ലണ്ടൻ: ചെലവു ചുരുക്കലിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്‌ബിസി യുകെയിൽ 8000 പേരെ പിരിച്ചുവിടുന്നു. യുകെയിൽ തന്നെ 48,000 ജീവനക്കാരുള്ള എച്ച്എസ്‌ബിസി റീട്ടെയ്ൽ മേഖലയിൽ നിന്നും ഇൻവെസ്റ്റ്‌മെന്റി ബാങ്കിങ് ഓപ്പറേഷൻസിൽ നിന്നുമാണ് പിരിച്ചുവിടലിന് ഒരുങ്ങുന്നത്.

ആഗോള തലത്തിൽ 25,000 പേരെ പിരിച്ചുവിടുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൊത്തം 266,0000 ജീവനക്കാരുള്ള ബാങ്കിന്റെ പത്തു ശതമാനത്തോളം പേരെ പിരിച്ചുവിട്ടാണ് കമ്പനി ചെലവുചുരുക്കൽ നടപ്പാക്കുന്നത്. യുകെ ഹൈ സ്ട്രീറ്റിലുള്ള എച്ച്എസ്‌ബിസി ബാങ്കിനെ റീബ്രാൻഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ പേരു സംബന്ധിച്ച തീരുമാനമൊന്നുമായിട്ടില്ല. 1992-ൽ കമ്പനി വാങ്ങിയ മിഡ്‌ലാൻഡ് ബാങ്കിന്റെ പേരോ അല്ലെങ്കിൽ യുകെയിലെ ഓൺലൈൻ ബാങ്കിന്റെ പേരായ ഫസ്റ്റ് ഡയറക്ടെന്നോ മറ്റോ ആയിരിക്കും പുതിയ പേരെന്നാണ് പറയപ്പെടുന്നത്.

ചെലവു ചുരുക്കൽ കൂടാതെ ബിസിനസ് ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. എച്ച്എസ്‌ബിസിയുടെ ഇൻവെസ്റ്റ്‌മെന്റ് ബിസിനസും റീട്ടെയ്ൽ ബാങ്കിങ് ഓപ്പറേഷനും ഇനി വ്യത്യസ്തരീതിയിൽ പ്രവർത്തിപ്പിക്കാനാണ് ഇത്തരത്തിൽ പിരിച്ചുവിടൽ നടപടിക്രമങ്ങളിലേക്ക് ബാങ്ക് കടന്നത്.