ഹൃദയത്തിൽ പട്ടട എരിയുന്നവർ-7

മാധാനസന്ധികൾ പാലിച്ച ചരിത്രം ഇരുപക്ഷത്തുമില്ല. നാലു വർഷത്തെ സേവനത്തിനിടയിൽ 95 സമാധാനയോഗങ്ങൾ വിളിച്ച തലശേരി ആർ.ഡി.ഒ മാത്യു എ.സിക്കു ഗിന്നസ് ബുക്കിൽ ഇടം കിട്ടും.

'കൊല്ലാം പക്ഷേ തോൽപിക്കാനാവില്ല'- തലശേരി ബ്രണ്ണൻ ഗവൺമെന്റ് കോളജിനു മുമ്പിൽ കടുംചുവപ്പിൽ തീർത്തിരിക്കുന്ന രക്തസാക്ഷി മണ്ഡപത്തിലെ ഈ മൂന്നേ മൂന്നു വാക്കുകൾ മതി, കണ്ണൂരിലെ ആക്രമ രാഷ്ട്രീയത്തിന്റെ പൊരുളറിയാൻ.

അവിടെ നിന്നു നേരെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓമഫീസിലേക്കു പോകാം. പ്രാക്തന പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടത്തിലെക്കു സ്വാഗതം ചെയ്യുന്നതു തന്നെ രക്തസാക്ഷികളുടെ നീണ്ട നിരയാണ്. ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ആറു വലിയ ബോർഡുകൾ നിറയെ രക്തസാക്ഷികളുടെപേരാണ്. 1940 മുതൽ 1997 വരെയുള്ളവരുടെ ലിസ്റ്റ് ഇതിലുണ്ട്. സാമ്രാജ്യത്വ വിശുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തലശേരി കടപ്പുറത്തു വെടിയേറ്റു മരിച്ച തലശ്ശേരി അബുവിലാണ് തുടക്കം. 1997ൽ കൊല്ലപ്പെട്ട സിപിഎം കിഴക്കേ കതിരൂർ ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനിലാണ് ലിസ്റ്റ് അവസാനിക്കുന്നത്.

97-നു ശേഷം കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് എവിടെ?
ലിസ്റ്റുണ്ട്. പക്ഷേ അതെഴുതി വയ്ക്കാൻ ഭിത്തിയിൽ ഇടമില്ല. ബിജെപിയുടെയും കോൺഗ്രസ്സിന്റെയും അവസ്ഥ ഇതിനു സമാനമാണ്. അവർക്കുമുണ്ട് ധാരാളം രക്തസാക്ഷികൾ.

കൊന്നും കൊലവിളിച്ചും ഈ രാഷ്ട്രീയ പാർട്ടികൾ എന്തു നേടി? അവർ ആധിപത്യവും അധീശത്വവും നേടി. അങ്ങനെ പാർട്ടി ഗ്രാമങ്ങൾ രൂപപ്പെട്ടു. അവ വിപുലപ്പെടുത്താനും പിടിച്ചടക്കാനുമുള്ള പോരാട്ടങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടി ഗ്രാമത്തിൽ ഇല പോലും അനങ്ങുന്നത് പാർട്ടി അറിയുന്നു. ജീവിതത്തിന്റെ സമസ്ത മേഖലയേയും രാഷ്ട്രീയവത്കരിച്ചിരിക്കുന്നു.

കൊങ്കച്ചി ,ചെറുവാഞ്ചേരി, പത്തായ്ക്കുന്ന്,പള്ള്യായി, മാക്കം പീടിക, എലാംകോട്, കൈവേലിക്കൽ, കുറ്റേരി, ഡയമണ്ട് മുക്ക് തുടങ്ങിയവ ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളാണ്. പായ പാത്തിപ്പാലം, മൊകേരി,കൊങ്ങാറ്റ, കിഴക്കേ കതിരൂർ, മുതിയ കാര്യാട്ടുപുറം, കുറ്റേരി പൊയിൽ തുടങ്ങിയവ ചെങ്കൊടി പൂണ്ട ഗ്രാമങ്ങളാണ്.

ഇതര പാർട്ടികൾക്ക് ഇവിടെ പ്രവർത്തന സ്വാതന്ത്രമില്ല. നൂറു ശതമാനവും പോളിങ് രേഖപ്പെടുത്തുന്ന ബൂത്തുകളാണ് ഇവിടെയുള്ളത്. പോളിങ് ബൂത്തിൽ മറ്റു പാർട്ടിയുടെ ഏജന്റുമാർ ഉണ്ടാവില്ല.

