ഴ്‌സിങ്ങ് പഠിക്കുന്ന ഒരു ശരാശരി മലയാളി നഴ്‌സിന്റെ ആഗ്രഹം വിദേശത്ത് പോകുക എന്നത് തന്നെയാണ്. അമേരിക്കയോ ബ്രിട്ടണോ ആസ്‌ട്രേലിയയോ കാനഡയിലോ പോകാൻ കഴിഞ്ഞാൽ അവർ പരിപൂർണ്ണ സന്തുഷ്ടർ. ന്യൂസ്‌ലാന്റിലോ അയർലന്റിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലാണെങ്കിലും കുഴപ്പമില്ല. അത് സാധിച്ചില്ലെങ്കിൽ ഗൾഫിലേക്ക് പോകാൻ ആണ് അവർക്ക് താത്പര്യം-പ്രത്യേകിച്ച് ഖത്തറിലോ കുവൈറ്റിലോ. ഇതൊന്നും നടക്കുന്നില്ലെങ്കിൽ അവർ ഇറാഖിലോ ലിബിയയിലോ സിറിയയിലോ വേണമെങ്കിലും പോകാം. കാരണം കേരളത്തിൽ നിൽക്കാനല്ല മലയാളി നഴ്‌സുമാർ നഴ്‌സിങ്ങ് പഠിക്കുന്നത്. 3000വും 5000വും ഒക്കെ മാത്രം ശമ്പളം കിട്ടിയിരുന്ന നഴ്‌സുമാർക്ക് ഇവിടെ 10000 എങ്കിലും ആക്കിയത് ജാസ്മിൻ ഷായുടെ നഴ്‌സിങ്ങ് വിപ്ലവം ആയിരുന്നു. എന്നാൽ അതുകൊണ്ട് എന്താകാൻ ആണ്? അതുകൊണ്ട് തന്നെ നഴ്‌സുമാർ പഠനം കഴിഞ്ഞാൽ വിദേശത്തേക്ക് വച്ച്പിടിക്കുന്നു.

കാലാകാലങ്ങളിൽ നഴ്‌സുമാരുടെ മുമ്പിൽ ഓരോ വാതിലുകൾ തുറക്കപ്പെടുമായിരുന്നു. ജനറൽ നഴ്‌സിങ്ങ് പഠിച്ചാൽ പോലും നഴ്‌സുമാരുടെ കുടുംബം സമ്പന്നന്മാരായി മാറുന്നത് അത്ഭുതത്തോടെയാണ് പലരും കണ്ടു നിന്നത്. അങ്ങനെ ഇടത്തരം ക്രിസ്ത്യാനികളുടെ കുടുംബത്തിൽ മാത്രം നിന്നിരുന്ന നഴ്‌സിങ്ങ് ജാതിമത ഭേദമില്ലാതെ കേരളത്തിൽ തരംഗമായി മാറി. നിർഭാഗ്യവശാൽ കഴിഞ്ഞ കുറേ നാളുകളായി നഴ്‌സുമാരുടെ നല്ല കാലം അവസാനിച്ചു. നഴ്‌സുമാർക്കുള്ള ഡിമാന്റ് നിലനിൽക്കുമ്പോൾ തന്നെ വികസിത രാജ്യങ്ങൾ ഒന്നൊന്നായി വഴിഅടച്ചു. ഏറ്റവും ഒടുവിൽ ഇങ്ങനെ വഴി അടച്ചത് ബ്രിട്ടൺ ആയിരുന്നു. നഴ്‌സിങ്ങ് ഉള്ള ആർക്കും അഞ്ചെട്ട് വർഷം മുമ്പ് വരെ യുകെയിൽ എത്താമായിരുന്നു. ഓരോ വർഷവും ഓരോ പരിഷ്‌കാരങ്ങൾ കൊണ്ട് വന്നു ഐഇഎൽടിഎസ് 7 ബാന്റ് എന്ന കടുത്ത നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ നഴ്‌സുമാരുടെ വരവേ കുറഞ്ഞിരുന്നു. എന്നിട്ടും കാര്യശേഷിയുള്ള നഴ്‌സുമാർക്ക് പോകാൻ സാധിച്ചു. അതിനിടയിലാണ് കഴിഞ്ഞ ഒക്ടോബർ മുതൽ നഴ്‌സുമാരുടെ വരവ് പൂർണ്ണമായും അടച്ചുകൊണ്ട് അമേരിക്കയിലെ വിദേശ നഴ്‌സുമാരെ തെരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന എൻക്ലെക്‌സ് മോഡൽ പരീക്ഷ ഏർപ്പെടുത്താൻ ബ്രിട്ടീഷ് നഴ്‌സിങ്ങ് കൗൺസിൽ തീരുമാനിച്ചത്. ഒക്ടോബർ മുതൽ ഈ പരീക്ഷാ സമ്പ്രദായം നിലവിൽ വന്നു. ഇതേക്കുറിച്ച് ആധികാരികമായി ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാർത്തകളുടെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.

