തിരുവനന്തപുരം: പിണറായി സർക്കാർ ഏറെ പ്രതീക്ഷയോടെയാണ് അധികാരമേറ്റത്. നട്ടെല്ലുള്ള മുഖ്യമന്ത്രി എന്ന നിലയിൽ ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ആ പ്രതീക്ഷ നിലനിർത്തുന്ന സമീപനങ്ങളായിരുന്നു സർക്കാരിന്റെ തുടക്കത്തിൽ. സർക്കാർ ഉദ്യോഗസ്ഥർക്കും മാഫിയകൾക്കും എതിരെ ഉറച്ച പ്രഖ്യാപനങ്ങൾ ഉണ്ടായി. അഴിമതിക്കെതിരെ വൻ വിപ്ലവം ഉണ്ടാകുമെന്ന പ്രതീക്ഷ നൽകി. വികസന കാര്യത്തിൽ ഉമ്മൻ ചാണ്ടിയെയും തോല്പിക്കുന്ന ഇച്ഛാശക്തി കാട്ടി.

എന്നാൽ കേവലം പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേയ്ക്ക് അത് വളർന്നോ? 100 ദിവസം തികയ്ക്കുന്ന സർക്കാർ തുടക്കത്തിലെ പ്രതീക്ഷ നിലനിർത്തുന്നുണ്ടോ? സാധാരണക്കാരന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ? അതോ മുൻ ഭരണത്തിന്റെ കേവല തുടർച്ച മാത്രമാണോ ഇപ്പോൾ നടക്കുന്നത്? വിവാദങ്ങളും വിഷയങ്ങളും സർക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷകൾ കെടുത്തിയോ? ചാനൽ ബ്രേക്കിങ് ന്യൂസുകൾക്കും പത്ര വാർത്തകൾക്കും അപ്പുറം കേരളത്തിലെ ജനങ്ങൾ എങ്ങനെയാണ് പിണറായി സർക്കാരിനെ കാണുന്നത് എന്നു കണ്ടെത്താനുള്ള സർവ്വേയാണ് മറുനാടൻ നടത്തുന്നത്. ഇന്നു മുതൽ മൂന്നു ദിവസം ഈ സർവ്വേയിൽ ആളുകൾക്ക് വോട്ടു ചെയ്യാം. ശനിയാഴ്ച വിശദമായ സർവ്വേ ഫലം പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

അധികാരമേൽക്കും മുമ്പു മുതൽ വിവാദങ്ങൾ കൂടപ്പിറപ്പായ സർക്കാരായിരുന്നു പിണറായിയുടേതെന്ന് പറയാം. സത്യപ്രതിജ്ഞയ്ക്കു മുമ്പ് ദേശീയപത്രങ്ങളിൽ പരസ്യം നൽകിയതു മുതൽ തുടങ്ങിയ വിവാദങ്ങൾ. അതിരപ്പള്ളി, മുല്ലപ്പെരിയാർ, എം കെ ദാമോദരന്റെ നിയമോപദേഷ്ടാവായുള്ള നിയമനം, ഗീതാഗോപിനാഥിന്റെയും ജോൺ ബ്രിട്ടാസിന്റെയും നിയമനം, വിഎസിന്റെ ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തിനായി സ്വീകരിച്ച നടപടികൾ തുടങ്ങി ശബരിമല വിവാദവും ഏറ്റവുമൊടുവിൽ ഓഫീസുകളിലെ ഓണാഘോഷ വിവാദവും വരെ ചെറുതും വലുതുമായ വിവാദപ്പെരു മഴയാണ് ഉണ്ടാക്കിയത്. മിക്കവയും മാദ്ധ്യമ സൃഷ്ടികളായിരുന്നുവെങ്കിലും സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ മൗനവും വിശദീകരണങ്ങളില്ലായ്മ്മയും ഇവയെല്ലാം വലുതായി ചർച്ച ചെയ്യപ്പെടാൻ ഇടയൊരുക്കി. ക്യാബിനറ്റ് ബ്രീഫിംഗിന് പത്രസമ്മേളനം നടത്താത്തതും വിവരാവകാശം സംബന്ധിച്ച് സുതാര്യത വരുത്താത്തതുമെല്ലാം സർക്കാരിന്റെ വാദങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് കുറച്ചെങ്കിലും വിലങ്ങു തടിയായി.