പാർട്ടി ഗ്രാമങ്ങളിൽ താമസിക്കുന്ന എതിർ ചേരിയിൽപ്പെട്ടവർ തങ്ങളുടെ വീടും സ്ഥലവും ഉപേക്ഷിച്ച് ഓടിപോകാൻ നിർബന്ധിതരാകുന്നു. ഇവിടെ വിവാഹം പോലും നിശ്ചയിക്കുന്നത് പാർട്ടിയാണ്. എതിർ ചേരിയിൽപ്പെട്ടവരുമായി വിവാഹം അസംഭവ്യം. സ്വത്തു തർക്കം, വഴിത്തർക്കം, കുടുംബ പ്രശ്നം, പ്രേമം, തുടങ്ങിയ പല പ്രശ്നത്തിലും പാർട്ടിയാണ് തീർപ്പ് കല്പിക്കുന്നത്.

പാർട്ടികൾക്കു വേണ്ടി പൊരുതാനും മരിക്കാനും തയ്യാറായ ചോവേർപ്പടയുണ്ട്. ആർ.എസ്.എസിനു ആയുധ പരിശീലനമുണ്ട്. സിപിഎമ്മും അതിപ്പോൾ അനുകരിക്കുന്നു.

കൊലയ്ക്കും കൊള്ളി വയ്പിനും ശേഷം ആളുകൾ ഗ്രാമങ്ങളിലേക്കാണ് ഓടിയെത്തുന്നത്. പാർട്ടി ഗ്രാമങ്ങളിൽ പൊലീസിനു പോലും കടന്നു വാരാനാവില്ല. ബി.ജെ. പി യുടെ കൊച്ചു ഗ്രാമത്തിൽ റെയ്ഡിനെത്തിയ പൊലീസുകാരെ അടിച്ചോടിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ തലശേരി എ.എസ്‌പി ശ്രീജിത്തിനെ ബോംബെറിഞ്ഞ പത്തായക്കുന്നു ബിജെപിയുടെ ശക്തികേന്ദ്രമാണ്.

പാർട്ടി ഗ്രാമങ്ങളിൽ കൊലയാളി സംഘങ്ങൾക്ക് എല്ലാ സുഖ സൗകര്യങ്ങളും സുരക്ഷിതത്വവും ഏർപ്പാടാക്കിയിട്ടുണ്ട്. പണം, മദ്യം, പെണ്ണ് തുടങ്ങിയ എന്തും. സംഘർഷപ്രദേശത്തെയും ഗ്രാമങ്ങളിലെയും പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആരും തയ്യാറല്ല. വിവാഹാലോചനയുമായി ഇവിടേക്ക് അങ്ങനെ ആർക്കും വരാനും കഴിയില്ല. വിവാഹ ജീവിതം നിഷേധിക്കപ്പെട്ട എത്ര പെൺകുട്ടികൾ ഈ പ്രദേശങ്ങളിലുണ്ട്.

പാർട്ടി ഗ്രാമങ്ങളാണ് ഇവരുടെ ആയുധപ്പുര. കുടിൽ വ്യവസായം പോലെയാണ് ഇവിടെ ബോംബ് നിർമ്മാണം. നാടൻ ബോംബുകൾ അപകടകാരികളായതിനാൽ കൂടുതൽ സൗകര്യപ്രദമായ സ്റ്റീൽ ബോംബുകൾക്കാണ് ഇപ്പോൾ പ്രിയം. മൊന്തപോലുള്ള സ്റ്റീൽ കവചത്തിനുള്ളലിൽ സ്ഫോടക വസ്തുക്കളും തുളച്ചുകയറുന്ന ഗ്ലാസ് കഷ്ണങ്ങളും മറ്റും നിറച്ചാണ് ഇവ ഉണ്ടാക്കുന്നത്.

