ഡബ്ലിൻ: അയർലണ്ട് മൊത്തം ചർച്ച ചെയ്യപ്പെടുന്ന മസ്തിഷ്‌ക മരണം സംഭവിച്ച ഗർഭിണിയുടെ കാര്യത്തിൽ കോടതി വിധി കാതോർത്ത് രാജ്യം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച ഗർഭിണിയെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. നാലര മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ ജീവൻ രക്ഷിക്കുന്നതിനാണ് യുവതിയെ മരണത്തിനു വിട്ടുകൊടുക്കാതെ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തുന്നത്. അയർലണ്ടിലെ നിയമങ്ങളും ഇത് അനുശാസിക്കുന്നതിനാൽ ആശുപത്രി അധികൃതരും ഇതിന് നിർബന്ധിതരാകുകയായിരുന്നു.

അമ്മയെ മരിക്കാൻ അനുവദിക്കാതെ ഗർഭസ്ഥ ശിശുവിന്റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ ശ്രമകരമായ ദൗത്യം തുടരുന്നതിനിടയിൽ തന്റെ മകളെ മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ ഏറെ ചർച്ചയ്ക്കു വിധേയമായത്. സങ്കീർണമായ ഈ പ്രശ്‌നത്തിൽ ഇന്ന് ഹൈക്കോടതി വിധി പറയും. യുവതി ഇപ്പോൾ മുള്ളിംഗർ ആശുപത്രിയിലാണുള്ളത്.
അതേസമയം യുവതിയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കുടുംബാംഗങ്ങളും അഭിപ്രായം പ്രകടിപ്പിച്ചതിനാൽ ഇക്കാര്യത്തിൽ എച്ച്എസ്ഇ തടസം നിൽക്കില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി. ഇന്നലെ കോടതിയിൽ യുവതിയുടെ പിതാവിന്റെ വാദം കേട്ടതിനു ശേഷം ഇന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

അമ്മയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടും ഭ്രൂണത്തിൽ വളരുന്ന കുട്ടിയുടെ രക്ഷയെക്കരുതി അവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനെതിരേ വ്യത്യസ്ത അഭിപ്രായങ്ങളാണ് രാജ്യത്ത് ഉരുത്തിരിഞ്ഞിരിക്കുന്നത്. രാജ്യം ഏറെ പ്രാർത്ഥനയോടും പ്രതീക്ഷയോടും ഉറ്റുനോക്കിയ സംഭവത്തിൽ വിധി കോടതിക്കു വിടുകയാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ലിയോ വരാദ്കറും പ്രസ്താവിച്ചിരുന്നു. അമ്മയുടെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ നീക്കം ചെയ്യുന്നത് 1983-ലെ ഭ്രൂണ ജീവനാവകാശ ബില്ലിന് എതിരാകുമെന്നതിനാലാണ് ഡോക്ടർമാർ ഇക്കാര്യത്തിൽ കോടതി വിധിക്കായി കാത്തിരിക്കുന്നത്.

ഗർഭസ്ഥ ശിശു പൂർണ വളർച്ച എത്തുന്നതു വരെ അമ്മയെ വെന്റിലേറ്ററിൽ കിടത്തണമെന്നാണ് പ്രോ ലൈഫ് പ്രവർത്തകരുടെ വാദം. കഴിഞ്ഞ ദിവസം കാനഡയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയ യുവതി കുഞ്ഞിനെ പ്രസവിച്ച സംഭവവും ഇവർ എടുത്തുകാട്ടിയിട്ടുണ്ട്. ഹൈക്കോടതി പ്രസിഡന്റ് ജസ്റ്റിസ് നിക്കോളാസ് കെറൻസ് ആണ് ഈ കേസ് പരിഗണിക്കുന്നത്. യുവതിയുടെ കുടുംബാംഗങ്ങളെ പ്രതിനീധികരിക്കുന്നത് മുൻ അറ്റോർണി ജനറൽ ജോൺ റോജേഴ്‌സാണ്.