- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ഗാനമേഖല ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള ഉണ്ടായത്; ആ ഗൃഹാതുരതയാണ് ഇന്ന് ഹൃദയം കൊണ്ടുവരുന്നതെന്ന് മോഹൻലാൽ; ഹൃദയത്തിന്റെ ഓഡിയോ കാസറ്റുകൾ പുറത്തിറങ്ങി
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയ'ത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ഓഡിയോ കാസറ്റ് പുറത്തിറക്കി മോഹൻലാൽ ഉദ്ഘാടനം ചെയ്തു.വിനീത് ശ്രീനിവാസൻ മോഹൻലാലിന് നൽകിയാണ് ഓഡിയോ കാസറ്റിന്റെ പ്രകാശനം നിർവ്വഹിച്ചത്. ഓഡിയോ സിനിമയുടെ പ്രകാശനം നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം മോഹൻലാലിന് നൽകിയും നിർവ്വഹിച്ചു.
'തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ഗാനമേഖല ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ഉണ്ടായത്. സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്ത സിനിമയായിരുന്നു അത്. ആ സമയത്ത് ഏറ്റവുമധികം കാസറ്റ് ചെലവായ സിനിമയുമായിരുന്നു. അതിനു ശേഷം ഞങ്ങൾ ചെയ്ത ഒരുപാട് സിനിമകൾ, ഭരതം, കമലദളമൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു.പിന്നീട് മലയാള സിനിമ സംഗീതത്തെക്കുറിച്ച് മറ്റൊരു ആശയത്തിലേക്ക് പോയി. അതിനെ പുതിയൊരു ഭാവത്തോടെ കൊണ്ടുവരികയാണ് ഹൃദയം എന്ന സിനിമ എന്നത് വലിയ സന്തോഷം നൽകുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമയാണ് എനിക്കിത്. ഇതിന്റെ പിന്നിലുള്ളവരെല്ലാം എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവർ തന്നെയാണ്. എന്റെ മകൻ അഭിനയിക്കുന്നു എന്നതിലുപരി എന്റെ സുഹൃത്തുക്കളുടെ കുട്ടികളാണ് ഇത് നിർമ്മിക്കുന്നതും അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ. ഇത് ഏറ്റവും വലിയ വിജയമാവട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു', മോഹൻലാൽ കൂട്ടിച്ചേർത്തു.
വലിയ ഇടവേളയ്ക്കു ശേഷം പാട്ടുകൾ വിപണിയിലേക്ക് ഓഡിയോ കാസറ്റുകളായും ഇറക്കുന്ന ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരൊക്കെ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടി നടത്തിയത്. 21നാണ് ചിത്രത്തിന്റെ റിലീസ്.