യുകെയിലെ നഴ്‌സാകണമെങ്കിൽ ഇനി ഐഎൽറ്റിഎസ് മാത്രം പോരാ, ക്ലിനിക്കൽ ടെസ്റ്റും പാസ്സാകണം: അമേരിക്കൻ മോഡൽ പരിഷ്‌കാരവുമായി എൻഎംസി; മലയാളികൾക്ക് ആശങ്ക വേണ്ട- അമേരിക്കൻ മോഡൽ പരീക്ഷ നിലവിൽ വന്നു; കൊച്ചിയിലും പരീക്ഷ എഴുതാം; എൻഎംസി രജിസ്‌ട്രേഷൻ നടപടികൾക്ക് 1395 പൗണ്ട് പരീക്ഷ തുടങ്ങി നാല് മാസമായപ്പോൾ അതിന്റെ പ്രതികരണം എങ്ങനെ എന്ന ചോദ്യം പല വായനക്കാരും ഞങ്ങളോട് ചോദിക്കുകയുണ്ടായി. ആദ്യ രണ്ട് മാസങ്ങളിലെ ഫലം ഞെട്ടിക്കുന്നത് ആയിരുന്നു. പരീക്ഷ എഴുതിയിരുന്നവരിൽ വെറും ആറ് ശതമാനം പേർ മാത്രമാണ് പാസായത്. ഓർക്കണം ഐഇഎൽടിഎസിൽ എല്ലാ വിഷയങ്ങൾക്കും ഏഴ് ബാന്റ് നേടിയവർ മാത്രമാണ് ഈപരീക്ഷ എഴുതുന്നത്. അപ്പോൾ എത്ര കടുപ്പം ആയിരുന്നു ഇതെന്നു വ്യക്തമല്ല. ഇതോടെ എൻഎംസി തന്നെ മനസ്സിലാക്കി എന്തോ കാര്യമായ കുഴപ്പം ഉണ്ട് എന്ന്. അടിയന്തിരമായി ചോദ്യം ഇടുന്ന രീതിയിലും ഉത്തരം നിർണ്ണയിക്കുന്ന രീതിയിലും മാറ്റം വരുത്തി തുടർന്നാണ് ജനുവരിയിൽ നടത്തിയ പരീക്ഷയ്ക്ക് ലഭിച്ചത് 86 ശതമാനം വിജയമാണ്. എന്നു വച്ചാൽ പരീക്ഷയിൽ പങ്കെടുത്ത മിക്കവരും ജയിച്ചു എന്നർത്ഥം.

സിബിടി എന്ന പേരിൽ അറിപ്പെടുന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് നാലു മണിക്കൂർ കൊണ്ടാണ് എഴുതേണ്ടത്. ഐഇഎൽറ്റിഎസ് ക്ലിയർ ചെയ്ത് നഴ്‌സിങ്ങ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ അപേക്ഷ നൽകി ഡിസിഷൻ ലെറ്റർ കൈപ്പറ്റിയവർക്കേ ഈ പരീഷ എഴുതാൻ കഴിയൂ. നാല് മണിക്കൂർ കൊണ്ടാണ് 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. ഇതിൽ 80 ചോദ്യങ്ങൾ ജനറൽ വിഭാഗത്തിലും 40 ചോദ്യങ്ങൾ എസെൻഷ്യൽ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരുന്നത്. പരീക്ഷ പാസാകാൻ ജനറൽ ചോദ്യങ്ങളിൽ 60 ശതമാനം മാർക്ക് ലഭിക്കുക മാത്രം പോരായിരുന്നു എസെൻഷ്യൽ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങളും ഉത്തരം നൽകണമായിരുന്നു. ഇതിനർത്ഥം 99 ശതമാനം മാർക്ക് കിട്ടിയവരും ഒരൊറ്റ എസെൻഷ്യൽ ഉത്തരം പറഞ്ഞില്ലെങ്കിൽ പരീക്ഷ തോറ്റ് പോകുന്ന സ്ഥിതിയായിരുന്നു. ഇതിനാലാണ് എൻഎംസി ഇപ്പോൾ മാറ്റം വരുത്തിയത്. ഇതോടെ സിബിടി ചോദ്യപേപ്പറിൽ ഒരു വിഭാഗം മാത്രമേ ഉണ്ടാകൂ. 120 മാർക്കിനുള്ള ചോദ്യങ്ങളും ജനറൽ ആയാണ് കണക്കാക്കപ്പെടുന്നത്. ഇവയ്‌ക്കെല്ലാം കൂടി 60 ശതമാനം മാർക്ക് ലഭിച്ചാൽ പരീക്ഷ പാസായതായി കണക്കാക്കും. ഇങ്ങനെയാണ് ഇപ്പോൾ 86 ശതമാനം വിജയം ഉണ്ടായത്.

