ദോഹ: ഖത്തറിൽ മരണമടയുന്ന വിദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്ന നടപടികൾ പൂർത്തിയാക്കാൻ ഇനി ഒരു ഓഫീസിൽ എത്തിയാൽ മതി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ഹ്യൂമാനിട്ടേറിയൻ സർവീസസ് ഓഫീസ് എന്നു പേരിട്ടിരിക്കുന്ന ഈ ഓഫീസിൽ എത്തിയാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂർത്തിയാക്കാൻ സാധിക്കും.

ഹമദ് ആശുപത്രിക്കു പിന്നിലായി റിതാജ് ഹോട്ടലിനോട് ചേർന്നാണ് പുതിയ ഓഫീസ് ആരംഭിക്കുന്നത്. 15ന് ഇതിന്റെ ഉദ്ഘാടനം നടത്തും. ഖത്തറിൽ വിദേശി മരിച്ചാൽ മൃതദേഹം നാട്ടിലെക്ക് അയയ്ക്കാൻ ഒട്ടേറെ കടമ്പകൾ പൂർത്തിയാക്കേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിൽ നിന്നു തന്നെ വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും വേണം. കൂടാതെ ഹമദ് മെഡിക്കൽ കോർപറേഷൻ, ആരോഗ്യ ഉന്നതാധികാര സമിതി, പൊതുജനാരോഗ്യമന്ത്രാലയം, എംബസി എന്നിവിടങ്ങൡ നിന്നുള്ള രേഖകളും ശരിയാക്കി വേണം മൃതദേഹം നാട്ടിലേക്ക് അയയ്ക്കാൻ.

എന്നാൽ ഹ്യൂമാനിട്ടേറിയൻ സർവീസസ് ഓഫീസ് ആരംഭിക്കുന്നതോടെ ഇതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കും എന്നതാണ് പ്രത്യേകത. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള എല്ലാ രേഖകളും ഇവിടെ നിന്നു തന്നെ ലഭ്യമാകും. ഖത്തറിലെ വിദേശ പൗരന്മാർക്ക് ഏറെ ഗുണകരമാകുന്നതാണ് ഹ്യൂമാനിട്ടേറിയൻ സർവീസസ് ഓഫീസ്.