റിയാദ്: രാജ്യത്തെ തൊഴിൽ അന്വേഷകരെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നാഷണൽ പോർട്ടൽ വരുന്നു. ലേബർ ആൻഡ് സിവിൽ സർവീസ് മിനിസ്ട്രികളുടെ സഹകരണത്തോടെ ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ടാണ് പുതിയ ജോബ് പോർട്ടലുമായി എത്തുന്നത്.

ട്രെയിനിങ്, എംപ്ലോയ്‌മെന്റ് സർവീസുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ പോർട്ടൽ എന്നാണ് റിപ്പോർട്ട്. ലേബർ മിനിസ്ട്രിയുടെ പുതിയ ഹാഫിസ് പരിപാടിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പുതിയ ജോബ് പോർട്ടലിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഹാഫിസ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ പുതിയ പോർട്ടൽ നിലവിൽ വന്ന് 14 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യപ്പെടുമെന്നാണ് അറിയിപ്പ്.

രാജ്യത്ത് 1.3 മില്യണിലധികം ചെറുപ്പക്കാർ ഹാഫിസ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും ചെറുപ്പക്കാർക്ക് തൊഴിൽ കണ്ടെത്തുന്നതു വരെ നൽകാനുള്ള പണമായ 3.6 ബില്യൺ റിയാൽ നീക്കി വച്ചിട്ടുണ്ടെന്ന് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ട് അറിയിച്ചു. ഒരു വർഷത്തേക്ക് മാസം 2000 റിയാൽ എന്ന കണക്കിൽ ഇവർക്ക് സാമ്പത്തിക സഹായം ലഭിക്കും. 12 മാസത്തിനുള്ളിൽ ജോലി കിട്ടുന്ന മുറയ്ക്ക് ധനസഹായം നിർത്താലാക്കും. ചില കമ്പനികൾക്കും എച്ച്ആർഡിഎഫ് സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്.

വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ സ്വദേശികൾക്ക് ട്രെയിനിങ് നടത്താവുന്ന സംവിധാനമാണിത്. രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുപ്പക്കാരിൽ 85 ശതമാനം യുവതികളാണെന്നാണ് ലേബർ മിനിസ്ട്രി വെളിപ്പെടുത്തിയിട്ടുള്ള്. രാജ്യത്ത് തൊഴിലില്ലായ്മ നീക്കം ചെയ്യുന്നതിന് നിതാഖാത്, ലിഖ്വാത് തുടങ്ങിയ പദ്ധതികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.