രാത്രിയുടെ ഏകാന്ത യാമങ്ങളിൽ പാർട്ടി ഗ്രാമങ്ങളിൽ സ്ഫോടന മത്സരം പതിവാണ്. ബോംബ് കൊണ്ടുള്ള ശക്തി പ്രകടനമാണിത്. സിപിഎം ഗ്രാമത്തിൽ ഒരു ബോംബ് പൊട്ടിച്ചു ഭീഷണി മുഴക്കുമ്പോൾ ബിജെപി ഗ്രാമത്തിൽ അതിനെക്കാൾ ശക്തിയുള്ള ബോംബ് പൊട്ടിച്ചു തിരിച്ചടിക്കും. ബോംബു നിർമ്മാണത്തിനിടയിൽ അവ പൊട്ടി പരിക്കേറ്റവരും മരിച്ചവരും നിരവധി.

ഒരു നാൾ ആദർശാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ തട്ടകമായിരുന്ന കണ്ണൂരാണ് ഇപ്പോൾ അക്രമ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായത്. ടിപ്പുവിന്റെ പടയോട്ടം തടഞ്ഞ ജനതായാണിത്. ഫ്രഞ്ച് സൈന്യത്തോടെറ്റുമുട്ടി വീര ചരമം പ്രാപിച്ചവരുണ്ട്. സ്വാതന്ത്രസമരത്തിന്റെ തീച്ചൂളയിൽ മലബാർ വെന്തുരുകി.

ആദ്യം ത്രിവർണ പതാക നെഞ്ചിലേറ്റിയ ജനം. പിന്നീട് ചെങ്കൊടിക്കു കീഴിൽ അണിനിരന്നു. ഇപ്പോൾ കാവിക്കൊടിയും പാറാൻ തുടങ്ങിയിരിക്കുന്നു. കോൺഗ്രസ് മെല്ലേ മാഞ്ഞുകൊണ്ടിരിക്കുന്നു.

1967-ഓടെയാണ് ആർഎസ്എസ് ശാഖകൾ സജീവമായത്. കമ്യൂണിസ്റ്റു പാർട്ടിക്കു കനത്ത വെല്ലുവിളി ഉയരാൻ തുടങ്ങി. ആ വർഷം ആർഎസ്എസ്- സിപിഎം സംഘട്ടനത്തിൽ രണ്ട് ആർ.എസ്.എസുകാർ മരിച്ചു. പിന്നീടു തുടർച്ചയായ ഏറ്റു മുട്ടലുകളിലൂടെ ആർഎസ്എസ് വളർന്നുകൊണ്ടിരുന്നു.

ഒരേ സമയം ആർ.എസ്.എസിനോടും കോൺഗ്രസിനോടും സിപിഎം പൊരുതി. അടിയന്തരാവസ്ഥയിൽ സിപിഎമ്മിനു കഷ്ടകാലമായിരുന്നു. ഇതിനിടയിലാണു ക്രിമിനലുകളുടെയും ഗുണ്ടാ സംഘങ്ങളുടെയും വളർച്ച. എല്ലാ പാർട്ടികളും ഗുണ്ടകളെ വളർത്തി പരിപോഷിപ്പിച്ചു. കൊലയാളി സംഘം പാർട്ടിയുടെ അഭിവാജ്യഘടകമായി.

അടിക്ക് അടി, കൊലയ്ക്കു കൊല എന്നതാണ് ഇവിടുത്തെ നീതി. 98-നവംബർ ഒന്ന്, രണ്ട് തീയതികളിൽ നാലു കൊലയാണു നടന്നത്. ഇരുപക്ഷത്തും ഈ രണ്ടു പേർ വീതം. പ്രവർത്തകനു പകരം പ്രവർത്തകനെ കൊന്നു. ഭാരവാഹിക്കു പകരം ഭാരവാഹിയെ കൊന്നു. ആദ്യകാലങ്ങളിൽ പ്രവർത്തകർ മാത്രമായിരുന്നു ഇര പിന്നീട് നേതാക്കളായി. 1996 മെയ്‌ 25നു ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പന്ന്യൻ ചന്ദ്രൻ കൊല്ലപ്പെട്ടപ്പോൾ ബിജെപി വിറങ്ങലിച്ചു പോയി. ഒന്നര വർഷം തിരിച്ചടിക്കാതെ ബിജെപി തരിച്ചു നിന്നു.

പക്ഷേ ഇതിനെതിരെ പാർട്ടിയിൽ ശക്തമായ വിമർശനം ഉണ്ടാകുകയും അണികൾ കൊഴിയാൻ തുടങ്ങുകയും ചെയ്തു. തുടർന്നാണ് 97 ഒക്ടോബറിൽ സിപിഎം കിഴക്കേ കതിരൂർ ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനെ വധിച്ചുകൊണ്ട് ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ ഇരുപക്ഷവും ഒപ്പത്തിനൊപ്പം മുന്നേറി.

