ന്യൂജേഴ്‌സി: സോഷ്യൽ മീഡിയകളിൽ വലിയതരംഗമായി പുതിയൊരു വെബ്‌സൈറ്റ്. ഈ വെബ്‌സൈറ്റ് നിങ്ങളുടെ മുഖം നോക്കി പ്രായം പ്രവചിക്കും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം, ഫോട്ടോയെടുക്കുക, എന്നിട്ട് How-Old.net എന്ന വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുക. നിമിഷങ്ങൾക്കകം വെബ്‌സൈറ്റ് പറഞ്ഞുതരും നിങ്ങൾക്ക് കാഴ്ചയിൽ എത്രപ്രായം മതിക്കുന്നുവെന്ന്.

ലോകത്തിലെ ഏറ്റവും വലിയ ടെക്കമ്പനിയായ മൈക്രോസോഫ്റ്റാണ് പുതിയ വെബ്‌സൈറ്റിന് പിന്നിൽ. മൈക്രോസോഫ്റ്റിന്റെ ഫെയ്‌സ് ഡിറ്റക്ഷൻ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്‌സ് എന്നപ്രോഗ്രാം ഉപയോഗിച്ചാണ് ഉപയോക്താക്കൾ അപ്‌ലോഡ് ഫോട്ടോ നോക്കി കമ്പ്യൂട്ടർ അൽഗോരിതം വ്യക്തിയുടെ പ്രായം പ്രവചിക്കുന്നത്.

ഇതിനോടകം നിരവധിസെലിബ്രിറ്റികളുടെ പ്രായം ഹൗഓൾഡ് നെറ്റ് പ്രവചിച്ച് കഴിഞ്ഞു. ഇതിൽ ഏറ്റവും രസകരം യഥാർത്ഥ പ്രായമല്ല പല സെലിബ്രിറ്റികൾക്കും കാഴ്ചയിൽ മതിക്കുന്നത് എന്നതാണ്. അമേരിക്കയുടെ പ്രഥമ വനിത മിഷേല് ഒബാമയുടെ യഥാർത്ഥ പ്രായം 51 വയസാണ്. എന്നാൽ ഹൗ ഓൾഡ് നെറ്റ് പറയുന്നത് മിഷേലിന് 37 വയസാണ് പ്രായം എന്നാണ്. അതുപോലെ തന്നെ 67 വയസുള്ള അമേരിക്കയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലാരി ക്ലിന്റണ് ഹൗ ഓൾഡ് നെറ്റ് നല്കിയിരിക്കുന്ന പ്രായം 40 ആണ്.

എന്നാൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്ഡ ഗേറ്റ്‌സിന്റെ കാര്യത്തിലാകട്ടെ ഹൗ ഓൾഡ്‌നെറ്റിന്റെ പ്രവചനം തലതിരിഞ്ഞ് പോയി. 59 കാരനായ ബിൽ ഗേറ്റ്‌സിന്റെ പ്രായം 77 ആണെന്നാണ് മൈക്രോസോഫ്റ്റിന്റെ ഈ സൈറ്റ് പറയുന്നത്. മൈക്രോസോഫ്റ്റിന്റെ പുതിയപരീക്ഷണ സൈറ്റ് സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ നിരവധിയാളുകളാണ് ഹൗ ഓൾഡ് നെറ്റിൽ സ്വന്തം പ്രായം നോക്കുന്നത്. തങ്ങളുടെ വെബ്‌സൈറ്റ് കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ് അധികൃതർ. സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.