കൊച്ചി: കേരളാ ബ്‌ളാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷിക്കാം, അവരുടെ പ്രിയപ്പെട്ട 'ഹ്യൂമേട്ടൻ' തിരിച്ചെത്തുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തി. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് അധികൃതർ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയിലായിരുന്ന ഈ കാനഡക്കാരന്റെ മടങ്ങി വരവ് ബ്ലാസ്റ്റേഴ്സ് ആരാധകർ മതിമറന്ന് ആഘോഷിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യൻ സുപ്പർലീഗ് കണ്ട ഏറ്റവും മികച്ച മദ്ധ്യനിരക്കാരിൽ ഒരാളാണ് ഇയാൻ ഹ്യൂം. ആദ്യ സീസണിൽ ബ്‌ളാസ്റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിച്ചതും മറ്റാരും ആയിരുന്നില്ല. മുൻ ഇംഗ്‌ളീഷ് താരം ഡേവിഡ് ജെയിംസ് പരിശീലിപ്പിച്ച ടീമിന്റെ കുന്തമുന ആയിരുന്നു മലയാളികളുടെ ഹ്യൂമേട്ടൻ. രണ്ടാം സീസണിൽ കൊൽക്കത്തയിലേക്കു കൂടുമാറിയെങ്കിലും കേരളത്തിലേക്കു തിരിച്ചെത്താനുള്ള തന്റെ ആഗ്രഹം ഹ്യൂം എപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് ഇയാൻ ഹ്യൂം ഇന്ത്യയിൽ എത്തിയിരുന്നു. അപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിങ് ഇയാൻ ഹ്യൂം ആകുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. മുൻ ക്ലബ് അത്‌ലറ്റിക്കോ കൊൽക്കത്തയും പൂണെ എഫ് സിയും അടക്കം നിരവധി ക്ലബുകൾ ഓഫറുമായി എത്തിയെങ്കിലും കേരളത്തിൽ കളിക്കാനുള്ള ആഗ്രഹം താരത്തെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ എത്തിക്കുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയത്

കഴിഞ്ഞ തവണ ബ്‌ളാസ്റ്റേഴ്‌സിന് എതിരേ ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത കളിച്ചപ്പോഴും ഹ്യൂം കൊൽക്കത്തയ്ക്ക് ഒപ്പമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിക്കാൻ ഹ്യൂമിന് കഴിഞ്ഞിരുന്നില്ല. ആദ്യ സീസണിൽ കേരളത്തിനു വേണ്ടി 16 മത്സരങ്ങളിലിറങ്ങിയ ഹ്യൂം അഞ്ചു ഗോളുകൾ സ്വന്തം പേരിലാക്കി. ഇതിൽ കൊൽക്കത്തയ്ക്ക് എതിരെ നേടിയ രണ്ടു ഗോളുകളുമുണ്ട്. രണ്ടാം സീസണിൽ കൊൽക്കത്തയ്ക്കു വേണ്ടിയിറങ്ങി എതിരാളികളുടെ ഗോൾവല 11 പ്രാവശ്യം ചലിപ്പിച്ചു. മൂന്നാം സീസണിലും തന്റെ മികവ് ആവർത്തിച്ച ഹ്യൂം ഏഴു ഗോളുകളാണു നേടിയത്. ഇതിനിടയിൽ ഐഎസ്എല്ലിലെ ടോപ്സ്‌കോററുമായി.