കഴിഞ്ഞ ഓഗസ്റ്റിൽ സിപിഎം സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ കിഴക്കേ കതിരൂരിലുള്ള വീട്ടിൽ വച്ചു ബിജെപി വധിക്കാൻ ശ്രമിച്ചു. സിപിഎമ്മിനെ ഞെട്ടിച്ചു. അതിനു തിരിച്ചടിക്കാൻസിപിഎമ്മിനു സാവകാശമെടുത്തു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് സെപ്റ്റംബറിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. രണ്ട് നവംബർ 25നു സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്ത് പങ്കെടുത്ത കൂത്തുപ്പറമ്പ് രക്തസാക്ഷിത്വ ദിനാചരണം. ഇവ രണ്ടും കഴിഞ്ഞ ശേഷമാണ് സിപിഎം തിരിച്ചടിച്ചത്. കുളിരണിഞ്ഞ ഡിസംബർ ചുടുചോരയിൽ മുങ്ങി.

ഡിസംബർ പുലർന്നത് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണന്റെയും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന കുരുന്നുകളുടെയും നില വിളി കേട്ടുകൊണ്ടാണ് ഇത്രേയും ഭീകരമായൊരു കൊലപാതകം കേരളത്തിന്റെ ചരിത്രത്തിൽ അപൂർവ്വമാണ്. തുടർന്ന് ഇരുപക്ഷവും സംഹാര താണ്ഡവം ആടിയപ്പോൾ ആറു ജീവൻ കൂടി പൊലിഞ്ഞു. ഏഴുപേരിൽ നാലുപേർ സിപിഎമ്മും മൂന്നുപേർ ബിജെപിയുമാണ്. വെട്ടും കുത്തുമേറ്റവർ നിരവധി. സ്വത്തുക്കൾ നഷ്ടപ്പെട്ടവർ നിരവധി.

സമാധാനസന്ധികൾ പാലിച്ച ചരിത്രം ഇരുപക്ഷത്തുമില്ല. നാലു വർഷത്തെ സേവനത്തിനിടയിൽ 95 സമാധാനയോഗങ്ങൾ വിളിച്ച തലശേരി ആർ.ഡി.ഒ മാത്യു എ.സിക്കു ഗിന്നസ് ബുക്കിൽ ഇടം കിട്ടും.

സമാധാനം പുനഃ സ്ഥാപിക്കുന്നതിനു ജസ്റ്റിസ് കൃഷ്ണയ്യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉടമ്പടി ഒപ്പിട്ടു മഷി ഉണങ്ങും മുമ്പാണ് ഇത്തവണ സിപിഎം ജയകൃഷ്ണനെ കൊന്നത്.

1995 ഡിസംബറിൽ സിപിഎം പ്രവർത്തകൻ മാമൻ വാസുവും 1996 മെയ്‌യിൽ ബിജെപി ജില്ലാ സെക്രട്ടറി പന്ന്യന്നൂർ ചന്ദ്രനും വധിക്കപ്പെട്ടതിനു ശേഷം മുന്മന്ത്രി പി.ആർ .കുറുപ്പിന്റെ അധ്യക്ഷതയിൽ പാനൂരിൽ സ്ഥിരം സമാധാന കമ്മിറ്റി ഉണ്ട്. 1996 ജൂൺ 13 നു മുഖ്യമന്ത്രി ഇ.കെ നായാനാർ കൂടി പങ്കെടുത്തു രൂപീകരിച്ച ജില്ലാതല സമാധാന കമ്മിറ്റി ചേർന്നുകൊണ്ടിരുന്നപ്പോഴാണ് ബിജെപി ഒരു സിപിഎമ്മുകാരനെ കൊന്നത്.

