- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ബാധ്യതയാൽ വൃക്ക വിൽപ്പന: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; റിപ്പോർട്ട് തേടി
തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടർന്ന് വിഴിഞ്ഞത്ത് സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന മാധ്യമ വാർത്തയിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാമെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. എറണാകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. അവയവ ഏജന്റുമാർ വനിതകളുടെ സഹായത്തോടെ തീരദേശത്തെ സ്ത്രീകളെ ഇതിലേക്ക് എത്തിക്കുന്നതെന്നും പരാതിയിലുണ്ട്. അവയവ മാഫിയ ഏജന്റുമാർക്ക് ആശുപത്രികളിൽ നിന്ന് സഹായം ലഭിക്കുന്നതായി പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് വൃക്ക വിൽക്കാൻ തയാറായില്ലെന്ന് ആരോപിച്ചു ഭർത്താവ് മർദ്ദിച്ചെന്ന് ഭാര്യ പരാതി നൽകിയത്. വിഴിഞ്ഞം സ്വദേശി സുജയാണ് ഭർത്താവ് സാജനെതിരെ പൊലീസിൽ പരാതി നൽകിയത്. ഭാര്യയുടെ പരാതിയിൽ കോട്ടപ്പുറം സ്വദേശി സാജനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാര്യ സുജയേയും മക്കളേയും മർദ്ദിച്ചതിനാണ് പൊലീസ് സാജനെതിരെ കേസെടുത്തിരിക്കുന്നതും അറസ്റ്റ് ചെയ്തതും. തന്റെ വൃക്ക വിൽക്കാൻ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മർദനം എന്ന് സുജയുടെ പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