കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ച് സാമൂഹിക മാധ്യത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തയാളുടെ മരണമൊഴിയെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

കോഴിക്കോട് കക്കോടി സ്വദേശി രാജേഷാണ് ആത്മഹത്യ ചെയ്തത്. പൊലീസുകാർ നിരപരാധിയായതന്നെ ഒരു ക്രിമിനൽ കേസിൽ പ്രതിയാക്കിയതായി വീഡിയോ സന്ദേശത്തിൽ പറയുന്നു. പൊലീസ് കംപ്ലയന്റ് അഥോറിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങലെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ പൊലീസുകാർ മറ്റു ചില കേസുകളിലും തന്നെ പ്രതിയാക്കിയെന്ന് ഇദ്ദേഹം പറയുന്നു.

തുടർന്ന് കോടതി റിമാന്റ് ചെയ്യുകയും ഇരുപത് മാസത്തോളം ജയിലിൽ കിടക്കുകയും ചെയ്തു. സ്വന്തമായി അഭിഭാഷകനെ ഏർപ്പാടാക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ജാമ്യം കിട്ടിയില്ല. ഇതിനിടയിൽ താൻ ജന്മനാ ക്രിമിനലാണെന്ന് തെറ്റിദ്ധരിച്ച് ഭാര്യ പിണങ്ങിപ്പോയി. തുടർന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനക്കൊടുക്കിയത്. തന്റെ ആത്മഹത്യ കണ്ടെങ്കിലും അധികാരികൾ കണ്ണു തുറക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവ്.