കണ്ണൂരിലെ അടിസ്ഥാന പ്രശ്നം എന്താണ്? ഒരുപാടു കാര്യങ്ങൾ ഭിന്നസ്വരത്തിൽ പലരും പറയുമ്പോഴും ഏകസ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. കണ്ണൂർ പരമ്പരാഗതമായി സിപിഎമ്മിന്റെ കോട്ടയാണ്. അവിടെ തങ്ങൾക്കെതിരെ ആരെങ്കിലും വിരലനക്കുന്നതുപോലും ആ പാർട്ടിക്കു സഹിക്കില്ല. ആ വിരൽ അറുത്തുമാറ്റുന്ന കാട്ടു നീതിയാണ് അവിടെ നിലനിൽക്കുന്നത്. ജനാധിപത്യത്തിനു പകരം ഏകാധിപത്യം. അതു ബിജെപിയും മാതൃകയാക്കി.

അങ്ങനെ പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതിനു പകരം ആയുധങ്ങൾ ഏറ്റുമുട്ടുന്നു. തുരുമ്പിച്ച പ്രത്യയശാസ്ത്രത്തെക്കാൾ തിളങ്ങുന്ന കൊടുവാളിനാണു മൂർച്ചയെന്ന് ഇരുപക്ഷവും ധരിക്കുന്നു.

എതിർ കക്ഷിക്ക് അഭിപ്രായ സ്വാതന്ത്രം പോലും നിഷേധിക്കുന്ന പാർട്ടി ഗ്രാമങ്ങളിലെ സാമന്ത രാജാക്കന്മാരുടെയും മാടമ്പികളുടെയും കൗണ്ടർമാരുടെയും മനോഭാവം മാറാതെ കണ്ണൂരിന്റെ കണ്ണീർ നിലയ്ക്കില്ല. ആധിപത്യമല്ല. ജനാധിപത്യമാണ് ശാശ്വത ശാന്തിമാർഗ്ഗം. അപ്പോൾ കൊല്ലാതെയും തോൽപ്പിക്കാനാകും.

ജീവിതമെത്ര കഠോരം സുഹൃത്തേ

ഏഴു ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ച 'ഹൃദയത്തിൽ പട്ടട എരിയുന്നവർ' എന്ന ലേഖന പരമ്പരയിൽ പരാമർശിക്കപ്പെട്ടത് മുപ്പതോളം പേരാണ്. സത്യത്തിൽ നൂറോ,ഇരുനൂറോ,മുന്നൂറോ,ഖണ്ഡശ്ശങ്ങളെഴുതാം. തലശേരി കൂത്തുപറമ്പ് മേഖലയിൽ എവിടെ ചെന്നാലും ഹൃദയത്തിൽ കനലെരിയുന്നവരുണ്ട്. അവർ പത്തോ നൂറോ അല്ല ആയിരങ്ങളാണ്.

മൂന്നു ദശാബ്ദമായി ഇവിടെയുള്ള കുടിപ്പകയുടെ ബലികുടീരങ്ങൾ.
കാലം മായ്ക്കാത്ത മുറിവുകളോ ഓർമ്മകളോ ഇല്ലെന്നാണല്ലോ ചൊല്ല്.അത് വെറും നുണ. എസ്.എസ്.എഫ്.ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീഷ് 94ലാണ് കൊല്ലപ്പെട്ടത്. അഞ്ചു വർഷം കഴിഞ്ഞിട്ടും സുധീഷിന്റെ അമ്മ നളിനി ഒരക്ഷരം പോലും ഉരിയാടാനാവാതെ കണ്ണീർ വാർത്തുകൊണ്ട് എന്റെ മുമ്പിൽ ന്ിന്നു.

ഈ അമ്മയുടെ കണ്ണുകൾ ഇപ്പോഴും കറുത്തു വിങ്ങിയാണിരിക്കുന്നത്.അഞ്ചു വർഷമായി ഉറക്കമില്ലാത്ത രാത്രികൾ. സുധീഷ് ഒറ്റപ്പുത്രനായിരുന്നു. കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ മൂന്നുചൊരിയ എന്ന സ്ഥലത്തുള്ള ഈ വീടിന്റെ പേരു തന്നെ 'സുധീഷ്' എന്നാണ്.

ഞാൻ കണ്ടുമുട്ടിയ 90 ശതമാനം പേരും ഇപ്പോഴും അവരുടെ ഓമനകളുടെ ഓർമ്മകളും പേറിയാണു ജീവിക്കുന്നത്. ഓർമ്മ ഇരമ്പുന്ന ഓർമ്മകൾ. അവയെത്ര വേദനാജനകമാണെന്ന് അനുഭവിക്കുന്നവർക്കെ അറിയൂ.

