- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യുഎഇയിലും കേരളത്തിലുമായി നിരവധി സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തി; അന്യരെ സഹായിക്കുന്ന സ്വഭാവവും, ക്രിയാത്മക സംഭാവനകളും ഈ സ്ഥാപനത്തിലൂടെ ആവശ്യക്കാർക്ക് സഹായം എത്തിക്കാൻ മുതൽകൂട്ടാകും': സ്വപ്ന സുരേഷിനെ വാഴ്ത്തി പുതിയ തൊഴിലുടമയായ എച്ച്ആർഡിഎസ്; സ്വപ്നയ്ക്ക് വിദേശത്ത് നിന്ന് പണം എത്തിക്കുന്ന ചുമതല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വാഴ്ത്തി പുതിയ തൊഴിലുടമയായ എൻ.ജി.ഒ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്). ഇവിടെ ഉയർന്ന പദവിയിലാണ് സ്വപ്ന സുരേഷിന് നിയമനം. ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായാണ് നിയമനം. എച്ച്.ആർ.ഡി.എസിന്റെ വെബ്സൈറ്റിൽ സ്വപ്നയെ വിശദീകരിക്കുന്നത് ഇങ്ങനെ:
അബുദാബിയിൽ വ്യവസായിയായിരുന്ന അന്തരിച്ച സുകുമാരൻ സുരേഷിന്റെയും പ്രഭ സുരേഷിന്റെയും മകൾ. 1981 ജൂൺ നാലിന് ജനനം. യുഎഇയിലും കേരളത്തിലുമായി നിരവധി സ്ഥാപനങ്ങളിൽ സുപ്രധാന പദവികളിൽ ജോലി ചെയ്തു. മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് അമേരിക്കൻ പൗരനാണ്. 26 വർഷമായി കുടുംബത്തോടൊപ്പം യുഎസിൽ. ഇളയ സഹോദരൻ ബ്രോൺ സുരേഷ് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. അവരുടെ അന്യരെ സഹായിക്കുന്ന സ്വഭാവവും, ക്രിയാത്മക സംഭാവനകളും ഈ സ്ഥാപനത്തിലൂടെ ആവശ്യക്കാർക്ക് സഹായം എത്തിക്കാൻ മുതൽകൂട്ടാകും.
പാലക്കാട് ആസ്ഥാനമായ എൻജിഒയിൽ സ്വപ്നയ്ക്ക് മാസം 43000 രൂപയോളം ശമ്പളം ലഭിക്കും. മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ജി.ഒയാണിത്. മലയാളികളടക്കമുള്ള ആർഎസ്എസ്- ബിജെപി നേതാക്കളാണ് ഇതിന്റെ പ്രധാന പദവികൾ വഹിക്കുന്നത്. പ്രസിഡന്റ് ഗുരു ആത്മ നമ്പി എന്ന ആത്മജിയാണ്. വൈസ് പ്രസിഡന്റ് തിരുവനന്തപുരം സ്വദേശിയായ കെ ജി വേണുഗോപാൽ. സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. ഭരണവിഭാഗത്തിലാണ് സ്വപ്ന സുരേഷിന് നിയമനം.
പാലക്കാട് ചന്ദ്രനഗറിലുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ചുമതലയേൽക്കും. വിദേശത്തുനിന്നു പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയാണ് സ്വപ്നയ്ക്കു ലഭിക്കുന്നത്. ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തനം.കേരളം തമിഴ്നാട്, കർണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ- ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി
ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് 1997ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെന്ന് ഇവരുടെ വെബ്സൈറ്റ് പറയുന്നു. ആദിവാസി ക്ഷേമം, ചെറുകിട വായ്പാ- നിക്ഷേപ പദ്ധതികൾ, സാധാരണക്കാർക്കുള്ള ഭവന പദ്ധതികൾ, പട്ടുനൂൽ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ പ്രവർത്തന മേഖലയെന്നുമാണ് പറയുന്നത്.
അതേസമയം, സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിലോടെ സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾക്കു മറുപടിയായി ഗുരുതരമായ ആരോപണങ്ങളുമായാണു കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചത്.അന്വേഷണ ഏജൻസികളെ തകർക്കാനുള്ള ശിവശങ്കറിന്റെ നീക്കമാണ് സ്വപ്ന പൊളിച്ചത്.
ശിവശങ്കർ എഴുതിയതെല്ലാം കള്ളമാണെന്നും ശിവശങ്കറിന്റെ തനിനിറം പുറത്തുവരുന്ന സത്യങ്ങളും കണക്കുകളും വച്ച് താൻ പുസ്തമെഴുതിയാൽ ഇതിനെക്കാൾ വിപണന സാധ്യതയുണ്ടെന്നും സ്വപ്ന പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാരും മറ്റ് സംവിധാനങ്ങളും കരുതൽ എടുക്കും. സ്വപ്നയെ ഗൗരവത്തോടെ എടുക്കാതെ വിഷയം കളത്തിന് പുറത്തു നിർത്താനാണ് സിപിഎം നീക്കം. ഏഷ്യാനെറ്റ് ന്യൂസ് ഗൂഢാലോചനയാണ് എല്ലാത്തിനും പിന്നിലെന്ന് വരുത്താനും നീക്കം നടത്തും. എന്നാൽ ശിവശങ്കർ പുസ്തകം എഴുതിയതും മാധ്യമ പ്രവർത്തകർ പറഞ്ഞിെേട്ടാണാ എന്ന ചോദ്യം മാത്രം. ഊട്ടിയിലെ ഓടുന്ന കുതിരയെ പോലെയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചാണ് സ്വപ്ന എല്ലാം തുറന്നു പറഞ്ഞത്
മറുനാടന് മലയാളി ബ്യൂറോ