ലക്‌നൗ: കേന്ദ്രത്തിലെ ബിജെപി എംപിമാരിൽ സീനിയർമാരിലൊരാളായിരുന്നു യോഗി ആദിത്യനാഥ്. 1998 മുതൽ തുടർച്ചയായി അഞ്ചുതവണ എംപിയായെങ്കിലും യോഗി ആദിത്യനാഥിനെ പക്ഷേ, കേന്ദ്രമന്ത്രിസഭയിലെടുക്കാൻ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ തയ്യാറായില്ല. എന്നാൽ, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഉത്തർപ്രദേശിൽ പാർട്ടി അധികാരത്തിലെത്തിയപ്പോൾ, മുഖ്യമന്ത്രിയാകാൻ പാർട്ടി നിയോഗിച്ചത് യോഗിയെ. അടിമുടി ഹിന്ദുത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന യോഗിയെ ഉത്തർപ്രദേശ് പോലെ പിന്നോക്കക്കാർ അധിവസിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കിയ പാർട്ടി തീരുമാനം ഇപ്പോഴും ചിലർക്കെങ്കിലും ഉൾക്കൊള്ളാനായിട്ടില്ല.

എന്നാൽ, ഇതുവരെ കണ്ട താനായിരിക്കില്ല ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യു.പി. മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്‌നം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം അധികാരമേറ്റത്. ഉത്തർപ്രദേശ് ഇതേവരെ കണ്ട അഴിമതി ഭരണങ്ങളിൽനിന്ന് മുക്തമായിരിക്കും തന്റെ സർക്കാരെന്നും യോഗി ഉറപ്പുതരുന്നു. സമാജ്‌വാദി പാർട്ടിയുടെയും ബഹുജൻ സമാജ്‌വാദി പാർട്ടിയുടെയും പ്രീണന നയങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ലെങ്കിലും യു.പി. ജനതയ്ക്ക് പ്രതീക്ഷയ്ക്ക് വകനൽകുന്ന ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം പറയുന്നു.

അഴിമതിയെ തുടച്ചുനീക്കുകയാണ് പ്രഥമലക്ഷ്യമെന്ന് യോഗി വ്യക്തമാക്കി. അഴിമതി രഹിതമായ ഭരണത്തിന് സ്വന്തം മന്ത്രിസഭയിൽത്തന്നെ തുടക്കമിടാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളോടും 15 ദിവസത്തിനകം സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. വവരുമാനത്തിന്റെയും സ്ഥാവര-ജംഗമ വസ്തുക്കളുടെയും വിവരമാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കേണ്ടത്. സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റയുടൻ മുഖ്യമന്ത്രി നൽകിയ നിർദേശവും ഇതായിരുന്നു.

അഴിമതിയെ തുടച്ചുനീക്കുകയാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യമെന്ന് കാബിനറ്റ് മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞു. ആദ്യത്തെ യോഗത്തിൽത്തന്നെ അക്കാര്യം മുഖ്യമന്ത്രി അടിവരയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു. വരുമാനത്തിന്റെ കണക്ക് 15 ദിവസത്തിനകം പാർട്ടിക്കും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും സമർപ്പിക്കണമെന്നാണ് മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ശ്രീകാന്ത് ശർമ വ്യക്തമാക്കി. സർക്കാരും ബിജെപി നേതൃത്വവുമായി യോജിച്ചുവേണം മുന്നോട്ടുപോകാനെന്നും യോഗി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധപ്പെടാനും അവരുടെ കാര്യങ്ങളിൽ ഇടപെടാനും പരിശീലനം നൽകാനും യോഗി ഉദ്ദേശിക്കുന്നു. ഇതെങ്ങനെ നടപ്പാക്കണമെന്ന് തൽക്കാലം തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിന്നീട് തീരുമാനമെടുക്കുമെന്നും ശ്രീകാന്ത് ശർമ പറഞ്ഞു. എല്ലാവർക്കും വേണ്ടി എല്ലാവരോടും കൂടെ എന്നതായിരുന്നും തന്റെ സർക്കാരിന്റെ മുദ്രാവാക്യമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ യോഗി നയം വ്യക്തമാക്കിയിരുന്നു.

മുൻസർക്കാരുകളുടെ കാലത്തുനടന്ന അഴിമതിയാണ് ഉത്തർപ്രദേശ് നേരിടുന്ന ഏറ്റവും വലിയ ദുര്യോഗമെന്നാണ് യോഗിയുടെ അഭിപ്രായം. ഇതിൽനിന്നുള്ള മോചനമായിരിക്കും തന്റെ സർക്കാർ നൽകുക. കഴിഞ്ഞ 15 വർഷമായി അഴിമതിയും സ്വജനപക്ഷപാതവും നിയമരാഹിത്യവും സംസ്ഥാനത്തെ പിന്നോട്ടടിച്ചു. ഇതിൽനിന്ന് യുപിയെ മോചിപ്പിക്കുമെന്നും യോഗി പറയുന്നു.