കണ്ണൂർ കൊലപാതകത്തിന്റെ ഇരകളേറെയും നിർദ്ധനരും നിരാലംബരുമാണ്. ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലാണ് സിപിഎം., ബിജെപി തുടങ്ങിയ ചുരുക്കെഴുത്തുകളുടെ പൂർണ രൂപം പോലും അറിയാത്തവർ. കാക്കയെപ്പോലും കല്ലെറിഞ്ഞു വീഴ്‌ത്താൻ അറിയാത്തവർ. ഭർത്താവ് കൊലക്കത്തിക്കു ഇരയായപ്പോൾ തന്റെ ജാതകദോഷം കൊണ്ടാണെന്നു പറഞ്ഞു ഭർത്യഗൃഹത്തിൽ നിന്നും ആടിയോടിക്കപ്പെട്ട യുവതിയേയും കണ്ടു മുട്ടി. രണ്ടു കുട്ടികളാണിവർക്ക്. അവരെ പോറ്റാൻ തെറ്റിന്റെ വഴി തിരഞ്ഞെടുക്കേണ്ടി വന്ന ഹതഭാഗ്യ.

ക്രിമിനലുകൾക്കു വച്ചു വിളമ്പി അന്തിക്കൂട്ടു കിടക്കുന്ന ഹതഭാഗ്യയെയും കാണാനിടയായി. ഒരക്ഷരം ഉരിയാടാനവൾക്കു ശക്തിയില്ലായിരുന്നു. ഈ സഹോദരിയോട് എന്തെങ്കിലും ചോദിക്കാനുള്ള ശക്തി എനിക്കുമില്ലായിരുന്നു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരുപാട് അമ്മമാരെ കണ്ട്ു. മക്കൾ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നവർക്ക് അറിയില്ല. രാത്രിയിൽ കതകിൽ ആരോ മുട്ടിയപ്പോൾ അതു മകനോ കൊലയാളിയോ എന്നറിയാതെ എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരുന്ന സംഭവം ഏങ്ങലടിച്ചു കൊണ്ടാണ് ഒരമ്മ വിവരിച്ചത്.

കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒന്നേ വേണ്ടു.ഹതഭാഗ്യരെ ഒരു വേദിയിൽ അണിനിരത്തുക. അവരെ കാണുക. അവരെ കേൾക്കുക.

ഈ പഠന പരമ്പരയ്ക്ക് ഒരുപാട് സഹായിച്ച യുവനമോർച്ച വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണൻ മരണത്തിനു ഏതാനും ദിവസം മുമ്പ് പറഞ്ഞ വാക്കുകൾ ആവർത്തിക്കട്ടെ.
' മരിക്കാൻ എളുപ്പമാണ്. പക്ഷേ ഇവിടെ ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണ് സുഹൃത്തേ. ആരോരുമറിയാതെ മരിച്ചു ജീവിക്കുന്നവർ ഒരുപാടുണ്ട്. അത് ബാഹ്യലോകം അറിയണം
അങ്ങനയെ ഇവിടൊരു മാറ്റം വരൂകയുള്ളു.

ചേകവരക്തം: കഴമ്പില്ലാത്ത വാദം

ചേകവരക്തമാണോ കണ്ണൂരിലേ അക്രമവാസനയ്ക്കു പിന്നിൽ? ആരോമൽ ചേകവർ,തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച തുടങ്ങിയ വടക്കൻ പാട്ടുകളിലെ വീരന്മാരുടെ ത്രസിപ്പിക്കുന്ന ചോരയും കഥകളും തലയിലേറ്റുന്നവരാണ് ഇവിടെയുള്ളവർ എന്ന പ്രചാരണം ശരിയല്ല. തിയ്യ സമുദായക്കാരാണ് ഇവിടെ ഏറെയുള്ളത്. ചേകവൻന്മാര് നായന്മാരായിരുന്നു. തിയ്യന്മാർ അണികളായിട്ടുള്ള പാർട്ടിയുടെ നടത്തിപ്പു നായന്മാരും നമ്പൂതിരികളുമാണ്. രാഷ്്ട്രീയസംഘട്ടനത്തിൽ ഇവർ ആക്രമിക്കപ്പെടാറില്ല. സംഘട്ടനത്തിനു ഇരയാകുന്നവർ എവിടെയും പിന്നാക്ക വിഭാത്തിൽപ്പെട്ടവരാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്.

(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

അവസാനിച്ചു