മുംബൈ: ബോളിവുഡിന്റെ സൂപ്പർതാരം ഹൃതിക്ക് റോഷന്റെ 43ാം പിറന്നാൾ ദിനമായിരുന്നു ഇന്ന്. താരങ്ങളും ആരാധകരും ഹൃതിക്കിന് പിറന്നാൾ ആശംസകളുമായി എത്തി. എന്നാൽ ഇതിൽ ഏറ്റവും സ്‌പെഷൽ ഹൃതിക്കിന്റെ മുൻഭാര്യ സുസൈൻ ഖാന്റെ പിറന്നാൾ സന്ദേശമാണ്.

വിവാഹമോചനം നേടിയെങ്കിലും സുസൈനും ഹൃതിക്കും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹൃതിക്കിന് പിറന്നാൾ ആശംസ നേർന്നത്. ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസകൾ നേരുന്നു എന്നായിരുന്നു സുസൈൻ അറിയിച്ചത്.

നേരത്തെ ദുബായിയിൽ ന്യൂഇയർ ആഘോഷിച്ചത് സുസൈനും ഹൃതിക്കും ഒരുമിച്ചായിരുന്നു. മക്കൾക്ക് വേണ്ടി തങ്ങൾ ഒരുമിക്കുമെന്ന് വിവാഹമോചന ഉടമ്പടിയിൽ ഇരുവരും വ്യക്തമാക്കിയിരുന്നു.

വിവാഹമോചനം നേടിയെങ്കിലും പലപ്പോഴും ഹൃതിക്കിനെ പിന്തുണയ്ക്കുന്ന നിലപാടുകളുമായി സൂസൈൻ രംഗത്തെത്തിയിരുന്നു. നടി കങ്കണ റണൗട്ടും ഹൃതിക്കും തമ്മിലുള്ള നിയമം പോരാട്ടത്തിടെയും ഹൃതിക്കിനെ പിന്തുണച്ച് സൂസൈൻ ഉണ്ടായിരുന്നു.