പക്ഷേ, ഈ വിവാദങ്ങൾക്കപ്പുറത്ത് ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തിയെന്നത് മറ്റൊരു വസ്തുതയാണ്. പാരമ്പര്യ സ്വത്തുകൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയെന്ന ചീത്തപ്പേരൊഴിച്ചാൽ അടുത്ത ഒരുവർഷം നാടിന് നല്ലകാര്യങ്ങൾ ഒട്ടേറെ നിർദ്ദേശിച്ച ബജറ്റാണ് പിണറായി സർക്കാരിനുവേണ്ടി മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. അഴിമതി ഇല്ലാതാക്കാൻ വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസിനെ നിയമിച്ചത്, ഉദ്യോഗസ്ഥതലത്തിലെ കറതീർന്ന ഇടപെടലുകൾക്ക് യോജിച്ച രീതിയിൽ നളിനി നെറ്റോയെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയത്, ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ എക്‌സൈസ് വകുപ്പിന് ആദ്യമായി സേനയുടെ മുഖം നൽകിയത്, സർക്കാരിന്റെ ഇടപെടലില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചത് തുടങ്ങി ചങ്കൂറ്റമുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ കഴിവുകൾ ഉപയോഗിച്ച് നാടിനെ നന്നാക്കാൻ അവസരം നൽകിയ സർക്കാർ വലിയൊരു വിഭാഗത്തിന്റെ കയ്യടി നേടി. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനം പാലിക്കുന്നതിനുള്ള ചുവടുവെപ്പായി ഇത്തരം നീക്കങ്ങൾ മാറി. ഇ്ക്കൂട്ടത്തിൽ ചങ്കൂറ്റത്തോടെ കാര്യങ്ങൾ ചെയ്‌തെങ്കിലും പിറന്നാളാഘോഷത്തിൽ ചുവടുപിഴച്ച് തച്ചങ്കരിയുടെ കസേരയിളകിയതു മാത്രമാണ് ഒരു അപവാദമായത്. അതോടെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള ഒരു ഉദ്യോഗസ്ഥൻ മൂലയ്ക്കിരിക്കുന്ന സ്ഥിതിയുണ്ടായി. മുടങ്ങികിടന്ന ക്ഷേമപെൻഷൻ വീടുകൾ എത്തിച്ചു നൽകാൻ സാധിച്ചു എന്നതാണ് അവരുടെ ഈ സർക്കാറിന്റെ അവസാനത്തെ നേട്ടമായി വിലയിരുത്തുന്നത്.

പക്ഷേ, നൂറുദിവസം ഒരു സർക്കാരിന്റെയും പൂർണമായ പ്രവർത്തനങ്ങളുടെ വിലയിരുത്തലാവില്ല. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുന്നുണ്ടോ എന്നതിന്റെ ഉരകല്ലായി ഈ ദിനങ്ങളെ വിലയിരുത്തുമ്പോൾ നടപടികൾക്ക് ശക്തിപോരെന്ന വാദം പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഏറ്റവുമൊടുവിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മാണിയോട് ആദ്യം അനുകമ്പ കാണിച്ച് കൂടെക്കൂട്ടാൻ ശ്രമിച്ചെന്നും വെള്ളാപ്പള്ളിയോട് വിട്ടുവീഴ്‌ച്ചയ്ക്ക് സർക്കാർ ശ്രമിക്കുന്നുവെന്നുമുള്ള വാർത്തകൾ പുറത്തുവരുമ്പോൾ ബിജെപി ഉയർത്തുന്ന ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റെ അലയൊലികൾ ചിലരെങ്കിലും അതിൽ കണ്ടേക്കാം. തിരഞ്ഞെടുപ്പു കാലത്ത് ഉന്നയിച്ച അഴിമതികളിൽ ശക്തവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാകുകയും തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുകയും ചെയ്‌തെങ്കിലേ ഈ ചിന്തകൾ ജനമനസ്സുകളിൽ തിരുത്തപ്പെടൂ.

