- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേനൽമഴയും ആശ്വാസത്തിനെത്തുന്നില്ല; എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രിക്ക് മുകളിൽ; ഭീഷണിയാവുന്നത് അന്തരീക്ഷ ആർദ്രത; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളവും ഉഷ്ണതരംഗം ഭീതിയിൽ
കൊച്ചി: ഉത്തരേന്ത്യക്ക് സമാനമായി ഉഷ്ണതരംഗ ഭീതിയിൽ സംസ്ഥാനം.താപതരംഗം പോലെ കേരളത്തിലും വേനൽ കനക്കുകയാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ താപനില 35 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാടാണ് ചൂട് ഏറ്റവും കൂടുതൽ. ജില്ലയിലെ താപനില ഇപ്പോൾ ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കേരളത്തിലെ കൂടിയ ചൂടാണിത്. അതേസമയം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 46ഡിഗ്രി വരെയാണ് താപനില രേഖപ്പെടുത്തുന്നത്. ഇതുവച്ച് നോക്കുകയാണെങ്കിൽ പാലക്കാട് താപനില കുറവാണ്. എന്നാൽ അന്തരീക്ഷ ആർദ്രതയാണ് ഭീഷണിയാവുന്നത്. ഈമാസം മൂന്നുദിവസം ഒഴിച്ചുനിർത്തിയാൽ അറുപതിന് മുകളിലായിരുന്നു അന്തരീക്ഷ ആർദ്രതാ നിരക്ക്. ഏപ്രിൽ 12 ന് അത് 92 വരെയെത്തി. മുപ്പതിനും അൻപതിനും ഇടയിലുള്ള ഹ്യുമിഡിറ്റിയാണ് ഏറ്റവും സുഖകരമായ അന്തരീക്ഷം.
ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനൽ മഴയാണ് ഇത്തവണ ഉഷ്ണതരംഗത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത്. എന്നാൽ ഹ്യുമിഡിറ്റി കേരളത്തെ വിയർപ്പിക്കുകയാണ്. 2016ലാണ് കൊടും ചൂടിലേക്ക് വീണത്. അന്ന് മുതൽ സൂര്യാഘാതം നിത്യസംഭവമായി. 41 ഡിഗ്രിക്ക് മുകളിലെ ചൂടിൽ ചില ജില്ലകൾ അന്ന് പൊള്ളി. ശരാശരി താപനിലയേക്കാൾ 5 മുതൽ 6 ഡിഗ്രി വരെ ഉയർന്നാലേ ഉഷ്ണതരംഗത്തെ ഭയപ്പെടേണ്ടതുള്ളൂ.
അതേസമയം ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം വ്യാപിക്കുകയാണ്.തലസ്ഥാനനഗരമായ ഡൽഹിയിൽ പലയിടത്തും 45 ഡിഗ്രിയിൽ കൂടുതലാണ് താപനില. അഞ്ചു സംസ്ഥാനങ്ങളിൽ ഇതിനകം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കേരളത്തിലും എട്ടു ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നു.
ഉഷ്ണക്കാറ്റുകൂടിയായതോടെ ജനജീവിതം ദുസ്സഹമായി. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം വരും ദിവസങ്ങളിൽ താപനില 2 ഡിഗ്രിവരെ ഉയരാനും സാധ്യതയുണ്ട്. രാജ്യതലസ്ഥാനത്ത് നാലു ദിവസം കൂടി ഉഷ്ണതരംഗം തുടരും.
മധ്യ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും ഉഷ്ണ തരംഗം അടുത്ത 5 ദിവസം കൂടിയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജസ്ഥാൻ, ഡൽഹി, ഒഡീഷ, ഹരിയാന, യു പി സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശമുണ്ട്.പകൽ സമയത്ത് ആളുകൾ തുറസായ സ്ഥലത്ത് നിൽക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് സർക്കാരുകൾ നിർദ്ദേശിച്ചു. മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകി.
മെയ് മാസാവസാനം വരെ ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് റിപ്പോർട്ട് ചെയ്തു. അടുത്ത മൂന്ന് ദിവസങ്ങൾ ഡൽഹിയിൽ 2 ഡിഗ്രി ചൂട് വരെ വർധിക്കാൻ സാധ്യതയുണ്ട്. 43 ഡിഗ്രി മുതൽ ആരംഭിക്കുന്ന താപനില അടുത്ത ആഴ്ചകളിൽ നിലനിൽക്കുമെന്നും സ്കൈമെറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഗുരുഗ്രാമിലും രാജസ്ഥാനിലും അടക്കം താപനില 45 ഡിഗ്രി സെൽഷസ് കടന്നു. ഡൽഹിയിലെ സഫ്ദർജംഗിൽ നാലു ദിവസം മുന്പ് 45 ഡിഗ്രി താപനിലയെത്തിയെങ്കിലും ഇന്നലെ 43.5 ഡിഗ്രിയായിരുന്നു. ഉഷ്ണക്കാറ്റ് ജനജീവിതം ദുഃസഹമാക്കിയിട്ടുണ്ട്.ബിഹാർ, മഹാരാഷ്ട്രയിലെ വിദർഭ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, തെലുങ്കാന സംസ്ഥാനങ്ങളിലും താപനില 43- 45 ഡിഗ്രി സെൽഷസിലേക്കു വർധിച്ചിട്ടുണ്ട്.
മെയ്, ജൂൺ മാസങ്ങളിൽ ഉത്തരേന്ത്യയിൽ ചൂട് ഇനിയും കൂടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുൻ വർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ താപനിലയേക്കാൾ ശരാശരി അഞ്ചു ഡിഗ്രി വരെ ഇത്തവണ കൂടിയിട്ടുണ്ട്. ഇന്ത്യയുടെ 122 വർഷത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടുകൂടിയ മാർച്ച് മാസമാണ് കഴിഞ്ഞുപോയതെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം പകുതിക്കു തുടങ്ങിയ ഉഷ്ണതരംഗം എക്കാലത്തെയും ഏറ്റവും ചൂടേറിയ വേനൽക്കാലം ആക്കുമെന്നാണു മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ ഏറ്റവും നീണ്ടതും രൂക്ഷവുമായ ചൂട് ഇത്തവണ അനുഭവപ്പെടുമെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
മെയ് ആദ്യവാരത്തിന് ശേഷം മഴയെത്തിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു. മധ്യപ്രദേശിലും ഉത്തർപ്രദേശിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കഠനമായ ചൂടുകാലമെന്നാണ് കാലാവസ്ഥ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത വൈദ്യുതി ക്ഷാമവും നേരിടുന്നുണ്ട്. രണ്ടു ദിവസത്തേക്ക് കൂടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള കൽക്കരി മാത്രമേ മഹാരാഷ്ട്രയിലുള്ളുവെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിൽ ഫാക്ടറികളിൽ ഉൾപ്പെടെ നാലു മണിക്കൂർ പവർ കട്ട് ഏർപ്പെടുത്തി. നേരത്തെ, ആന്ധ്രയിയും ഗുജറാത്തിലും സമാനമായ രീതിയിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