അജ്മാൻ: മലയാളികളടക്കം നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന അജ്മാനിലെ മാസ്‌കിങ് ടേപ്പ് നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം. രാജസ്ഥാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആബ്‌കോ ഇന്റസ്ട്രീസ് എന്ന മാസ്‌കിങ് ടേപ്പ് നിർമ്മാണ കമ്പനിക്കാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയുണ്ടായ തീപിടിത്തം രാത്രി വൈകിയും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.

അഞ്ച് മലയാളികളടക്കം 70ഓളം തൊഴിലാളികൾ ഈ സ്ഥാപനത്തിൽ പണിയെടുക്കുന്നുണ്ട്. പെട്രോളിയം അനുബന്ധ രാസ മിശ്രിതങ്ങളാണ് കമ്പനിയിൽ അധികവും ഉപയോഗിക്കുന്നത്. കമ്പനിയുടെ മൂന്ന് ഗോഡൗണുകളിൽ രണ്ടെണ്ണവും സമീപത്ത് തന്നെയുള്ള താമസ സ്ഥലവും പൂർണമായും കത്തിനശിച്ചു.

കമ്പനിക്ക് സമീപം നിരവധി മലയാളികളുടെ സ്ഥാപനങ്ങളും താമസ സ്ഥലങ്ങളുമുണ്ട്. കമ്പനിക്കടുത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിനും രണ്ട് ഫോർക്ക് ലിഫ്റ്റിനും തീ പിടിച്ചു. ഓഫിസിൽ സൂക്ഷിച്ചിരുന്ന കമ്പനിയിൽ പുതുതായി വന്ന തൊഴിലാളികളുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസും പൊലീസും ഉണർന്ന് പ്രവർത്തിച്ചതിനാൽ അടുത്തുള്ള സ്ഥാപനങ്ങളിലേക്ക് തീ പടർന്നില്ല. സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് കൂടിയുള്ള വാഹന ഗതാഗതവും അധികൃതർ നിരോധിച്ചു.