- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ചൂതാട്ടം കടക്കെണിയിലാക്കി; ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ചു കൊന്നതിന് ശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി; ചൂതാട്ടത്തിന് അടിമപ്പെട്ട് കടുംകൈ ചെയ്തത് ബാങ്ക് ജീവനക്കാരൻ
ചെന്നൈ: ഓൺലൈൻ ചൂതാട്ട ഇരയായി കുടുംബനാഥന് പണം പോയപ്പോൾ അരുംകൊല. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു തമിഴ്‌നാ സ്വദേശി. ചൂതാട്ടത്തെ തുടർന്ന് കടക്കെണിയിൽ ആയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആൺമക്കളായ ധരൺ (10), ധഗൻ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തൂങ്ങിമരിച്ചത്.
തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാർട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മണികണ്ഠൻ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതിനുശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നത്.
ഞായറാഴ്ച പകൽ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികൾ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിൽ പ്രവേശിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠൻ രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാൽ, ഓൺലൈൻ ചൂതാട്ടത്തിൽ സജീവമായിരുന്നുവെന്നും അതിന്റെ പേരിൽ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.
ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന വിലയിരുത്തലിന്റെ പേരിൽ നേരത്തേ സംസ്ഥാന സർക്കാർ തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