. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്ട്രെഷൻ ചെയ്തിട്ടുള്ള നിരവധി കാരവാനുകളാണ് നികുതി വെട്ടിച്ച് കേരളത്തിലേയ്ക്കെത്തുന്നത്. പ്രൈവറ്റ് വാഹങ്ങളായതിനാൽ ചെക്പോസ്റ്റിൽ മറ്റു പരിശോധനകൾക്ക് വിധേയമാകാതെ കേരത്തിലേക്കു കടക്കാനും ഇവർക്കെളുപ്പമാണ്. ഈ വാഹനങ്ങളിൽ പലതിനും കൃത്യമായ രേഖകളോ ഫിറ്റാനസ് മാനദണ്ഡങ്ങളോ ഇല്ലെന്ന് എംവിഡി ഉദ്യോഗസ്ഥരും അംഗീകരിക്കുന്നു.
വാനുകൾ കാരവാനുകളാകുന്ന മാജിക്
സാധാരണ വാനുകളെ രൂപമാറ്റം വരുത്തി അശാസ്ത്രീയമായി കാരവാനുകളാക്കുന്നത് നിയമവിരുദ്ധമാണ്. അത് വാഹനത്തിന്റെ വെയ്റ്റ് ബാലൻസിങ് നഷ്ടപ്പെടുന്നതിനും അപകടങ്ങളുണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ കേരളത്തിൽ ഓടുന്ന കാരവാനുകളുമുണ്ട്. കഴിഞ്ഞ ദിവസം മൂന്നാറിൽ പിടിച്ചടുന്ന രണ്ട് കാരവാനുകളും ഇത്തരത്തിലുള്ളതാണ്.
തൃശൂർ അയ്യന്ദോൾ സ്വദേശിയുടെ പേരിലുള്ള 18സീറ്റ് പെർമിറ്റുള്ള ഫോഴ്സ് ട്രാവലർ, സീറ്റുകൾ അഴിച്ചു മാറ്റി ബെഡ്ഡും ബാത്ത് റൂമും അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് കാരവാനാക്കിയിരിക്കുന്നത്. മറ്റൊന്ന് തൃശൂർ ചുവന്നമണ്ണ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് രജിസ്‌ട്രെഷനിലുള്ള മിനി ബസ്സും കാരവാനാക്കി മാറ്റിയിരിക്കുന്നു. ഇതിന്റ ആർസി ബുക്കിൽരേഖപ്പെടുത്തിയിരിക്കുന്നത് മോട്ടോർ കാർ എന്നാണ്. സംസ്ഥാനസർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റിൽ ഇത് ഫിനാൻസ് കുടിശ്ശകയുള്ളതിന് കേസ് നിലനിൽക്കുന്ന വാഹനമാണെന്നും പറയുന്നു. ഈ രണ്ടുവാഹങ്ങളും മൂന്നാർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇത്തരത്തിൽ നിയമവിരുദ്ധമായി സർവീസ് നടത്തുന്ന കാരവാനുകൾക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്നത് സിനിമാ മേഖലയിലെ ഒരു സംഘടനയാണെന്ന ആരോപണം ഉയർന്നുവന്നിട്ടുണ്ട്. മലയാളത്തിൽ ഇറങ്ങാൻ പോകുന്ന ഒരു യുവതാരചിത്രത്തിൽ ഇത്തരം നിയമവിരുദ്ധ കാരവാനുകളെ ഉൾപ്പെടുത്തി അഫിഡവിറ്റ് ഒപ്പിട്ട് നൽകിയിരിക്കുന്നത് ഈ സംഘടനയുടെ ട്രഷററാണ്. ട്രൈഡ് യൂണിയൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു യൂണിയൻ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നതിനു ചുക്കാൻ പിടിക്കുന്നതിൽ സിനിമാമേഖലയ്ക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയരുന്നുണ്ട്.