ന്യൂഡൽഹി: നൂറ് കിലോ ഭാരവും ആറ് മീറ്റർ നീളവുമുള്ള ഭീമൻ പാമ്പിനെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പാമ്പിനെ കണ്ടെത്തിയത് ഝാർഖണ്ഡിലെ ധൻബാദിലെന്നാണ് വ്യാപകമായി പ്രചരിച്ചത്. എന്നാൽ വാർത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുയാണ് പ്രാദേശിക ഭരണകൂടം.

ധൻബാദ് ജില്ലയിൽ എവിടെനിന്നും ഇത്തരത്തിൽ ഒരു പാമ്പിനെ കണ്ടെത്തിയിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പാമ്പിനെ ജെസിബി യന്ത്രം ഉപയോഗിച്ച് ഉയർത്തിയ സംഭവവും ധൻബാദിൽ എവിടെയും നടന്നിട്ടില്ലെന്ന് അവർ പറയുന്നു.

എന്നാൽ ഈ ഭീമൻ പാമ്പിനെ കണ്ടെത്തിയത് ഇന്ത്യയിലല്ലെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. കരീബിയൻ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ട ഡൊമിനിക്കയിലെ മഴക്കാടുകൾ ശുചീകരിക്കുന്നതിനിടെ ചില തൊഴിലാളികളാണ് ഈ പാമ്പിനെ കണ്ടെത്തിയതെന്നും അവിടെ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

 

രാജ്യസഭാ അംഗമായ പരിമൾ നഥ്വാനി ഉൾപ്പെടെയുള്ളവർ പാമ്പിനെ കണ്ടെത്തിയത് ഝാർഖണ്ഡിലാണെന്ന രീതിയിൽ വീഡിയോ സഹിതം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

എട്ട് കോടിയോളം പേരാണ് ടിക് ടോകിൽ ഈ വീഡിയോ കണ്ടത്. മറ്റൊരു വീഡിയോയിൽ ഇതേ പാമ്പിനെ കാറിനുള്ളിലേക്ക് മാറ്റാൻ ആളുകൾ ബുദ്ധിമുട്ടുന്നതും കാണാം.