- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
299 ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസം; ആകെ കോവിഡ് മരണം 6347 ൽ നിന്നും മാറാതെ കാത്ത ദിവസം അഭിമാനത്തിന്റെ; 80 ശതമാനം പൗരന്മാരും രണ്ട് ഡോസും വാക്സിനെടുത്തു; മാസ്ക് വലിച്ചെറിഞ്ഞ് ആളുകൾ സാദാ ജീവിതത്തിലേക്ക്; ഇസ്രയേൽ കോവിഡിനെ കീഴടക്കിയ കഥ
ടെൽ അവീവ്: ഒരു ഉയർത്തെഴുന്നെൽപിന്റെ പാതയിലാണിന്ന് വാഗ്ദത്ത ഭൂമിയായ ഇസ്രയേൽ. കഴിഞ്ഞ പത്ത് മാസങ്ങൾക്കിടയിൽ ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്താത്ത ഒരു ദിവസമായിരുന്നു ഇസ്രയേലിൽ കഴിഞ്ഞ വ്യാഴാഴ്ച്ച. മാത്രമല്ല, വാക്സിൻ പദ്ധതിയിൽ ഇപ്പോഴും ലോകത്തിന്റെ മുൻനിരയിൽ തന്നെ തുടരുകയാണ് ഈ കൊച്ചു രാജ്യം. കഴിഞ്ഞവർഷം ജൂൺ അവസാനത്തിലാണ് കോവിഡ് മരണങ്ങൾ ഇല്ലാത്ത ഒരു ദിവസം ഇസ്രയേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി കോവിഡ് മരണനിരക്ക് കുത്തനെ ഇടിഞ്ഞതോടെ പല ആശുപത്രികളും കൊറോണ സ്പെഷ്യൽ വാർഡുകൾ അടച്ചുപൂട്ടാൻ തുടങ്ങിയിട്ടുമുണ്ട്.
ഇന്ന്, ഇസ്രയേലിലെ പ്രായപൂർത്തിയായവരിൽ 80 ശതമാനത്തിലധികം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. വ്യാഴാഴ്ച്ച കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ കടന്നുപോയപ്പോൾ, ബുധനാഴ്ച്ച ഒരു കോവിഡ് മരണം മാത്രമാണ് ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തത്. കൃത്യം 299 ദിവസങ്ങൾക്ക് മുൻപ് 2020 ജൂൺ 29 നായിരുന്നു കോവിഡ് മരണമില്ലാത്ത ഒരു ദിവസം ഇതിനുമുൻപ് ഇസ്രയേലിൽ ഉണ്ടായിരുന്നത്. കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തന്നെയാണ് കോവിഡ് നിയന്ത്രണത്തിൽ ഇസ്രയേലിന്റെ സഹായത്തിനെത്തിയത്.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇസ്രയേലിൽ കോവിഡ് അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയത്. പിന്നീട് അത് സാവധാനം കുറഞ്ഞുവരികയായിരുന്നു. കഴിഞ്ഞയാഴ്ച്ച ഏകദേശം ഒരു മാസമായി നിലനിൽക്കുന്ന നിർബന്ധിത മാസ്ക് ധാരണം ഇസ്രയേൽ ഒഴിവാക്കിയിരുന്നു. വാക്സിൻ പദ്ധതിയുടെ വിജയത്തെ തുടർന്നായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുത്തത്. വ്യായാമം ചെയ്യുമ്പോഴല്ലാതെ, വീടിനു വെളിയിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം എന്ന നിയമം കഴിഞ്ഞയാഴ്ച്ചയായിരുന്നു എടുത്ത് കളഞ്ഞത്.
മൊത്തം ഇസ്രയേൽ ജനതയുടെ 53 ശതമാനം പേർക്കാണ് വാക്സിന്റെ രണ്ട് ഡോസും ലഭിച്ചിരിക്കുന്നത്. ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. രോഗം ഗുരുതരമായി ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും കോവിഡ് മരണനിരക്ക് വർദ്ധിക്കുന്നത് തടയുവാനും ഇത് സഹായിച്ചു. സ്കൂളുകളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുകയും ബാറുകളിലേയും റെസ്റ്റോറന്റുകളിലേയും നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും ചെയ്തതിനു ശേഷവും വ്യാപന നിരക്ക് വളരെ കുറവാണിപ്പോൾ.
അതേസമയം, രാജ്യത്തിന് വെളിയിൽ നിന്നെത്തുന്നവരെ സംബന്ധിച്ച് ഇപ്പോഴും നിയന്ത്രണങ്ങൾ കർശനമാണ്. വിദേശികളായാലും ഇസ്രയേൽ പൗരന്മാരായാലും വിദേശത്തുനിന്നും എത്തിയാൽ ക്വാറന്റൈൻ നിർബന്ധമാണ്. അതുപോലെ, രോഗ പരിശോധനകളും. ലോക്ക്ഡൗണും വാക്സിനേഷനും മാത്രമാണ് കോവിഡിനെ തടയാൻ ഫലപ്രദമായ മാർഗ്ഗമെന്ന് ഇസ്രയേൽ തെളിയിക്കുകയാണ്.
മറുനാടന് ഡെസ്ക്