തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഓരോ പുതിയ പരിഷ്‌കാരങ്ങൾ വരുമ്പോൾ ചിലപ്പോഴെങ്കിലും അതു പാരയാകാറുണ്ട്. ഇപ്പോൾ ഫേസ്‌ബുക്കിന്റെ ഒരു പുതിയ പരിഷ്‌കാരത്തിന്റെ കാര്യത്തിൽ പലരും പരാതിയുമായി എത്തിയിട്ടുണ്ട്.

വീഡിയോയിൽ ഓട്ടോ പ്ലേ ഏർപ്പെടുത്തിയ സംവിധാനമാണ് ഉപയോക്താക്കളിൽ ചിലർക്കെങ്കിലും പാരയായിരിക്കുന്നത്. ചെലവു കുറയ്ക്കാനായി ഏറ്റവും കുറഞ്ഞ ഡേറ്റ പ്ലാൻ ഉപയോഗിക്കുന്ന ഉപയോക്താക്കളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഈ സംവിധാനം എന്നു പരാതി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മുതലാണ് ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കായി വീഡിയോ ഓട്ടോ പ്ലേ സംവിധാനം ഏർപ്പെടുത്തിയത്. കർസർ വീഡിയോക്ക് മുകളിൽ വരുമ്പോൾ തന്നെ പ്ലേ ചെയ്തു തുടങ്ങുന്ന സംവിധാനമാണിത്. എഫ്ബിയുടെ മൊബൈൽ ഉപഭോക്താക്കൾക്കും കമ്പനി സേവനം ലഭ്യമാക്കിയരുന്നു. എന്നാൽ താത്പര്യമില്ലാതെ വീഡിയോ കാണേണ്ടി വരുന്നതും ഡാറ്റ ആവശ്യമില്ലാതെ നഷ്ടപ്പെടുന്നതും കാരണം ഓട്ടോ പ്ലേ സംവിധാനം ഉപയോക്താക്കൾക്ക് ശല്യമായി മാറി.

്എന്നാൽ, ഈ സംവിധാനം ഒഴിവാക്കാനുള്ള മാർഗവും ഫേസ്‌ബുക്കിൽ തന്നെയുണ്ട്. പേജിന്റെ വലത്തുഭാഗത്തുള്ള ഡ്രോപ് ഡൗൺ മെനുവിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്‌സ് ഓപ്ഷൻ എടുക്കുക. സെറ്റിങ്‌സിൽ ഇടത് ഭാഗത്ത് നിന്നും വിഡിയോ ക്ലിക്ക് ചെയ്യുക. തുടർന്ന് ഒട്ടോ പ്ലേ ഓഫ് ചെയ്യാം. ആവശ്യാനുസരണം പുനഃസ്ഥാപിക്കാനും ഈ ഓപ്ഷനിലൂടെ കഴിയും.

മൊബൈൽ ഫോണിലും വീഡിയോ ഓട്ടോപ്ലേ ഒഴിവാക്കാം. ഇതിനായി ഹോം മെനുവിൽ നിന്ന് ഹെൽപ്പ് ആൻഡ് സെറ്റിങ്ങ്‌സ് ക്ലിക്ക് ചെയ്ത് ആപ്പ് സെറ്റിങ്ങ്‌സിൽ വീഡിയോ പ്ലേ ഓട്ടോമാറ്റിക്കിൽ ക്ലിക്ക് ചെയ്ത് ഓട്ടോ പ്ലേ ഓഫ് ചെയ്യാം.