ആതൻസ്: ഗ്രീസിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് നൂറുകണക്കിന് വീടുകൾ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഗ്രീക്ക് തലസ്ഥാനമായ ആതൻസിന് വടക്കുള്ള പട്ടണങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയർന്ന താപനിലയും മൂലം തീ അണയ്ക്കാൻ സാധിച്ചിട്ടില്ല.

തീ ആണയ്ക്കാനുള്ള ശ്രമങ്ങൾ അഗ്‌നിരക്ഷാ സേന തുടരുകയാണ്. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ 20 ഓളം വാട്ടർ ബോംബിങ് വിമാനങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. യുകെ, ഫ്രാൻസ്, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.

ആതൻസ് നഗരത്തിന് സമീപം വലിയ തോതിൽ പുകയും ചാരവും എത്തിയത് മൂലം ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. വിവിധ ഇടങ്ങളിൽ തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആറ് മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിൽ പെയ്ത കനത്ത മഴ കാട്ടുതീ തുർക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്.

യൂറോപ്യൻ ഫോറസ്റ്റ് ഫയർ ഇൻഫർമേഷൻ സിസ്റ്റം അനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 56,655 ഹെക്ടർ പ്രദേശമാണ് ഗ്രീസിൽ കത്തിനശിച്ചത്. 2008 നും 2020 നും ഇടയിൽ ഇതേ കാലയളവിൽ കത്തി നശിച്ചത് ശരാശരി 1,700 ഹെക്ടർ വനഭൂമിയാണെന്നാണ് കണക്കുകൾ.