പക്ഷേ, ഈ വിവാദപ്പെരുമഴയിൽപ്പെട്ട് മുങ്ങിപ്പോയ നിരവധി നല്ലകാര്യങ്ങളും ഇക്കാലയളവിൽ സർക്കാർ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. കാർഷികരംഗത്തും വ്യാവസായിക രംഗത്തും തൊഴിൽരംഗത്തുമെല്ലാം താഴേത്തട്ടിൽ ഉണർവുണ്ടായത് നിരവധി പാവപ്പെട്ടവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നുണ്ട്. കശുവണ്ടി മേഖലയിൽ ഉണ്ടായ ഉണർവ് ശക്തമായിത്തന്നെ ഇടതുപക്ഷത്തിന് ഭാവിയിലും മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. ഏറെക്കാലമായി പൂട്ടിക്കിടന്ന ഫാക്ടറികൾ തുറന്നത്, തരിശുഭൂമികളിൽ കൃഷിയിറക്കാൻ തീരുമാനിക്കുന്നത്, പാവപ്പെട്ടവരുടെ ഏക ആശ്രയമായ ക്ഷേമപെൻഷനുകൾ കുടിശ്ശിക തീർത്ത് നൽകിത്തുടങ്ങിയത്, അവയിൽ ചെറുതെങ്കിലും വർധനവുവരുത്തുന്നത് തുടങ്ങി നിരവധി കൊച്ചുകാര്യങ്ങൾ. പക്ഷേ ചെറുതെങ്കിലും അത്തരം നടപടികളിൽ അരപ്പട്ടിണിക്കാർക്കും മുഴുപ്പട്ടിണിക്കാർക്കും കിട്ടുന്ന വലിയ വലിയ സഹായങ്ങളായി മാറുന്നതുണ്ട്. മാദ്ധ്യമ ബഹളങ്ങളിൽ പുറത്തുവരുന്നില്ലെങ്കിലും.

ഇതോടൊപ്പമാണ് കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ നല്ലവയെ പ്രകീർത്തിച്ചും കൂട്ടുപിടിച്ചും നല്ല ബന്ധം നിലനിർത്തി കൂടുതൽ സഹായം തേടിയുമെല്ലാം പിണറായിയുടെ നേതൃത്വത്തിൽ നടപ്പാക്കിത്തുടങ്ങുന്ന വൻകിട സ്വപ്നപദ്ധതികൾ. വാചകക്കസർത്തിന്റെ ബലത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ ഉദ്ഘാടന മഹാമഹങ്ങൾക്കപ്പുറവും നടപ്പാവാതെ ഉറങ്ങിക്കിടക്കുന്ന നല്ലപദ്ധതികൾക്ക് ജീവൻവയ്പിച്ചും വിഴിഞ്ഞവും കണ്ണൂർ വിമാനത്താവളവും ഗെയ്ൽ പദ്ധതിയുമെല്ലാം ഉഷാറാക്കിയും വലിയ പ്രചരണകോലാഹലമില്ലാതെ കാര്യങ്ങൾ ഒരുവഴിക്ക് മുന്നോട്ടു കുതിച്ചുതുടങ്ങുന്നുണ്ട്. പൊലീസ് സേനയിലെ ക്രിമിനൽവൽക്കരണത്തിന് തടയിടാൻ കണക്കെടുപ്പ് തുടങ്ങിയെങ്കിലും അതിന്മേൽ എത്രത്തോളം നടപടിയുണ്ടാകുമെന്നതും ചർച്ചയായിക്കഴിഞ്ഞു.

