ബോളിവുഡ് നടൻ നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗിക പീഡനാരോപണം വിവാദമാകുന്നതിനിടെ, നടിയെ ആൾക്കൂട്ടം ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്. 2008ൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായത്. കൂടാതെ ഡിപിൾ കപാഡിയ മുമ്പ് നാനാ പടേക്കറെക്കുറിച്ച് സംസാരിക്കുന്ന വീഡിയോകളും ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുകയാണ്. നാനാ പടേക്കരെ വെട്ടിലാക്കുന്ന തെളിവുകളാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

2009ൽ പുറത്തിറങ്ങിയ ഹോൺ ഒ.കെഎന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയതെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ. ഈ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്ന തരത്തിലുള്ള വീഡിയോയാണ് പ്രധാനമായും പ്രചരിക്കുന്നത്.

പടേക്കറിനോട് ഇഴുകി ചേർന്ന് അഭിനയിക്കാത്തതിനാലാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് തനുശ്രീ പറഞ്ഞിരുന്നു. തുടർന്ന് തനുശ്രീ സെറ്റിൽ നിന്ന് ഇറങ്ങി പോകുന്നതും, നടിയും കുടുംബത്തേയും ഒരു കൂട്ടം ആളുകൾ ആക്രമിക്കാൻ നോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മഹാരാഷ്ട്ര നവനിർമ്മാൺ സേനയിലെ അംഗങ്ങളാണ് ഇവരെന്നാണ് ആരോപണം.

ബോളിവുഡിലെ പ്രശസ്തനായ താരം തന്നെ പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ നടന്റെ പേര് തുറന്നുപറയുന്നത്. നാന പടേക്കർ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമെന്നും എന്നാൽ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു.

സൂപ്പർതാരങ്ങൾക്ക് വേണ്ടപ്പെട്ടവനാണ് അയാൾ. സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാൾ സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. കൂടെയുള്ള സ്ത്രീകളെ അയാൾ ക്രൂരമായി മർദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല. പത്രങ്ങളിലോ ചാനലുകളിലോ അയാളെപ്പറ്റി ഒരു വരിപോലും വരില്ല തനുശ്രീ പറഞ്ഞു.

പീഡനാനുഭവത്തെ തുടർന്ന് തനുശ്രീ ചിത്രത്തിൽ നിന്ന് പിന്മാറിയപ്പോൾ രാഖി സാവന്ത് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ന് ഒരു കാരണവുമില്ലാതെ രാഖി എന്നോട് മോശമായി പെരുമാറി. 'ഇവളുടെ ശരീരം വജ്രം കൊണ്ട് ഉണ്ടാക്കിയതാണോ' എന്നാണ് രാഖി എന്നെ നോക്കി പറഞ്ഞത്. ഒരു സ്ത്രീ തന്നെ അങ്ങനെ പറയുമ്പോൾ അത് എത്ര അപമാനകരമാണ് എന്ന് ഓർത്തു നോക്കൂ. സൂപ്പർതാരങ്ങൾക്ക് വേണ്ടപ്പെട്ടയാളാണ് നാനാ പടേക്കർ. സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യംചെയ്യാറില്ല. പത്രങ്ങളിലോ ചാനലുകളിലോ അയാളെപ്പറ്റി ഒരു വരിപോലും വരില്ല തനുശ്രീ കൂട്ടിച്ചേർത്തു.

തനുവിന് പിന്തുണയുമായി പത്രപ്രവർത്തക ജാനിസ് സെക്യൂറ രംഗത്തു വന്നു. സംഭവം നടക്കുമ്പോൾ ജാനിസ് സെറ്റിലുണ്ടായിരുന്നു. ഇതിന് താൻ ദൃക്സാക്ഷിയാണെന്ന് ജാനിസ് പറഞ്ഞു. റിമ സെൻ, പ്രിയങ്ക ചോപ്ര, സോനം കപൂർ, പരിനീതി ചോപ്ര, ട്വിങ്കിൾ ഖന്ന, ഫർഹാൻ അക്തർ തുടങ്ങി നിരവധിപ്പേർ തനുശ്രീക്ക് പരസ്യ പിന്തുണയുമായി എത്തിയിട്ടുണ്ട് .

അതേസമയം നൂറോളം പേരുടെ മുന്നിൽ വെച്ച് ഞാൻ എന്ത് പീഡനം നടത്താനാണെന്നായിരുന്നു നാനേ പടേക്കർ ചോദിച്ചത്. ഒരു സ്വകാര്യചാനലിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് നാനാ പടേക്കർ ഇക്കാര്യം പറഞ്ഞത്.'ഇരുനൂറോളം പേരുടെ മുന്നിൽ വെച്ച് ഞാൻ എന്ത് പീഡനം നടത്താനാണ്, ഇവർക്ക് ഞാൻ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ഞാൻ എന്റെ തൊഴിൽ ചെയ്ത് പോവും ആളുകൾ എന്ത് വേണമെങ്കിലും പറയട്ടെ'. നാന പടേക്കർ പറഞ്ഞിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ബോളിവുഡ് നടി ഡിംപിൾ കപാഡിയ നാനാ പടേക്കറെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ വെറലാകുകയാണ്.അദ്ദേഹം അത്ഭുതകരമായ കഴിവുള്ളയാളാണ്. നല്ലൊരു സുഹൃത്താണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭീകരമായ, ഇരുണ്ട വശവും ഞാൻ കണ്ടിട്ടുണ്ട്. നമുക്കെല്ലാവർക്കും ഇരുണ്ട വശങ്ങളുണ്ട് എന്നാൽ അത് രഹസ്യമായി , ഭദ്രമായി നമുക്കുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു ഡിംപിൾ എട്ട് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ പറയുന്നു.