- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംടെക് വിദ്യാർത്ഥി ആയിരിക്കെ നജീബ് വീട് വിട്ടിറങ്ങിയത് കൂട്ടുകാരെ കാണാൻ എന്ന് പറഞ്ഞ്; ഐഎസിൽ ചേർന്നെന്ന് അറിയിച്ചതോടെ മാതാവും സഹോദരനും പൊന്മളയിലെ വീട് പൂട്ടി താമസം മാറി; മലയാളി ഭീകരൻ കൊല്ലപ്പെട്ടത് 2018 ൽ; പിന്നാമ്പുറ കഥകൾ ഇങ്ങനെ
മലപ്പുറം: ഐ.എസിൽ ചേർന്ന മലപ്പുറം സ്വദേശിയായ നജീബ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത് മൂന്ന് വർഷം മുമ്പ്. ഐഎസ് മുഖപത്രത്തിൽ വാർത്ത വന്നതിനെ തുടർന്നാണ് മലയാളികൾ നജീബിന്റെ മരണം ചർച്ച ചെയ്യുന്നത്. നജീബ് ഐ.എസിലേക്കു പോയ വിവരവും ഇതിന്റെ പിന്നാമ്പുറക്കഥകളും ഇങ്ങനെ:
2017ൽ ഹൈദരാബാദ് വിമാനത്തവളം വഴിയാണ് മലപ്പുറം പൊന്മള സ്വദേശിയായ 23വയസ്സുകാരൻ നജീബ് യു.എ ഇയിലേക്ക് വിമാനം കയറിയത്. തുടർന്ന് യു.എ.ഇയിൽ നിന്ന് ഇറാനിലേക്ക് കടന്നു. ആറാം ക്ലാസ് മുതൽ ബി.ടെക്ക് വരെ യു.എ.ഇയിൽ തന്നെയാണ് പഠിച്ച് വളർന്നത്. പിതാവും ഈസമയത്ത് യു.എ.ഇയിൽ തന്നെയായിരുന്നു. ഏറെ വർഷം ഗൾഫിൽ ജീവിച്ചതുകൊണ്ടുതന്നെ നജീബിന് നാട്ടിൽ ബന്ധങ്ങൾ കുറവാണ്. തുടർന്നാണ് മറ്റു കുടുംബാംഗങ്ങളോടൊപ്പം നജീബ് നാട്ടിൽ സ്ഥിരതാമസമാക്കിയത്.
തമിഴ്‌നാട് വെല്ലൂർ വി.ഐ.ടി യൂണിവേഴ്സിറ്റിയിൽ എം.ടെക്ക് വിദ്യാർത്ഥിയായിരിക്കെയാണ് നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയില്ല. തുടർന്ന് ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് ഫോൺ വിളിച്ചു. താൻ യഥാർത്ഥ ഇസ്ലാമിക രാജ്യത്ത് എത്തിയെന്നും സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞു. ഇതിനു ശേഷം ടെലഗ്രാം വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇതനുസരിച്ച് നജീബ് ടെലഗ്രാം അക്കൗണ്ടിൽ നിന്നും മാതാവിന്റെ ഫോണിലേക്ക് ജിഹാദി സന്ദേശങ്ങൾ അയച്ചുതുടങ്ങി.
ഐ.എസിലെത്തുന്നവർ അബൂ എന്ന് തുടങ്ങുന്ന പേര് സ്വീകരിക്കുന്നതാണ് പതിവ്. അബൂ ബാസിർ എന്നാണ് തന്റെ പുതിയ നാമമെന്നും നജീബ് പറഞ്ഞു. എന്നാൽ വേഗം തിരികെ വരണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും മാതാവ് പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. താൻ ഹിജ്റ പോയതാണ്. എന്നെ ഇനി അന്വേഷിക്കുകയോ പൊലീസിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നായിരുന്നു നജീബിന്റെ മറുപടി. സന്ദേശത്തിൽ വീട്ടുകാരോട് ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ഹിജ്റ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഒരു മാസത്തെ വിസ കാലാവധിയിലായിരുന്നു നജീബ് രാജ്യം വിട്ടത്. വിസ കാലാവധി കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ നജീബ് ഐ.എസിൽ എത്തിയെന്നത് അന്വേഷണ ഏജൻസികൾക്കും ബലപ്പെട്ടു. താൻ ലക്ഷ്യസ്ഥാനത്തേക്ക് ഹിജ്റക്ക് വന്നെന്നും ഞങ്ങൾ മരണം വരിക്കാനായി കാത്തിരിക്കുന്നുവെന്നും നജീബ് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. നജീബിന്റെ ഫോട്ടോയും മാതാവിനയച്ച സന്ദേശങ്ങളും പിന്നീട് പൊലീസിന് ലഭിച്ചു. വൃത്തികെട്ട കുഫ്ഫാറുകളുടെയും (അവിശ്വാസികൾ), മുനാഫിഖുകളുടെയും (കപട വിശ്വാസികൾ) കൂടെ ജീവിച്ചാൽ പരലോകം നശിക്കുമെന്നും അതിനാൽ ഹിജ്റ പോകണമെന്നുമാണ് നജീബ് ഈ സന്ദേശത്തിൽ പറഞ്ഞത്.
