ഡബ്ലിൻ: ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ ലഭ്യമാക്കുന്നതിന്റെ ഭാഗമായി  ജിപിയെ കാണാനുള്ള ശ്രമം മൂന്നു തവണ പരാജയപ്പെടുന്ന കുട്ടികൾക്ക് എച്ച്എസ്ഇ തന്നെ ജിപിയുടെ സേവനം ലഭ്യമാക്കും. രാജ്യത്തെ പല മേഖലകളിലും സൗജന്യ ജിപി സേവനത്തിന് ഡോക്ടർമാർ എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് ആ മേഖലകളിലെ കുട്ടികൾക്ക് ജിപി സേവനം ലഭ്യമാക്കാനുള്ള സാഹചര്യമാണ് എച്ച്എസ്ഇ ഒരുക്കിക്കൊടുക്കുന്നത്. ജിപിയെ കാണുന്നതിനുള്ള ശ്രമം മൂന്നു തവണയും പരാജയപ്പെട്ടാൽ അവർക്ക് എച്ച്എസ്ഇ തന്നെ നേരിട്ട് ജിപി സേവനം ഒരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഫുൾ മെഡിക്കൽ കാർഡ് ഉള്ള കുട്ടികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 58,000 കുറവാണ് ഇക്കൊല്ലം കാണിക്കുന്നത്. മാതാപിതാക്കളുടെ വരുമാനത്തെ അവഗണിച്ച് ആറു വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ജിപി കെയർ ലഭ്യമാക്കണമെന്നുള്ള സർക്കാർ നിബന്ധനയോട് ഏറെ ജിപിമാരും എതിർപ്പു പ്രകടിപ്പിച്ചതാണ് ഫുൾ മെഡിക്കൽ കാർഡ് ഉള്ള കുട്ടികളുടെ എണ്ണത്തിൽ കുറവുവരാൻ കാരണം.

സർക്കാരിന്റെ സൗജന്യ ജിപി കെയറിനോട് അനുഭാവം പ്രകടിപ്പിച്ച് ഒപ്പിട്ട ഡോക്ടർമാരുടെ എണ്ണം ഇന്നലെ 1836 ആയി ഉയർന്നിട്ടുണ്ട്. യോഗ്യതയുള്ള ഡോക്ടർമാരിൽ 75 ശതമാനമാണിത്. അതേസമയം സൗത്ത് ടിപ്പറാറി, വെസ്റ്റ് കോർക്ക്, ഡബ്ലിൻ സൗത്ത്  ഈസ്റ്റ് തുടങ്ങിയ മേഖലയിലെ ഡോക്ടർമാരിൽ ഭൂരിഭാഗവും സൗജന്യ ജിപി കെയറിനോട് എതിർപ്പു പ്രകടിപ്പിക്കുന്നതിനാൽ ഇവിടങ്ങളിലുള്ള കുട്ടികളുടെ ചികിത്സാ കാര്യത്തിലാണ് ഇപ്പോൾ ആശങ്ക നിലനിൽക്കുന്നത്. കൂടാതെ ലൂത്ത്, കിൽഡെയർ, വെസ്റ്റ് വിക്ലോ എന്നിവിടങ്ങളിലും സൗജന്യ ജിപി കെയറിൽ പങ്കാളികളാകുന്ന ഡോക്ടർമാരുടെ എണ്ണം താരമ്യേന കുറവാണ്.

അടുത്താഴ്ച മധ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയിൽ യോഗ്യതയുള്ള 270,000 കുട്ടികളിൽ 46,500 പേർ ഇതുവരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നാണ് എച്ച്എസ്ഇ വെളിപ്പെടുത്തുന്നത്. ജിപിയെ കാണാൻ മൂന്നു തവണ ശ്രമിച്ചിട്ടും സാധിക്കാത്ത കുട്ടികളെ പരിശോധിക്കാനും മറ്റും എച്ച്എസ്ഇ ഒരു ജിപിയെ നിയമിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ഇത്തരത്തിൽ സൗജന്യ ജിപി സേവനം ലഭ്യമാക്കണമെങ്കിൽ കുട്ടികളുമായി മാതാപിതാക്കൾക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു.

സൗജന്യ ജിപി കെയറിൽ കരാർ ഒപ്പിട്ടിട്ടില്ലാത്ത സൗത്ത് ടിപ്പറാറിയിലെ ഡോക്ടർമാർ ചികിത്സയ്‌ക്കെത്തുന്ന കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് പ്രൈവറ്റ് ഫീസ് ഈടാക്കുമെന്നും പിന്നീട് അത് എച്ച്എസ്ഇ ഇൻവോയ്‌സ് ആക്കാൻ മാതാപിതാക്കളോട് നിർദ്ദേശിക്കുമെന്നുമാണ് പറയപ്പെടുന്നത്.