കോഴിക്കോട്: ഒരു മദ്യാസക്തന് മദ്യം നിഷേധിക്കുന്നത്, അത് ജയിലിൽ വച്ചാണെങ്കിൽപോലും മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ!തടവുകാരനായ യുവാവ് മദ്യം കിട്ടാതെ ജയിലിൽ മരിച്ച സംഭവത്തിൽ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരിട്ടു.

തളിപ്പറമ്പ് ആലക്കോട് സ്വദേശി അനീഷ് കണ്ണൂർ സബ്ജയിലിൽ മരിച്ച സംഭവത്തിലാണ് ഒരു ലക്ഷംരൂപ ജയിൽ അധികൃതർ ധനസഹായം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കെ. മോഹൻകുമാർ ഉത്തരവിട്ടത്. തുക രണ്ടുമാസത്തിനകം നൽകാൻ ജയിൽ വകുപ്പ് സെക്രട്ടറി, ജയിൽ ഡി.ജി.പി, കണ്ണൂർ സബ്ജയിൽ സൂപ്രണ്ട് എന്നിവർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.

'ആൽക്കഹോളിക് വിത്‌ഡ്രോവൽ സിൻഡ്രോമാ'ണ് അനീഷിന്റെ മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജയിൽ ആശുപത്രികളിൽ മതിയായ ആധുനിക ഡീ അഡിക്ഷൻ സെന്റർ സജ്ജീകരിക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.

മദ്യം കിട്ടാതെ തടവുകാർ നരകയാതനയിലൂടെ മരിക്കുന്ന സാഹചര്യം കേരളത്തിൽ വർധിച്ചുവരുകയാണ്. ഇത്തരം തടവുകാരുടെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രം അശക്തവും അപര്യാപ്തവുമാണെന്ന് കരുതാനാവിന്നുല്ലെന്നും കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ലഹരിക്ക് അടിപ്പെട്ടവർ പ്രത്യകേ സാഹചര്യത്തിൽ പൊലീസ് പിടിയിലാകുമ്പോൾ മദ്യം കിട്ടാതെ ജയിലിൽ മരിക്കുന്നത് ഒഴിവാക്കണം.

കഴിഞ്ഞ 15 വർഷത്തിനിടെ മദ്യം കിട്ടാതെ ജയിലിൽ മരിച്ചവരുടെ കണക്ക് ശേഖരിച്ച ശേഷം ജയിൽ വകുപ്പും സർക്കാറും പുനർവിചിന്തനത്തിന് തയാറാകണമെന്നും ഇത്തരക്കാർക്ക് യഥാസമയം ചികിത്സ നൽകാൻ ജയിലധികൃതർക്ക് ബാധ്യതയുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. പെരിന്തൽമണ്ണ സബ്ജയിലിലും സമാന സംഭവമുണ്ടായി. മറ്റു പല കേസുകളും കമീഷന്റെ പരിഗണനയിലുണെന്നും കെ.മോഹൻകുമാർ ചൂണ്ടിക്കാട്ടി.

അതേസമയം കേരളത്തിലെ ബാറുകൾ അടച്ചുപൂട്ടുന്നതോടെ ചുരുക്കം ചിലർക്കെങ്കിലും ഇതുപോലത്തെ അവസ്ഥയുണ്ടാകുണെന്ന ബാറുടമകൾ കോടതയിയിൽ വാദിച്ചിരുന്നെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു.