- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംഗ്ലിയ റസ്‌കിൻ സർവ്വകലാശാലയിൽ സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡണ്ടായ നിതിൻ രാജിനു പിന്നാലെ ടീസൈഡ് യൂണിവേഴ്സിറ്റിയിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭാരവാഹികളാകാൻ മാറ്റുരയ്ക്കുന്നത് മൂന്ന് മലയാളികൾ; സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് നേതൃനിരയിലെത്താനും മലയാളികൾ
യോർക്ക്‌ഷെയർ: വടക്കു കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷയറിലുള്ള മിഡിൽസ്ബറോയിൽ പ്രധാന കാമ്പസ്സുൾല ടീസൈഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലും മലയാളിത്തിളക്കം. ടീസൈഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (ടി യു എസ് യു) ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. യൂണിവേഴ്സിറ്റിയുമായി അടുത്തബന്ധം പുലർത്തുന്നുണ്ടെങ്കിലും തികച്ചും സ്വതന്ത്രമായാണ് ടി യു എസ് യു പ്രവർത്തിക്കുന്നത്.
പൂർണ്ണമായും വിദ്യാർത്ഥികൾ നയിക്കുന്ന ഈ പ്രസ്ഥാനം എല്ലാവർഷവും അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മൂന്ന് സ്റ്റുഡന്റ്സ് ഓഫീസേഴ്സിനെ തെരഞ്ഞെടുക്കും. അതിനു പുറമെ യൂണിവേഴ്സിറ്റിയിലും അനുബന്ധ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്നതും ഇവരായിരിക്കും. ഇന്ന്, മാർച്ച് 7 ന് ആണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ മൂന്ന് മലയാളി വിദ്യാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
സ്റ്റുഡന്റ് വിസ നിയമങ്ങളിൽ അയവുകൾ വരുത്തിയതൊടെ ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളിൽ എത്തുന്നുണ്ട്. അവരിൽ വലിയൊരു ശതമാനം പേർ മലയാളികളുമാണ്. അന്യനാട് നൽകുന്ന അപരിചിതത്വം വകവയ്ക്കാതെ ഇവർ ബ്രിട്ടനിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ ഇടപെടലുകൾ നടത്തുന്നത് തികച്ചും സ്വാഗതാർഹമായ കാര്യമാണെന്നാണ് ബ്രിട്ടീഷ് മലയാളികളുടെ മുതിർന്ന തലമുറയിലുള്ളവർ പറയുന്നത്. ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണീയന്റെ വൈസ് പ്രസിഡണ്ടായി മലയാളിയായ നിതിൻ രാജ് തെരഞ്ഞെടുക്കപ്പെട്ടത് മറ്റ് മലയാളി വിദ്യാർത്ഥികൾക്ക് പ്രചോദനമായിട്ടുണ്ട്.
ടീസൈഡ് യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിത്ത് അഡ്വാൻസ്ഡ് പ്രാക്ടീസിൽ മാസ്റ്റേഴ്സ് കൊഴ്സ് ചെയ്യുന്ന നിഖിൽ നാരായണനാണ് ഇവിടെ മത്സരിക്കുന്ന മലയാളി വിദ്യാർത്ഥികളിൽ ഒരാൾ. പ്രസിഡണ്ട്, ആക്ടിവിറ്റീസ് എന്ന സ്ഥാനത്തേക്കാണ് നിഖിൽ മത്സരിക്കുന്നത്. വലിയൊരു ആൾക്കൂട്ടത്തെ നയിക്കലല്ല, മറിച്ച് വ്യത്യസ്തങ്ങളായ ആൾകൂട്ടങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കാസർകോട് സ്വദേശിയായ നിഖിൽ പറഞ്ഞു. ഇന്ത്യയിൽ പഠിക്കുന്ന കാലത്തും നിഖിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
പ്രസിഡണ്ട് (എഡ്യുക്കേഷൻ ) സ്ഥാനത്തേക്ക് മത്സരിക്കുന്ന എബി എൽദോ പാലക്കുന്നേലാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്ന മറ്റൊരു മലയാളി. ബിസിനസ്സ് അഡ്‌മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് എബി. തൃശ്ശൂർ സ്വദേശിയായഎബി ടീസിഡ് യൂണിവേഴ്സിറ്റി ക്രിക്കറ്റ് ക്ലബിലെ അംഗം കൂടിയാണ്. അതുകൂടാതെ ഡെക്കാൻ ബൊയ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനുമാണ്. ബൈജൂസിലെ മുൻ ബിസിനസ്സ് ഡെവെലപ്മെന്റ് അസ്സോസിയേറ്റ് കൂടിയാണ് എബി.
പ്രസിഡന്റ് (വെൽഫെയർ) സ്ഥാനത്തേക്ക് മത്സരിക്കുന്ന ആർഷ ചന്ദ്രബാബുവാണ് മലയാളി സ്ത്രീയുടെ ശക്തിയെ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ പ്രതിനിധീകരിക്കുന്നത്. ഡാറ്റാ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ആർഷ വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നയങ്ങളാണ് പ്രചരണത്തിലുടനീളം ഊന്നൽ കൊടുത്തു പറയുന്നത്.
മറുനാടന് ഡെസ്ക്