ഇതിനപ്പുറത്ത് മറ്റൊരു ചർച്ചയും നടക്കുന്നു. മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് രാഷ്ട്രീയ സംഘട്ടനങ്ങൾക്ക്, കൊലപാതക രാഷ്ട്രീയത്തിന് കരുത്തുകൂടുന്ന കാലമായി പിണറായി ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ഈ നൂറുദിനങ്ങൾ കടന്നുപോകുന്നുവെന്ന വാദം പ്രബലമായി നിൽക്കുന്നു. അതുപോലെ മതനിരപേക്ഷതയ്ക്കപ്പുറത്ത് മതങ്ങളുടെ വിഷയങ്ങളിൽ സർക്കാർ കൂടുതൽ കൈകടത്തുന്നുവെന്ന വാദവും മതപരമായ ആഘോഷങ്ങളിൽ പക്ഷംചേരുന്നുവെന്ന ആരോപണവും ശക്തമാകുന്നു.

ഇത്തരത്തിൽ വലിയതോതിൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ നൂറുദിവസത്തെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും മാർക്കിടുമ്പോൾ ഒരു കാര്യം ഉറപ്പാണ്. പുതുമയുള്ള നിരവധി ആശയങ്ങൾ, അല്ലെങ്കിൽ ഇതുവരെ കാണാത്ത ചില സമീപനങ്ങൾ ഈ സർക്കാരിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അതിൽ മിക്കവയും കേരളത്തിന്റെ നന്മയും ഭാവിയും ഉദ്ദേശിച്ചുള്ള ഗുണപരമായ നീക്കങ്ങളാണോ, അല്ലെങ്കിൽ അത്തരം നീക്കങ്ങൾ നാടിന് ദോഷകരമാണോ എന്ന വിലയിരുത്തലിനുള്ള അവസരമാണ് മറുനാടൻ മലയാളി ഒരുക്കുന്നത്. മുൻപ് തെരഞ്ഞെടുപ്പ് വേളയിൽ മറുനാടൻ നടത്തിയ ഓൺലൈൻ സർവേയെ മാതൃകയാക്കിയാണ് പുതിയ സർവേയും. മോദി സർക്കാറിനെ വിലയിരുത്താനുള്ള ചോദ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് സർവേ.

പിണറായി സർക്കാരിനെ എങ്ങനെ വില ഇരുത്തുന്നു? എന്ന ചോദ്യത്തോടൊപ്പം അഞ്ച് ഒപ്ഷനുകൾ നൽകിയിട്ടുണ്ട്. ഇതിൽ നിങ്ങളുടെ അഭിപ്രായം ക്ലിക് ചെയ്യാം. ഈ വിധത്തിലാണ് സർവേക്കുള്ള ചോദ്യങ്ങൾ. 100 ദിവസത്തെ പ്രവർത്തി കൊണ്ട് ആരാണ് മികച്ച മന്ത്രിയെന്ന് തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 100 കാലയളവിൽ ഉണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സർവേയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 17 ചോദ്യങ്ങളാണ് സർവേയിൽ മറുനാടൻ വായനക്കാർക്ക് മുമ്പിൽ വച്ചിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വായനക്കാർക്ക് സർവേയിൽ പങ്കാളികളാകാം. അടുത്ത ഞായറാഴ്‌ച്ച വരെ സർവേയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. തിങ്കളാഴ്‌ച്ച മുഴുവൻ ഫലവും പ്രഖ്യാപിക്കുന്നതാണ്. ഇതിനിടെ സർവേയിലെ സൂചനകൾ സംബന്ധിച്ച വാർത്തയും പ്രസിദ്ധീകരിക്കുന്നതാണ്.

ജിമെയിൽ ലോഗിൻ ചെയ്‌താൽ മാത്രമേ വോട്ടു ചെയ്യാൻ സാധിക്കൂ. നിങ്ങളുടെ സിസ്റ്റത്തിൽ ജിമെയിൽ ലോഗിൻ അല്ലെങ്കിൽ അത് ചെയ്ത ശേഷം മാത്രം വോട്ടു ചെയ്യുക. ഒരിക്കൽ വോട്ടു ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യാനും സാധ്യമല്ല.