അബുദാബി: അൽഐൻ-അബൂദബി ഹൈവേയിലെ ബനിയാസിൽ ബനിയാസ് കോഓപറേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് തീപിടിച്ച് മലയാളികളുടേതുൾപ്പടെ നിരവധി കടകൾ കത്തിനശിച്ചു. താഴെ നിലയിൽ പ്രവർത്തിക്കുന്ന ബനിയാസ് കോഓപറേറ്റീവ് സൊസൈറ്റി പൂർണമായും അഗ്‌നിക്കിരയായി

ബനിയാസിലെ പഴയകാല കെട്ടിടങ്ങളിലൊന്നിലായിരുന്നു കോഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിൽ ആളപായമില്ല.ബുധനാഴ്ച വൈകീട്ട് 4 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

മുകൾ നിലയിൽ പ്രവർത്തിക്കുന്ന പണവിനിമയ സ്ഥാപനങ്ങൾ, ഇലക്ട്രോണിക് കടകൾ, സുഗന്ധദ്രവ്യ കടകൾ, കളിപ്പാട്ട കടകൾ തുടങ്ങി നിരവധി കടകൾക്കും തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി കരുതുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.