കൊല്ലം: സാമൂഹിക വിരുദ്ധരുടെ ശല്യം ചെയ്യൽ കാരണം രാത്രി വീട്ടിൽ കഴിയാൻ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയിൽ അഭയം തേടിയ സംഭവത്തിൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കൊല്ലം ജില്ലാകളക്ടറും ജില്ലാപൊലീസ് മേധാവിയും വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതിക്ക് പരാഹാരം കാണണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. ഇവരുടെ നിസ്സഹായാവസ്ഥ സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.

പരാതി പരിഹരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഇരവിപുരത്തെ സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന മഞ്ജുവിന്റെയും മക്കളുടെയും ദുരിതത്തിലാണ് കമ്മീഷൻ ഇടപെട്ടത്. സാമൂഹിക വിരുദ്ധരുടെ ശല്യം മൂലം ഇവർ ട്രെയിനിൽ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താണ് നേരം വെളുപ്പിക്കുന്നത്.

മകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ എടുത്തുകൊണ്ടാണ് ആദ്യം ശല്യം ചെയ്തത്. ഇത് ചോദ്യം ചെയ്തതോടെ വീടുകയറി ആക്രമിക്കുകയായിരുന്നു. കൺട്രോൾ റൂം പൊലീസ് എത്തിയെങ്കിലും ശല്യം ചെയ്യൽ തുടരുകയാണ്. തിങ്കളാഴ്ച വീട്ടിൽ പോകാൻ ധൈര്യമില്ലാതിരുന്ന ഇവർ മക്കളുമൊത്ത് പാർക്കിലിരുന്ന് സമയം ചിലവഴിച്ചു. രാത്രി എറണാകുളത്തേക്ക് യാത്ര ചെയ്യും. രാവിലെ കൊല്ലത്ത് തിരിച്ചെത്തും.

അനാഥാലയത്തിൽ വളർന്ന മഞ്ജുവിന് സുനാമി ഫ്ലാറ്റിൽ താമസസൗകര്യം ലഭിച്ചപ്പോഴാണ് ചില സാമൂഹികദ്രോഹികൾ വാതിലിൽ മുട്ടിയും വൈദ്യുതി ബന്ധം വിഛേദിച്ചും വീടുകയറി ആക്രമിച്ചും ഉപദ്രവിക്കാൻ തുടങ്ങിയത്. തുടർന്നാണ് മഞ്ജുവും രണ്ടു കുട്ടികളും തീവണ്ടിയിൽ അഭയം തേടിയത്.