ദുബായ്: ബലിപ്പെരുന്നാൾ പ്രമാണിച്ച് യുഎയിൽ തടവിലാക്കപ്പെട്ട ആയിരത്തോളം പേരെ മോചിപ്പിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് നടപടിക്ക് ഉത്തരവിട്ടത്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരികൾ അറിയിച്ചു. തടവിൽ നിന്നും മോചിപ്പിക്കപ്പെടുന്നവർക്ക് ഒരു പുതു ജീവിതം തുടങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ ഇസ്സാം അൽ ഹുമൈദാൻ പറഞ്ഞു. നടപടി ഉടൻ പൂർത്തിയാക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ നടപടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവരെയാണ് വിട്ടയക്കുന്നത്.നാടുകടത്തൽ ഉത്തരവുള്ളവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കും.  സ്വദേശത്തേക്ക് മടങ്ങാൻ പണമില്ലാത്ത വിദേശികളായ 305 തടവുകാരുടെ യാത്രാ ചെലവുകൾ ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ വഹിക്കും.

ദുബായിലെ വിവിധ തടവറകളിലുള്ള 490 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഉത്തരവിട്ടു.
റാസൽഖൈമയിൽ 238 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു. തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർത്തുകൊടുക്കുമെന്നും ശൈഖ് സൗദ് അറിയിച്ചു.ഷാർജയിൽ 132 തടവുകാരെ വിട്ടയയ്ക്കാൻ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അജ്മാനിൽ 72 പേരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അറിയിച്ചു. 

ഫുജൈറയിൽ വിവിധ രാജ്യക്കാരായ 40 പേരെ മോചിപ്പിക്കും. ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ ഉത്തരവുപ്രകാരമാണിത്. ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടിട്ടുണ്ട്.  അബൂദാബിയിൽ നിന്നും നിരവധി പേരെ വിട്ടയക്കും.