- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17കാരി ഗർഭിണിയായപ്പോൾ ടിക്ക് ടോക്ക് കാമുകൻ മുങ്ങിയത് തിരൂരിലെ ബന്ധുവീട്ടിലേക്ക്; കോഴിക്കോട്ടു നിന്ന് വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടു; പാസ്പോർട്ടിന് അപേക്ഷിച്ച അമ്പിളിയെ വീഴ്ത്തിയത് പാസ്പോർട്ട് കൈപ്പറ്റാൻ ആവശ്യപ്പെട്ടുള്ള 'കള്ളക്കഥ'; വീട് സ്കെച്ച് ചെയ്ത പൊലീസ് മുത്തുമണിയെ കൈയോടെ പൊക്കി
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടിക്ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെ പൊലീസ് പിടികൂടിയത് ആഴ്ച്ചകൾ നീണ്ട അന്വേഷണത്തിലാണ്. പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച വിഘ്നേഷ് കുറച്ചുകാലമായി ഒളിവിൽ കഴിയുകയായിരുന്നു. ഇപ്പോൾ പിടികൂടിയാൽ ജയിലിൽ പോകേണ്ടി വരുമെന്നതു കൊണ്ട് തന്നെ യുവാവ് ഗൾഫിലേക്ക് മുങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇങ്ങനെ വിദേശത്തേക്ക് മുങ്ങാൻ ശ്രമിക്കവേയാണ് പൊലീസ് തന്ത്രപൂർവ്വം കെണിയൊരുക്കി വിഘ്നേഷിനെ പിടികൂടിയത്.
ടിക്ക്ടോക്കിൽ അമ്പിളി എന്നറിയിപ്പെടുന്ന വിഘ്നേഷിനെ പൊലീസ് പൊക്കിയത് തന്ത്രപരമായ ഒരു കള്ളക്കഥ മെനഞ്ഞു കൊണ്ടായിരുന്നു. ഇിതിനായി പൊലീസ് പാസ്പോർട്ട് കഥയായിരുന്നു തയ്യാറാക്കിയത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പൊലീസ് പോക്സോ ചുമത്തി അറസ്റ്റിനു ശ്രമിക്കവേയാണ് അമ്പിളി ഒളിവിൽ പോയത്.
തൃശ്ശൂർ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് യുവാവ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ കോഴിക്കോട്ടുനിന്ന് വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് അമ്പിളി പാസ്പോർട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പൊലീസ് അറിഞ്ഞത്. ഇതോടെ ഒളിവിടത്തിൽ നിന്നും വിഘ്നേഷിനെ പുറത്തു ചാടിക്കാൻ തന്ത്രപരമായ കഥയും തയ്യാറാക്കി. തുടർന്ന് അമ്പിളിയുടെ പേരിലുള്ള പാസ്പോർട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്.
ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പാസ്പോർട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്പിളിയുടെ പിതാവ് അമ്പിളിയെ ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന പൊലീസ് സംഘം പിതാവിനെ പിന്തുടർന്നു. തുടർന്നാണ് തിരൂരിലെ ബന്ധുവീട്ടിൽനിന്ന് അമ്പിളിയെ കൈയോടെ പിടികൂടുകയായിരുന്നു.
പോക്സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിക്കുളങ്ങര സിഐ. എം.കെ. മുരളി, എസ്ഐ. ഉദയകുമാർ, സിപിഒമാരായ അഖിൽ, സജീവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷമാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ 17-കാരിയുമായി ടിക്ടോക് താരമായ അമ്പിളി പരിചയത്തിലാകുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെൺകുട്ടിയെ നേരിൽ കാണുകയും ചെയ്തിരുന്നു.
ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകൾക്ക് മുമ്പ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി പറയുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്പിളി സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. അമ്പിളിയുടെ വീഡിയോകളെ യൂട്യൂബിൽ 'റോസ്റ്റിങ്' ചെയ്തപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പല ചർച്ചകളും ഉയർന്നുവന്നിരുന്നു. ടിക് ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇൻസ്റ്റഗ്രാം റീൽസിലും വീഡിയോകളുമായി അമ്പിളി സജീവമായിരുന്നു. സൈബർ ഇടത്തിൽ വൻ താരമായി വിലസവേയാണ് അമ്പിളിയെന്ന് വിഘ്നേഷ് പീഡന കേസിൽ വലയിലാകുന്നത്.