എന്നാൽ ഹിജ്റ പോകാൻ ക്ഷണിച്ച മകനോട് ഞങ്ങൾ ഇന്ത്യക്കാരാണ്, ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, ഞങ്ങൾക്ക് ഇവിടെ ജീവിക്കണമെന്നുമായിരുന്നു മാതാവിന്റെ മറുപടി. ഞാൻ ശപിച്ചാൽ നിനക്ക് ഒരു സ്വർഗവും കിട്ടില്ലെന്നും മാതാവിന്റെ കാൽ പാദത്തിന് അടിയിലാണ് സ്വർഗമെന്നും, സ്വർഗം തേടി തീവ്രവാദത്തിലേക്ക് പോയ മകനോട് ഉമ്മ ഖമറുന്നിസ മറുപടി കൊടുത്തത്.
തുടർന്ന് മാതാവ് ഖമറുന്നിസ തന്നെയാണ് മലപ്പുറം പൊലീസിൽ പരാതി നൽകിയതും. മകനെ കാണാനില്ലെന്നും മകൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോയതായി സംശയിക്കുന്നതായും മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നു പൊലീസ് ഇറാൻ എംബസിയുമായി ബന്ധപ്പെടുകയും നജീബിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഇറാൻ എംബസിക്ക് കൈമാറുകയും ചെയ്തിരുന്നു.
കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കയറ്റി വിടുമെന്നും എംബസി അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നതായി കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. അതോടൊപ്പം നജീബ് പഠിച്ചിരുന്ന വെല്ലൂരിലെ കോളേജിലെത്തിയും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദേശത്തും മറ്റുമുള്ള ചില ബന്ധങ്ങൾ വഴി ഓൺലൈൻ ക്ലാസുകൾ വഴിയാണ് നജീബ് ഐ.എസിൽ ആകൃഷ്ടനായതെന്നാണ് തുടരന്വേഷണത്തിൽ പൊലീസിന് ലഭ്യമായത്.
നജീബ് വീട്ടിൽവെച്ചുപോയ ലാപ്ടോപ്പും മറ്റും പരിശോധിച്ചതിൽനിന്ന് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പൊലീസിന് ലഭ്യമായി. സംഭവത്തെ തുടർന്ന് പൊന്മളയിലെ വീട്ടിൽ നിന്ന് മാതാവും സഹോദരനും വീട് പൂട്ടി താമസം മാറി. പിന്നീട് 2018 മേയിൽ നജീബ് ഉൾപ്പടെ നാല് മലയാളികൾ കൂടി അഫ്ഗാനിലെ ഖുറാസാൻ, സിറിയ, ഇറാഖിലെ മൊസൂൾ എന്നിവിടങ്ങളിൽ നടന്ന യുദ്ധത്തിൽ മരണപ്പെട്ടതായി ഐ.എസിലെ മറ്റു മലയാളികൾ വഴി ടെലഗ്രാമിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് നാട്ടിലേക്ക് സന്ദേശം വന്നിരുന്നു.
പാക്കിസ്ഥാൻ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് നജീബ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് ഐഎസ് ഖൊറാസൻ പ്രവിശ്യയുടെ മുഖപത്രം വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ യുവാവ് ഐസിസിൽ ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. ഒരു സുഹൃത്തിന്റെ നിർബന്ധത്തിലാണ് നജീബ് പാക്കിസ്ഥാൻ സ്വദേശിനിയെ വിവാഹം കഴിച്ചത്. വിവാഹം നടന്ന് മണിക്കൂറുകൾക്ക് പിന്നാലെ യുദ്ധമുഖത്തേക്ക് പോയ നജീബ് ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.