സ്ലാമിക് സ്റ്റേറ്റ് ഭീകരവാദം തഴച്ചുവളർന്നതോടെയാണ് ഒറ്റപ്പെട്ട ഭീകരാക്രമണങ്ങൾ പാശ്ചാത്യനാടുകളിൽ പെരുകാൻ തുടങ്ങിയത്. കത്തിയുമായി തെരുവിലേക്കിറങ്ങി വഴിയിൽക്കാണുന്നവരെയെല്ലാം കുത്തിവീഴ്‌ത്തുകയാണ് ഈ ഭീകരാക്രമണ രീതി. ജർമനിയിലെ ഹാംബർഗിലെ സൂപ്പർമാർക്കറ്റിൽ വലിയയ കറിക്കത്തിയുമായി എത്തിയ ഭീകരർ നിരവധിപേരെ ആക്രമിച്ചു. കുത്തേറ്റിവീണവരിൽ ഒരാൾ കൊല്ലപ്പെട്ടു.

അള്ളാഹു അക്‌ബർ എന്നുവിളിച്ചുകൂവിക്കൊണ്ടാണ് ഇയാൾ ആക്രമണം അഴിച്ചുവിട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എഡേക്ക സൂപ്പർമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. അഞ്ചുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇതിലൊരാളാണ് മരിച്ചത്. പുറത്തേക്കോടിയ ഇയാളെ വഴിയാത്രക്കാർ ചേർന്ന് ശ്രമപ്പെട്ട് കീഴ്‌പ്പെടുത്തുകയും പൊലീസിന് കൈമാറുകയും ചെയ്തു.

ആക്രമണത്തിന് പിന്നിലെ യഥാർഥ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുമില്ല. അള്ളാഹു അക്‌ബർ എന്നുവിളിച്ചുകൊണ്ടാണ് ഇയാൾ സൂപ്പർമാർക്കറ്റിൽനിന്നിറങ്ങി ഓടിയതെന്ന് ദൃക്‌സാക്ഷിയായ സ്ത്രീ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഇയാൾ മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കൊള്ളയടിക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, അത്തരത്തിലൊരു ശ്രമമുണ്ടായിട്ടില്ല. ഇതോടെയാണ് ഭീകരാക്രമണം ഉൾപ്പെടെയുള്ള സാധ്യതകൾ പൊലീസ് ആരായുന്നത്. ഈ മാസമാദ്യം ലോകനേതാക്കൾ പങ്കെടുത്ത ജി20 ഉച്ചകോടി നടന്ന നഗരത്തിലാണ് ആക്രമണമുണ്ടായതെന്നത് ശ്രദ്ധേയമാണ്.

സംഭവത്തെത്തുടർന്ന് ഇതുവഴിയുള്ള റോഡ് പൊലീസ് ബ്ലോക്ക് ചെയ്തു. കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഭീകരവിരുദ്ധ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനകൾ നടത്തുന്നുണ്ട്.