ഇതുവരെ പരീക്ഷ എഴുതി തോറ്റവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് എൻഎംസി. നിങ്ങൾക്ക് പരിചയം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ എൻഎംസിയുമായി ബന്ധപ്പെടാൻ ഉപദേശിക്കുക. അവരുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും പുനർമൂല്യനിർണ്ണയം നടത്തുകയോ ഒരിക്കൽ കൂടി പരീക്ഷ എഴുതാൻ അനുവദിക്കുകയോ ചെയ്യുമെന്ന് എൻഎംസി വക്താവ് ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞു. സിബിടി പരീക്ഷ ഒരുതവണ എഴുതി തോറ്റവർക്ക് വരെ ഫീസ് അടയ്ക്കാതെ ഒന്നുകൂടി എഴുതാൻ അവസരം ഉണ്ട്. അതിലും തോറ്റാൽ ആറ് മാസത്തിന് ശേഷം വീണ്ടും ഫീസ് അടച്ച് എഴുതാം. എന്നാൽ എസെൻഷ്യൽ ചോദ്യം നിലനിർത്തി സമയത്ത് പരീക്ഷ എഴുതി തോറ്റവർക്ക് ഒരിക്കൽ കൂടി അവസരം നൽകാൻ ആണ് ഇപ്പോൾ എൻഎംസി ശ്രമിക്കുന്നത്. ഇവർ വീണ്ടും ഫീസ് അടയ്‌ക്കേണ്ടി വരില്ല.

യുകെ സ്വപ്‌നം അടഞ്ഞു എന്നു കരുതി നിരാശരായിരിക്കുന്ന മലയാളി നഴ്‌സുമാർക്ക് ഭാഗികമായെങ്കിലും സന്തോഷം നൽകുന്ന വാർത്തയാണിത്. ഐഇഎൽടിഎസ് 7 ലഭിച്ച വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഒട്ടും സമയം കളയാതെ ഈ പരീക്ഷ എഴുതുക. ഇപ്പോൾ പാസായാൽ രണ്ട് വർഷം വരെ ഇതിന് വാലിഡിറ്റി ഉണ്ട്. പരീക്ഷയുടെ വിജയശതമാനം കൂടുതൽ ആണ് എന്നു തോന്നിയാൽ ഒരു പക്ഷേ, വീണ്ടും പരിഷ്‌കാരങ്ങൾ പ്രഖ്യാപിക്കാനും ബുദ്ധിമുട്ടാകാനും സാധ്യത ഉണ്ട്. അതുകൊണ്ട് വിവേകം ഉള്ളവർ ഇപ്പോൾ തന്നെ സിബിടി എക്‌സാം എഴുതാൻ നേരം കണ്ടെത്തുക. ഈ പരീക്ഷയിൽ പങ്കെടുക്കാൻ ശക്തമായ വിവരങ്ങൾ എൻഎംസി വെബ്‌സൈറ്റിൽ തന്നെ ലഭ്യമാണ്. ഇതിന്റെ സാധ്യതകൾ വിശദീകരിക്കുന്ന വിശദമായ ഒരു ലേഖനം ഈ ആഴ്ച തന്നെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

ബ്രിട്ടണിലേക്ക് ജോലി തേടി പോകാൻ ആഗ്രഹിക്കുന്നെങ്കിൽ ഏറ്റവും അത്യാവശ്യമായി പാസാകേണ്ട പുതിയതായി ഏർപ്പെടുത്തിയ സിബിടി പരീക്ഷ ഇപ്പോൾ എഴുതിയാൽ നിങ്ങൾ പാസാകാനുള്ള സാധ്യത ഒരു മാസം മുമ്പത്തേക്കാളും ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ഉണ്ടാകാൻ ഇടയുള്ളതിനെക്കാളും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. നിങ്ങൾ ബ്രിട്ടണിലേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നത് കാര്യമാക്കേണ്ട. നിങ്ങൾ ഇന്ത്യയിലോ ഗൾഫ് രാജ്യങ്ങളിലോ ജോലി ചെയ്യുന്ന നഴ്‌സ് ആണെങ്കിൽ ഇപ്പോൾ എഴുതിയാൽ നിങ്ങൾ വിജയിക്കും. അങ്ങനെ എഴുതി എന്നതുകൊണ്ട് നിങ്ങൾക്ക് ഒരു നഷ്ടവും വരുന്നില്ല. അതുകൊണ്ട് അവസരം നഷ്ടമാകാതെ ഉടൻ തന്നെ ഈ പരീക്ഷ എഴുതി വിജയിക്കുക.