മികച്ച സംവിധാനങ്ങളുമായാണ് ഇപ്പോൾ പുതിയ പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തുന്നത്. ഹാർഡ്‌വെയറിലും സോഫ്റ്റ് വെയറിലും കാര്യമായ പരിഷ്‌കരണങ്ങളുമായി ഒന്നിനൊന്നു മെച്ചപ്പെടുത്തിയാണ് കമ്പനികൾ പുതിയ മോഡലുകൾ പുറത്തിറക്കുന്നത്. എന്തു പറഞ്ഞിട്ടെന്താ, നമ്മുടെ കൈയിലെത്തി ഉപയോഗിക്കാൻ തുടങ്ങുമ്പോഴേക്ക് ബാറ്ററിയിലെ ചാർജ് തീർന്നു പോകുന്നതാണ് സ്മാർട്ട്‌ഫോണുകളുടെ വലിയൊരു പോരായ്മ. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ വലിയൊരളവ് വരെ ബാറ്ററി ലൈഫ് നമുക്ക് തന്നെ വർധിപ്പിക്കാനാകും അതിനു ചില പൊടിക്കൈകൾ ഉണ്ട്. വിവിധ മോഡലുകൾക്ക് അനുസരിച്ച് അവ മാറുമെന്നും മാത്രം.

സ്‌ക്രീൻ ബ്രൈറ്റ്‌നെസ് കുറച്ചും വൈഫൈ ടേൺ ഓഫ് ചെയ്യലുമാണ് ബാറ്ററി ചാർജ് ലാഭിക്കാനായി നാം പതിവായി ചെയ്യാറുള്ളത്. മറ്റു പല ഫീച്ചറുകളും ബാറ്ററിയെ കാർന്നു തിന്നു കൊണ്ടിരിക്കുമ്പോൾ ഇതു കൊണ്ടുള്ള പ്രയോജനം പരിമിതം മാത്രമാണ്. ആപ്പളിന്റെ ഐഫോൺ, സാംസങ്, എച്ച് ടി സി, മോട്ടോറോള, എൽജി, ബ്ലാക്‌ബെറി, ആമസോൺ, ഹുവേയ്, നോകിയ തുടങ്ങി വിവിധ കമ്പനികളുടെ വിവിധ മോഡലുകളിൽ ഏതെല്ലാം രീതിയിൽ ബാറ്ററി ചാർജ് പിടിച്ചു നിർത്താമെന്ന ടിപ്‌സുകളുമായി വിദഗ്ദ്ധർ ഒരു ഇന്ററാക്ടീവ് ഗൈഡ് അവതരിപ്പിച്ചിരിക്കുന്നു.

ligo.co.uk എന്ന ഈ ഇന്ററാക്ടീവ് സൈറ്റിൽ പോയി നിങ്ങളുടെ സ്മാർട് ഫോൺ മോഡൽ സെലക്ട് ചെയ്താൽ ഫോൺ ബാറ്ററി മികച്ച രീതിയിൽ പരിചരിക്കാനുള്ള ടിപ്‌സുകൾ പറഞ്ഞു തരും. പലപ്പോഴും നാം ഫോൺ ഉപയോഗിക്കാത്ത സമയത്തും ബാറ്ററി ചോർന്നു പോകുന്നതായി കാണാം. ചില ആപ്പുകൾ ഡാറ്റ ട്രാൻസ്ഫറിനായി നെറ്റ്‌വർക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഇതിനു കാരണം. ഇതിനെ കുറിച്ച് നാം പലപ്പോഴും അറിഞ്ഞിരിക്കാനുമിടയില്ല. ഇത്തരത്തിലുള്ള ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും അടങ്ങിയതാണ് ഈ ഇന്ററാക്ടീവ് ഗൈഡ്.